ബുർജ് ഖലീഫ മുതൽ ഫ്രീഡം ടവർ വരെ ....

FEBRUARY 1, 2026, 4:38 AM

മൻഹാട്ടനിൽ ഞങ്ങൾ അങ്ങനെ അധികം  പോകാറില്ല. ഏതെങ്കിലും ബന്ധുക്കളോ സുഹൃത്തുക്കളോ നാട്ടിൽ നിന്നോ മറ്റോ വരുമ്പോൾ ന്യൂയോർക് നഗരി കാണിക്കലിന്റെ ഭാഗമായി മൻഹാട്ടനിൽ എത്തുമ്പോളാണ്   ഒരിക്കൽ ഭൂമിക്കും സ്വർഗ്ഗത്തിനും ഇടയിൽ ഒരു കോവണി പോലെ നിന്നിരുന്ന ട്രേഡ് സെന്റർ കെട്ടിട സമുച്ഛയങ്ങൾ വീണു മരിച്ച ശ്മശാന ഭൂവിൽ വീണ്ടും കാലുകുത്തുന്നത്. അമേരിക്ക കാരന്റെ തന്നെയല്ല, എഞ്ചിനീറിങ് വൈദഗ് ധ്യത്തിന്റെ തന്നെ അഭിമാനമായി നട്ടെല്ലുയർത്തി ഒരു കാലത്തു വിലസിച്ചിരുന്ന മനോഹര സൗധങ്ങൾ. ഇന്നിവിടെ ഓർമ്മകൾ ഉറങ്ങുന്ന ഈ അക്കല്ദാമയിൽ, ചോരയുടെ മണമുള്ള, പുകയും ചാരവും അന്തരീക്ഷത്തിൽ ഒരു മേഘം പോലെ തളം കെട്ടി നിൽക്കുന്ന, ഏതോ ശോകഗാനത്തിന്റെ അകമ്പടിയോടെ മനസിനെ വിഷാദത്തിന്റെ ഗർത്തങ്ങളിലേക്ക് കൊണ്ടുപോകുന്ന ഒരു അജ്ഞാതമായ ഏതോ വികാര വേലിയേറ്റം മനസ്സിൽ മൂടൽ മഞ്ഞു പൊതിയുന്ന പ്രതീതി. ഇവിടെ നിൽകുമ്പോൾ ഉള്ളിന്റെ ഉള്ളിൽ എവിടെ നിന്നോ ഒരു വിതുമ്പൽ തികട്ടി വരുന്നത് പോലെ. ജീവിതം എന്നും ഒരു പോലെ നല്ലതിന്റെ ഭാഗത്തേക്ക് മാത്രം ചലിക്കുന്ന ഒരു പെൻഡുലം അല്ലല്ലോ. ആശ്വാസത്തിന് വേണ്ടി ആയിരിക്കാം, മനസ്സ് അതിന്റെ സ്ഥിരം പണി തുടങ്ങി.

ഒരു കൊച്ചു കുളിർകാറ്റിനോടോപ്പം ഓർമ്മകൾ വർഷങ്ങൾക്ക് പിറകിലേക്ക് ഒഴുകി ഒഴുകി അറിയാതെ കടന്നു വന്ന ജീവിത വഴികളിലൂടെ തിരിഞ്ഞു നടക്കുകയാണ്. തെങ്ങും മാവും പ്ലാവും കശുമാവും ഒക്കെ നിറഞ്ഞ തൊടിയിലൂടെ ഓടി നടന്ന ബാല്യം. ദൈവ തുല്യരായ മാതാപിതാക്കൾ. കഠിനാധ്വാനിയായിരുന്ന അപ്പൻ മാത്രമായിരുന്നു ഞങ്ങളുടെ വീട്ടിലെ ഏക ആൺ തരി. ഏഴു പെൺമക്കളിൽ ആറാമത്തെ ആൾ അകാൻ ഭാഗ്യം കിട്ടി, ഭാഗ്യം എന്ന് പറയാമോ എന്നറിയില്ല. നാട്ടുകാർ ഏറെ സഹതാപത്തോടെ അപ്പനെ നോക്കി അല്പം അവജ്ഞയോടെ ഇങ്ങേർ ഈ ഏഴു പെൺപിള്ളേരുമായി എങ്ങനെ ജീവിക്കും. ഇവരുടെ ഭാവി എന്താകും എന്നെല്ലാം ഉത്കണ്ഠാകുലരായി. കോട്ടയത്തെ അക്കാലത്തെ ഏറ്റവും വലിയ പ്രൈവറ്റ് ബസ് കമ്പനിയിലെ  മെക്കാനിക്കായിരുന്നു അപ്പൻ. അപ്പൻ നടക്കുന്നത് അധികം ആരും കണ്ടിട്ടില്ല, ഓട്ടമാണ് , ഏഴു പെണ്മക്കളുടെ ഭാരം മുഴുവൻ തലയിൽ വഹിച്ചു കൊണ്ടുള്ള നിർത്താതെയുള്ള ഓട്ടം.

വെളുപ്പിന് നാടും നാട്ടുകാരും ഉണരും മുമ്പേ എഴുനേറ്റു പറമ്പിൽ കൃഷി പണി ചെയ്യും. വർക് ഷോപ്പിൽ പോവാൻ അഞ്ചു മിനിറ്റുള്ളപ്പോൾ കുളിച്ച് എന്തെങ്കിലും കഴിച്ചു പിന്നൊരു ഓട്ടമാണ്. പശുവിനെ വളർത്തിയും മറ്റും അമ്മയും കഴിവതും അപ്പനെ സഹായിക്കും. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ അപ്പൻ ഏറെ ശ്രദ്ധിച്ചു. ഏറ്റവും മൂത്തയാൾ, കുഞ്ഞമ്മ പത്താം ക്ലാസ് പാസ്സായി. വർക്ക് ഷോപ്പിലെ ഒരു മേസ്തിരിയുടെ പരിചയക്കാരന്റെ ശുപാർശയിൽ കുഞ്ഞമ്മക്ക് നേഴ്‌സിങ് സ്‌കൂളിൽ അഡ്മിഷൻ കിട്ടി. അപ്പന്റെ ഭാരം കൂടി, ഓട്ടത്തിന്റെ വേഗവും കൂടി. കാലവും അപ്പനെക്കാളും വേഗത്തിൽ ഓടി. കുഞ്ഞമ്മ നഴ്‌സിംഗ് പാസ്സായി, അവിടെത്തന്നെ ജോലിയും കിട്ടി. അപ്പന് പോസ്റ്റുമാൻ നൂറ്റിഇരുപത് രൂപയുടെ ഒരു മണി ഓർഡർ കൊണ്ട് വന്നു കൊടുത്തു. മകളുടെ ആദ്യത്തെ ശമ്പളം!. അപ്പന്റെ കണ്ണു നിറഞ്ഞൊഴുകി. തന്റെ ഇല്ലായ്മയിലും അതിൽ നിന്നും ഒരു രൂപ പോലും എടുക്കാതെ പള്ളിയ്ക്ക് കൊണ്ട് കൊടുത്തു ആ പിതാവ് !. കുഞ്ഞമ്മ പഠിച്ച നഴ്‌സിംഗ് സ്‌കൂളിൽ തന്നെ അനിയത്തി ലീലാമ്മക്കും എസ്.എസ്.എൽ.സി പാസ്സായപ്പോൾ  അഡ്മിഷൻ തരപ്പെടുത്തി.

vachakam
vachakam
vachakam

താഴെയുള്ളവരെല്ലാം തരക്കേടില്ലാതെ പഠിക്കുന്നുണ്ട്. കുഞ്ഞമ്മയുടെ മണി ഓർഡർ എല്ലാ മാസവും വന്നു കൊണ്ടിരുന്നു. അപ്പൻ ഒരു സൈക്കിൾ വാങ്ങി. അപ്പന് വേണ്ടി അപ്പനെയും വഹിച്ചു കൊണ്ട് സൈക്കിൾ ഓടാൻ തുടങ്ങി. ആയിടക്കാണ് സൗദി അറേബ്യയിലെ ഹെൽത്ത് മിനിസ്ട്രിയിൽ നിന്നും ഒരു ഗ്രൂപ്പ് വന്നു കുഞ്ഞമ്മ ജോലി ചെയ്യുന്ന മെഡിക്കൽ കോളേജിൽ നിന്നും കുറെ ആൾക്കാരെ റിക്രൂട്ട് ചെയ്തത്. കുഞ്ഞമ്മയും ഇന്റർവ്യൂ അറ്റൻഡ് ചെയ്യുകയും സെലക്ട് ചെയ്യപ്പെടുകയും അധികം താമസിയാതെ സൗദി അറേബ്യയിൽ അൽകോബാറിലെ ഒരു ഹോസ്പിറ്റലിൽ ജോലിയായി. അപ്പന് കിട്ടികൊണ്ടിരുന്ന മണിഓർഡറിന്റെ സ്ഥാനത്തു പല നിറത്തിലുള്ള വരകളുള്ള കവറിൽ ഡ്രാഫ്റ്റ് വരാൻ തുടങ്ങി. പതുക്കെ പതുക്കെ ജീവിത സാഹചര്യങ്ങൾ മാറി മാറി മെച്ചപ്പെട്ട സാഹചര്യങ്ങളിലേക്കു നീങ്ങി. ആറാം നമ്പർ അഥവാ സുജാത എന്ന സുജുവിന്റെ സ്‌കൂൾ കോളേജ് ജീവിതങ്ങൾ സാമ്പത്തികമായി അത്ര പ്രയാസമൊന്നും ഉള്ളതായിരുന്നില്ല.

അപ്പൻ അനാവശ്യമായി അഞ്ചു പൈസ ചിലവാക്കുന്ന ആൾ ആയിരുന്നില്ല. അതുകൊണ്ടു വീട്ടിൽ ഒന്നിനും കുറവില്ലെങ്കിലും ധാരാളിത്തം എന്തെന്ന് വീട്ടിൽ ആരും അറിഞ്ഞിട്ടില്ല. സ്‌കൂൾ കഴിഞ്ഞു പട്ടണത്തിൽ കോളേജ് അഡ്മിഷൻ കിട്ടി. പട്ടണത്തിലെ കോളേജിലെക്കുള്ള പ്രൈവറ്റ് ബസ് യാത്ര എല്ലാവരെയും പോലെ ഒത്തിരി ഒത്തിരി ഓർമ്മകൾ, ചിലത് സുഖമുള്ളതും, ചുരുക്കം ചിലത് അത്ര സുഖമില്ലാത്തതും. സുഖമുള്ളതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുന്ന സഹ യാത്രികരുടെ കൂട്ടത്തിലെ ഒരു പൊടി മീശകാരൻ, നാണം കുണുങ്ങി ചെറുക്കൻ. നോട്ടത്തിലും ഭാവത്തിലും ആ നാണത്തിൽ പൊതിഞ്ഞ അവന്റെ ഒളി നോട്ടം എന്തോ തന്നോട് പറയാനുണ്ട് എന്ന് പറയാതെ പറയുന്നത് പോലെ തോന്നി. പക്ഷെ ആ പൊടി മീശക്കാരൻ നാണം കുണുങ്ങി അറിയാതെ അവളുടെ മനസിന്റെ ഏതോ ഒരു കോണിൽ സുഖമുള്ള എന്നാൽ എന്താണെന്നു പറയാൻ പറ്റാത്ത എന്തോ ആയി കയറി കൂടിയോ?.

നിലാവുള്ള രാത്രി ! ഇഷ്ടപ്പെട്ട പാട്ടിന്റ ശീലുകൾ ആകാശത്തിൽ എവിടെയോ അലയടിക്കുന്നുണ്ട്. പാട്ടിന്റെ ഉല്ഭവം എവിടെയാണെന്ന് ഉൽകണ്ഠ യോടെ തിരഞ്ഞു. അകലെ കുന്നിൻ ചെരുവിൽ  നിറയെ പൂക്കളുമായി ഒരു ദേവദാരു മരം. അതിൽ നിന്നും പൂക്കൾ ഒരു പൂമഴയായി പെയ്യുകയാണ്. അതിന്റെ ചോട്ടിൽ തലയിൽ ആകെ ദേവദാരു പൂക്കളുമായി അതാ ആ മുറിമീശക്കാരൻ പൂക്കൾ തീർത്ത തലപ്പാവണിഞ്ഞു കള്ളച്ചിരിയുമായി വിദൂരതയിൽ കണ്ണും നട്ടു നിൽക്കുയാണ്. എന്ത് ചെയ്യണം? അറിയില്ല. പക്ഷെ കാലുകൾ ആരുടെയും ഉത്തരവിന് കാത്തുനിൽക്കാതെ ആ പൂമര ചോട്ടിലേക്കു നീങ്ങി. തന്നെ കണ്ടയുടൻ മുറിമീശക്കാരന്റെ കൈകൾ നീണ്ടു. ആ കൈകളിൽ ചുറ്റി അവന്റെ മാറിലേക്ക് പടർന്നു കയറാൻ പിന്നെ അധികം സമയം വേണ്ടി വന്നില്ല.

vachakam
vachakam
vachakam

ആ സംഗമത്തിന് അധികം ആയുസ്സുണ്ടായില്ല, സ്വപ്ങ്ങൾ അങ്ങനെ ആണല്ലോ. ഉറക്കം ഉണർന്നപ്പോൾ മുറിയിലാകെ ഒരു സുഗന്ധം ! ദേവദാരു പൂക്കളുടെ ഗന്ധം ഇങ്ങനെ ആണോ ? ആർക്കറിയാം. രാവിലെ എല്ലാത്തിനും പതിവില്ലാത്ത ഒരു ഉത്സാഹം. പെട്ടെന്ന് റെഡിയായി കഴിച്ചെന്നു വരുത്തി ബസ് സ്റ്റോപ്പിലേക് ഓടി. കണ്ണുകൾ അവിടെയെല്ലാം ഇന്നലത്തെ സ്വപ്‌നത്തിലെ നായകനെ പരതി നടന്നു. നിമിഷങ്ങൾക്ക് ദിവസങ്ങളുടെ ദൈർഘ്യം അനുഭവപ്പെടുകയാണ്. താൻ ഒരു പ്രണയിനി ആവുകയാണോ? ഒടുവിൽ അതാ തന്റെ സ്വപ്‌നത്തിലെ നായകൻ പതിവ് കള്ളച്ചിരിയുമായി നടന്നുവരികയാണ്. കള്ളൻ എന്തോ സ്വകാര്യം പറയാൻ ഉള്ളത് പോലെ നോക്കുകയാണ്. ഇനി ഒരേ സ്വപ്‌നം രണ്ടാളും കണ്ടിരിക്കുമോ ആവോ?

കെ.കെ. റോഡും നാടും നാട്ടുകാരും എല്ലാം മാറി, റോഡ് മൊത്തം റബ്ബേറൈസ്ഡ് ചെയ്ത് കുട്ടപ്പനാക്കി! കാലം വരുത്തിയ മാറ്റം. പഴയ ബസ് സ്റ്റോപ്പ് ഉണ്ടായിരുന്ന സ്ഥലത്തു ഇപ്പോൾ വിശാലമായ ബസ് സ്റ്റാൻഡ് ആണ്. പൊടിമീശക്കാരൻ ചെറുക്കൻ, അജി, അജിത് ചാക്കോ ദുബായിക്ക് പോയി അവന്റെ ചേട്ടൻ അവിടെ തരക്കേടില്ലാത്ത നിലയിൽ ആണ് പോലും. ബോംബയിലെ അറിയപ്പെടുന്ന നഴ്‌സിംഗ് കോളേജിൽ നിന്നും പ്രശസ്തമായ നിലയിൽ തന്നെ നഴ്‌സിംഗ് ഡിഗ്രി പാസ്സായി പുറത്തു വന്ന ഉടൻ ദുബായിലേക്ക് പോകാൻ സുജുവിനും വഴി ഒരുങ്ങി. ദുബായിലെ ജോലി, ജീവിതം സ്വപ്‌ന തുല്യമായിരുന്നു. ദുബായ് എയർപോർട്ടിലെ പെർഫ്യൂം വിൽക്കുന്ന വർണ്ണ മനോഹരമായ കടകളിലെ പോലെ വർണാഭമായ, സുഗന്ധ പൂരിതമായ ജീവിതം. നല്ല ശമ്പളം, നല്ല കൂട്ടുകാർ, ശമ്പളത്തോടു കൂടിയ അവധി, നാട്ടിലേക്ക് പോകാൻ ഫ്രീ ടിക്കറ്റ് എന്ന് വേണ്ട ജീവിതം അതിന്റെ എല്ലാ നിറപ്പകിട്ടുകളോടും കൂടി മുമ്പിൽ നിന്നു പൂത്തിരി കത്തിക്കുകയാണ്.

ഇതിന്റെയൊക്കെ കൂട്ടത്തിൽ ഇഷ്ടപെട്ട പുരുഷനെ ജീവിത പങ്കാളി ആയി കിട്ടുക കൂടി ചെയ്താലോ? അതും നടന്നു എന്ന് പറഞ്ഞാൽ മതിയല്ലോ. ജീവിതത്തിന്റെ അർത്ഥം മുഴുവനായി വന്ന പോലെ അവരുടെ  ജീവിതത്തിലേക്ക് മനോഹരമായ ഒരു സമ്മാനമായി രണ്ടു കൊച്ചു അതിഥികൾ വന്നു. സെറിനും റോഹാനും. ജീവിതം ഒത്തിരി തിരക്കുള്ളതായെങ്കിലും ജീവിക്കാൻ മറന്നില്ല. കൂട്ടുകാർ, പ്രാർഥന ഗ്രൂപ്പ് അങ്ങനെ ജീവിതം ശരിക്കും ആസ്വദിച്ച നാളുകൾ.  ജീവിതത്തിൽ അനുഭവിച്ച സന്തോഷത്തിന്റെ ഗ്രാഫ് എടുത്താൽ ബുർജ് ഖലീഫക്കും മുകളിൽ പോകുന്ന നാളുകൾ ആയിരുന്നു ദുബായ് ജീവിതം ഇതിന്റെ ഇടയിൽ രണ്ടു ചേച്ചിമാർ അമേരിക്കയിൽ എത്തി . 

vachakam
vachakam
vachakam

ആയിടക്ക് സുജുവിന്റെ കൂട്ടത്തിൽ ജോലി ചെയ്യുന്ന കുറെ പേർ CGFNS പരീക്ഷ എഴുതി അമേരിക്കയിലേക് പോയി. അങ്ങനെ അമേരിക്ക എന്ന സ്വപ്‌ന ഭൂവിലേക്ക് പറക്കാൻ ആ കൊച്ചു കുടുംബവും കൊതിച്ചു. കുട്ടികൾക്കു അത്ര വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു എന്ന് വേണം പറയാൻ. പരീക്ഷ പാസായി സുജുവും അജിയും മക്കളും ന്യൂയോർക്കിൽ എത്തി. ചേട്ടത്തിയും കുടുംബവും അവരെ സ്വീകരിക്കാൻ എത്തിയിരുന്നു. മക്കൾ അമേരിക്കൻ സ്‌കൂളിൽ ചേർന്നു. അജി സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിൽ ജോലി തുടങ്ങി. സുജു സിറ്റിയിലെ തിരക്കേറിയ കാൻസർ സെന്ററിൽ ശ്വാസം വിടാൻ പോലും സമയം കിട്ടാതെ ഓരോ ദിവസങ്ങളും കഴിച്ചു കൂട്ടി. ദുബായിലെ നല്ല നാളുകളെ കുറിച്ചുള്ള ചിന്തകൾ ന്യൂയോർക് ജീവിതത്തെ അല്പം ദുഷ്‌കരമാക്കി എന്ന് പറയാം. മഞ്ഞും മഴയും വേനലും എല്ലാമായി കാലം പിന്നെയും മുമ്പോട്ടു പോയി. ജീവിതം എന്തെല്ലാം പഠിപ്പിച്ചു? വാനം മുട്ടെ നിൽക്കുന്ന ബുർജ് ഖലീഫ മുതൽ കരിഞ്ഞ  സ്വപ്‌നങ്ങളുടെ ചാരം പൂശി നിൽക്കുന്ന ഫ്രീഡം ടവർ വരെ.

ശൈത്യ കാലത്തിന്റെ വരവറിയിച്ചുകൊണ്ടു ചക്രവാളത്തിൽ പിങ്ക് നിറത്തിലുള്ള മേഘങ്ങൾ പ്രത്യക്ഷമായി. ഹഡ്‌സൺ നദിയിലൂടെ പോകുന്ന ടൂറിസ്റ്റ് ഷിപ്പിൽ നിന്നുള്ള വലിയ സൈറൺ കേട്ട് ഓർമയിൽ നിന്നും ഞെട്ടി ഉണർന്നു. ' നമുക്ക് പോകേണ്ടേ, കൂടുതൽ ഇവിടെ നിന്നാൽ പാർക്കിംഗ് ഫീസ് കൊടുക്കാൻ സെക്കന്റ് മോർട്ടഗേജ് എടുക്കേണ്ടി വരും' അജി പതിവില്ലാതെ ഇന്നൊരു തമാശ ലൈനിൽ ആണ്. വിരുന്നുകാർ ഉള്ളതിന്റെ സ്‌പെഷ്യൽ ആയിരിക്കും.

ജേക്കബ് ജോൺ, കുമരകം

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam