ആശുപത്രികളിൽ കൃത്യമായ നിരക്ക് വിവരങ്ങളും പരാതി പരിഹാര സംവിധാനവും നിർബന്ധമെന്ന് ആരോ​ഗ്യവകുപ്പ്

JANUARY 19, 2026, 9:38 AM

 തിരുവനന്തപുരം:   കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും  രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്.

ഒരു അത്യാഹിതം സംഭവിച്ച് വരുന്ന രോഗിയെ പ്രാഥമിക ചികിത്സ നൽകി അടിയന്തര സാഹചര്യം തരണം ചെയ്യാൻ സഹായിക്കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുത്. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ അതിനുള്ള യാത്രാസൗകര്യമൊരുക്കണം. ചികിത്സാ വിവരങ്ങളും കൈമാറണം. ഡിസ്ചാർജ് ചെയ്താലുടൻ എല്ലാ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും രോഗിക്ക് നൽകണം.

സംസ്ഥാനത്ത് രജിസ്ട്രേഷൻ ഇല്ലാതെ ഒരു ക്ലിനിക്കൽ സ്ഥാപനത്തിനും പ്രവർത്തിക്കാൻ അനുവാദമില്ല. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കും.

vachakam
vachakam
vachakam

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പൊതുജനങ്ങൾ കാണുന്ന രീതിയിൽ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. ആശുപത്രികൾ,  ലബോറട്ടറികൾ,  ദന്തചികിത്സാകേന്ദ്രങ്ങൾ, ആയുഷ് ആരോഗ്യകേന്ദ്രങ്ങൾ  തുടങ്ങി കിടക്കകളോട് കൂടിയതോ അല്ലാത്തതോ ആയ രോഗനിർണ്ണയം അല്ലെങ്കിൽ പരിചരണം നൽകുന്ന സ്ഥാപനങ്ങളെല്ലാം നിയമപ്രകാരം ക്ലിനിക്കൽ സ്ഥാപനങ്ങളാണ്.

നൽകുന്ന സേവനങ്ങൾക്കും, ചികിത്സയ്ക്കും ബാധകമായ ഫീസ് നിരക്കുകളും പാക്കേജുകളും, പരാതി പരിഹാര ആഫീസറുടെ ഇ-മെയിൽ വിലാസം, പേര്, ഫോൺനമ്പർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി എന്നിവരെ ബന്ധപ്പെടുവാനുള്ള സംവിധാനം, ഫോൺനമ്പറുകൾ തുടങ്ങി രോഗികളുടെ അവകാശങ്ങളും ലഭ്യമായ സൗകര്യങ്ങളുടെ വിവരങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും അഡ്മിഷൻ ഡസ്‌കിൽ/റിസപ്ഷൻ സ്ഥലത്ത് പ്രദർശിപ്പിക്കുകയും സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതുമാണെന്ന്  ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ രാജൻ ഖോബ്രഗഡെ അറിയിച്ചു.

ചികിത്സ, പരിശോധന, മറ്റു സേവനങ്ങൾ (ഇൻറൻസീവ് കെയർ യൂണിറ്റ്/ഓപ്പറേഷൻ തിയേറ്റർ, സ്‌കാനിംഗ്, ലബോറട്ടറി സൗകര്യം, ആംബുലൻസ് സൗകര്യം, എമർജൻസി കെയർ) തുടങ്ങിയവ ഇനം തിരിച്ച് ലഭ്യമാക്കും എന്നും രഹസ്യാത്മകത, വിവേചന രാഹിത്യം, 72 മണിക്കൂറിനുള്ളിൽ  മെഡിക്കൽ രേഖകൾ ലഭ്യമാക്കും എന്നും ഉറപ്പു നൽകേണ്ടതുമാണ്.

vachakam
vachakam
vachakam

അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികൾക്ക് സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ നിന്നും സ്ഥാപനത്തിൽ ലഭ്യമായ സേവനത്തെ സംബന്ധിച്ചും അടിസ്ഥാന നിരക്കുകളും പാക്കേജ് നിരക്കുകളും അവയിൽ ഉൾപ്പെട്ട് വരുന്ന സേവനങ്ങൾ എന്തല്ലാമെന്നും മുൻകൂർ ഡെപ്പോസിറ്റും തുക തിരികെ നൽകുന്നത് സംബന്ധിച്ച സ്ഥാപനത്തിന്റെ നയം, ഇൻഷ്വറൻസ്, ക്യാഷ് ലെസ് ചികിത്സകൾ, ക്ലയിം തീർപ്പാക്കലിന്റെ നടപടിക്രമങ്ങൾ, എസ്റ്റിമേറ്റ്, ബില്ലിംഗ് നയം, ഡിസ്ചാർജ്ജ് നടപടിക്രമങ്ങൾ, ആംബുലൻസിന്റേയും മറ്റു യാത്രാസൌകര്യങ്ങളുടേയും നിരക്കുകൾ 24*7 എമർജൻസി കെയർ പ്രോട്ടോക്കോൾ,  പരാതി പരിഹാര സംവിധാനം എന്നീ വിവരങ്ങളെല്ലാം ഒരു ലഘുലേഖ രൂപത്തിൽ ഡൌൺലോഡ് ചെയ്യുന്നതിന് വെബ്‌സൈറ്റിൽ സൗകര്യം ഏർപ്പെടുത്തുകയോ രോഗിക്ക് നൽകുകയോ പ്രിന്റ് ചെയ് ലഘുലേഖ ആവശ്യപ്പെട്ടാൽ നൽകുകയോ ചെയ്യണം.

എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളിലും ഒരു പരാതി പരിഹാര ഡസ്‌ക്/ഹെൽപ്പ് ലൈൻ ഉണ്ടാകേണ്ടതും എല്ലാ പരാതികൾക്കും തനതായ ഒരു റഫറൻസ് നമ്പർ നൽകി രജിസ്റ്റർ ചെയ്യേണ്ടതും പരാതി കക്ഷിക്ക് എസ്.എം.എസ്, വാട്ട്‌സാപ്പ് അല്ലെങ്കിൽ പേപ്പർ മുഖേന ഒരു കൈപറ്റ് രസീത് നൽകേണ്ടതുമാണ്.  ലഭിച്ച പരാതി 7 പ്രവൃത്തി ദിനത്തിനുള്ളിൽ പരിഹരിക്കേണ്ടതും അപ്രകാരം പരിഹരിക്കപ്പെടാത്തതും ഗൗരവതരവുമായ പരാതികൾ ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റിക്ക്/ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറേണ്ടതുമാണ്.  എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളിലും ഒരു പരാതി രജിസ്റ്റർ ബുക്ക് രൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ സൂക്ഷിക്കേണ്ടതും പരിശോധനയ്ക്ക് വിധേയപ്പെടുത്തേണ്ടതുമാണ്. ലഭിച്ച പരാതികളുടേയും അതിൻമേൽ എടുത്ത നടപടികളുടെയും  സംക്ഷിപ്തം കോമ്പീറ്റൻറ് അതോറിറ്റിക്ക് സമർപ്പിക്കുന്ന പ്രതിമാസ റിപ്പോർട്ടിന്റെ ഭാഗമാക്കേണ്ടതാണ്.

പ്രദർശിപ്പിച്ചിട്ടുള്ളതും ലഘുലേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളതും വെബ്‌സൈറ്റിൽ  നൽകിയിട്ടുള്ളതുമായ നിരക്കുകളിലും പരാതി പരിഹാരത്തിനോ മറ്റേതെങ്കിലും കാര്യത്തിനോ നൽകിയിട്ടുള്ള വിവരങ്ങളിലും മാറ്റം വന്നാൽ അവ അപ്പപ്പോൾ തന്നെ അതതിടങ്ങളിൽ മാറ്റം വരുത്തിയെന്ന് ഉറപ്പുവരുത്തണം.

vachakam
vachakam
vachakam

ക്ലിനിക്കൽ സ്ഥാപനങ്ങൾ എല്ലാ ഉപഭോക്താക്കൾക്കും കൺസൾട്ടേഷൻ, പരിശോധന, ചികിത്സ, മറ്റു സേവനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ നിരക്കുകളും ഉൾപ്പെടുത്തിയ ഇനംതിരിച്ച ബിൽ നൽകേണ്ടതാണ്.  പ്രദർശിപ്പിച്ചിരിക്കുന്ന/ പ്രസിദ്ധീകരിച്ചിരിക്കുന്ന നിരക്കുകളിൽ കവിഞ്ഞ നിരക്ക് ഈടാക്കാൻ പാടില്ല.

സേവനങ്ങളിൽ വരുന്ന അപര്യാപ്തത സംബന്ധിച്ച പരാതികൾ രോഗികൾക്ക് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളിൽ നൽകാവുന്നതാണ്.  കബളിപ്പിക്കലും ചതിയും ഉൾപ്പെടെയുള്ള കേസുകൾ സംബന്ധിച്ച് പോലീസിൽ പരാതി നൽകാം. ഗുരുതരമായ കുറ്റങ്ങളുടെ കാര്യത്തിൽ ചീഫ് സെക്രട്ടറിക്കോ സംസ്ഥാന പോലീസ് മേധാവിക്കോ പരാതികൾ നൽകണം.  പരാതി പരിഹാര സഹായങ്ങൾക്കായി ജില്ല/സംസ്ഥാന ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ഉപദേശവും സഹായവും തേടാവുന്നതാണ്.

ക്ലിനിക്കൽ സ്ഥാപനങ്ങൾ ഇതിലേതെങ്കിലും വ്യവസ്ഥകൾ ലംഘിക്കുന്ന പക്ഷം 2018 ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്‌ട്രേഷനും, നിയന്ത്രണവും) നിയമ പ്രകാരം ശിക്ഷാർഹവും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്യുന്നതിനോ റദ്ദ് ചെയ്യപ്പെടുന്നതിനോ കാരണമാകാവുന്നതും ഇവ സിവിൽ ക്രിമിനൽ നിയമ നടപടിക്രമങ്ങൾ പ്രകാരം രോഗികൾക്ക് ലഭ്യമായ മറ്റു പരിഹാര മാർഗ്ഗങ്ങൾക്കുപരിയായിരിക്കുന്നതുമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam