നാഗ്പൂര്‍: മഹാരാഷ്ട്രയിലെ സാംഭാജി നഗറില്‍ നിന്ന് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ നാഗ്പൂര്‍ നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ഔറംഗസേബിന്റെ കോലം കത്തിച്ചതോടെ മുസ്ലീം വിഭാഗവും സംഘടിച്ച് രംഗത്തെത്തി. നഗരത്തില്‍ പലയിടത്തും കല്ലേറുണ്ടായി. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള വന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് നഗരത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
സെന്‍ട്രല്‍ നാഗ്പൂരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറുണ്ടായി. ഉച്ചകഴിഞ്ഞ് കോട്വാലി, ഗണേഷ്പേത്ത് എന്നിവിടങ്ങളിലേക്കും അക്രമം വ്യാപിച്ചു. ചിറ്റ്നിസ് പാര്‍ക്ക്, മഹല്‍ പ്രദേശങ്ങളില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.
15 പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 20 ഓളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. 25 ഓളം ബൈക്കുകളും മൂന്ന് കാറുകളും കത്തിച്ചു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 17 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു,
നാഗ്പൂരിലെ മഹല്‍ പ്രദേശത്ത് കല്ലേറും സംഘര്‍ഷാവസ്ഥയും ഉണ്ടായതിനെ തുടര്‍ന്ന് പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഭരണകൂടവുമായി പൂര്‍ണമായി സഹകരിക്കണമെന്ന് ആളുകള്‍ ശാന്തത പാലിക്കണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഭ്യര്‍ത്ഥിച്ചു. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും സമാധാന ആഹ്വാനവുമായി രംഗത്തെത്തി.
നഗരത്തിലെ സ്ഥിതിഗതികള്‍ നിലവില്‍ സമാധാനപരമാണെന്ന് നാഗ്പൂര്‍ പോലീസ് കമ്മീഷണര്‍ ഡോ. രവീന്ദര്‍ സിംഗാള്‍ പറഞ്ഞു. ഒരു ഫോട്ടോ കത്തിച്ചതിനെ തുടര്‍ന്നാണ് അശാന്തി ആരംഭിച്ചതെന്നും ഇത് ആളുകള്‍ തടിച്ചുകൂടുന്നതിലേക്ക് നയിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു. രാത്രി 8 മുതല്‍ 8:30 വരെയായിരുന്നു അക്രമം നടന്നത്, ഈ സമയത്ത് രണ്ട് വാഹനങ്ങള്‍ കത്തിക്കുകയും കല്ലെറിയല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്