ഇന്ത്യയുടെ സുരക്ഷിത വ്യാപാര കരാറിന് ട്രംപിന്റെ മൗനസമ്മതം

APRIL 30, 2025, 6:42 AM

ഇന്ത്യയുമായുള്ള തീരുവ ചര്‍ച്ചകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്ന് ഇരു രാജ്യങ്ങളും ഉടന്‍ തന്നെ ഒരു വ്യാപാര കരാറിലെത്തുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരിക്കുകയാണ്. മിഷിഗണില്‍ ഒരു റാലിക്ക് മുന്നോടിയായി, 90 ദിവസത്തെ തീരുവ താല്‍ക്കാലിക വിരാമത്തിനിടെ ആഫ്രിക്ക സന്ദര്‍ശിക്കാനും ഓസ്ട്രേലിയന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനും പദ്ധതിയിട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

ട്രംപ് ഭരണകൂടം ഒരു വ്യാപാര കരാറില്‍ എത്തിയെന്നും അത് പ്രഖ്യാപിക്കുന്നതിനായി രാജ്യത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു കരാറില്‍ എത്തിയിട്ടുണ്ട്. പക്ഷേ അവരുടെ പ്രധാനമന്ത്രിയും പാര്‍ലമെന്റും അംഗീകാരം നല്‍കുന്നത് വരെ ഞാന്‍ കാത്തിരിക്കേണ്ടതുണ്ട് എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

വിവിധ രാജ്യങ്ങള്‍ക്ക് ട്രംപ് മറു തീരുവ ഏര്‍പ്പെടുത്തിയതിന് ശേഷം ഇന്ത്യ യുഎസുമായി ഒരു വ്യാപാര കരാറില്‍ ഒപ്പുവെക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാകുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹം കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിരുന്നില്ല. രണ്ടാം തവണയും പ്രസിഡന്റ് പദവിയിലേക്ക് തിരിച്ചെത്തിയ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനം മറു തീരുവ ചുമത്തിയിരുന്നു, പിന്നീട് നിരവധി രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി തീരുവകളില്‍ 90 ദിവസത്തെ താല്‍ക്കാലിക വിരാമം പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യയ്ക്ക് ഉള്‍പ്പെടെ ആശ്വാസമായത്.

ഫെബ്രുവരിയില്‍, ഇന്ത്യയും യുഎസും ഒരു വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ധാരണയില്‍ എത്തിയിരുന്നു. അതുപ്രകാരം ഈ വര്‍ഷം അവസാനത്തോടെ കരാര്‍ നിലവില്‍ വരാനും 2030ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറായി ഉയര്‍ത്താനും ലക്ഷ്യമിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിന് ശേഷം ഇന്ത്യന്‍ വാണിജ്യ മന്ത്രാലയമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസില്‍ ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ചപ്പോള്‍, പുതിയ വ്യാപാര കരാര്‍ എത്രയും വേഗം അന്തിമമാക്കുന്നതിനും തീരുവകളെച്ചൊല്ലി നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇരു നേതാക്കളും സമ്മതം മൂളിയിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചത്.

അമേരിക്കയെ ആകര്‍ഷിക്കുന്നതിനായി ഇന്ത്യ ഊര്‍ജ്ജ, പ്രതിരോധ ചെലവുകളില്‍ നിരവധി ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും, ഒരു കരാറിലും ഇന്ത്യ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് രാജ്യം മുന്‍ഗണന നല്‍കുമെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഇതിനിടയിലും ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ തുടര്‍ന്നിരുന്നു.

സുരക്ഷിത വ്യാപാര കരാറിന് ഇന്ത്യ

ട്രംപ് ഭരണകൂടവുമായി പെട്ടെന്നുള്ള കരാറിന് പ്രേരിപ്പിക്കുന്നതിനാല്‍, മറ്റ് വ്യാപാര പങ്കാളികള്‍ക്ക് മികച്ച നിബന്ധനകള്‍ ഉണ്ടായിരിക്കില്ലെന്ന് ഉറപ്പാക്കുന്നതിലൂടെ പ്രസ്തുത കരാറിന് ഭാവി സുരക്ഷ കൂടിഉണ്ടായിരിക്കുമെന്നാണ് ലഭ്യമായ റിപ്പോര്‍ട്ട്. അതായത് നിലവില്‍ ഇന്ത്യയ്ക്ക് യുഎസ് നല്‍കി വരുന്ന പ്രാധാന്യവും ഇളവുകളും അതേപടി തുടരുന്ന കരാര്‍ ആയിരിക്കും ഭാവിയിലും ഉണ്ടാവുക എന്ന സൂചനയാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.

വ്യാപാരത്തില്‍ ഇന്ത്യ ഇതിനകം തന്നെ നിരവധി വാഗ്ദാനങ്ങളും മുന്‍കൂര്‍ ഇളവുകളും യുഎസിന് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ചൈന, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് നിരവധി യുഎസിന്റെ വമ്പന്‍ വ്യാപാര പങ്കാളികളേക്കാള്‍ ഇന്ത്യ കൂടുതല്‍ ഉത്സാഹം കാണിക്കുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. വൈകാതെ തന്നെ കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam