ജാമിഉൽ ഫുതൂഹിലെ ഗ്രാൻഡ് ഇഫ്താറിന് എത്തിയത് പതിനായിരങ്ങൾ
നോളജ് സിറ്റി: ലഹരിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടം പ്രഖ്യാപിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ നടന്ന ഗ്രാൻഡ് ഇഫ്താർ. ലഹരിക്കെതിരെ മതനേതൃത്വങ്ങളുടെ കൂട്ടായ പ്രവർത്തനമാണ് കാലത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മർകസ് നോളേജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ് ഇന്ത്യൻ ഗ്രാൻഡ് മസ്ജിദിൽ നടന്ന ഇഫ്താർ വിരുന്നിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ആയിരങ്ങളാണ് എത്തിയത്. വിവിധ മത നേതാക്കളും സാമൂഹ്യ രംഗത്തെ പ്രമുഖരുമെത്തിയ ഇഫ്താർ, രാജ്യത്തെ തന്നെ ഏറ്റവും വലിയ നോമ്പ് തുറകളിലൊന്നായി മാറി. ജാമിഉൽ ഫുതൂഹ് അങ്കണത്തിലും പരിസരത്തുമായി ഒരുമിച്ചിരുന്നാണ് നോമ്പ് തുറന്നത്.
ആത്മീയ മൂല്യങ്ങളുടെയും ധാർമിക ബോധത്തിന്റെയും അഭാവമാണ് സമൂഹത്തിൽ അനുദിനം വർധിക്കുന്ന ലഹരി ഉപയോഗങ്ങൾക്കും കൊലപാതകങ്ങൾക്കും കലുഷിത അന്തരീക്ഷങ്ങൾക്കും കാരണം. മത ധാർമിക മൂല്യങ്ങൾ മുറുകെ പിടിക്കുന്നത് പഴഞ്ചൻ സ്വഭാവമാണെന്ന ധാരണയും ലിബറൽ ചിന്താഗതി വിളംബരം ചെയ്യുന്ന സങ്കേതങ്ങളും പുതുതലമുറയെ പല പ്രശ്നങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു.
ധാർമിക മൂല്യങ്ങൾ പിന്തുടർന്നെങ്കിലേ സമാധാന സാമൂഹികാന്തരീക്ഷവും സഹജീവി സ്നേഹവും സഹായ മനസ്കതയും രൂപപ്പെടുകയുള്ളൂ എന്ന് ഇഫ്താർ സന്ദേശത്തിൽ ഗ്രാൻഡ് മുഫ്തി പറഞ്ഞു.
സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ, വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, ജാമിഉൽ ഫുതൂഹ് ചീഫ് ഇമാം ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഫാ. ജോർജ് കളത്തൂർ, ഫാ. പ്രസാദ് ഡാനിയേൽ, സ്വാമി ഗോപാൽജി, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, തുടങ്ങിയവർ സംബന്ധിച്ചു.
ഗ്രാൻഡ് ഇഫ്താറിന് പുറമെ രാവിലെ പത്തു മുതൽ പുരലും വരെ വിവിധങ്ങളായ സംഗമങ്ങളും പ്രഭാഷണങ്ങളും പാരായണങ്ങളും നടന്നു. മഹ്ളറത്തുൽ ബദ് രിയ്യ വാർഷിക സംഗമം, ഖത്മുൽ ഖുർആൻ മൗലിദ് സദസ്സ്, ബദ് രീയം പഠന സംഗമം, പ്രാർഥനാ സംഗമം, തഅ്ജീലുൽ ഫുതൂഹ് പാരായണം തുടങ്ങിയവയാണ് നടന്നത്.
സയ്യിദ് ഐദറൂസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ, സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി കല്ലറക്കൽ, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ, സയ്യിദ് ശാഫി ബാഅലവി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്