2006ലെ തെരഞ്ഞെടുപ്പു വിശേഷങ്ങൾ കെങ്കേമമാണ്. കരുണാകരനും ഉമ്മൻചാണ്ടിയും തമ്മിൽ മാത്രമല്ല താഴേതലത്തിൽ ഓരോ മണ്ഡലത്തിലും ഈ ബന്ധത്തിന്റ അസ്വീകാര്യത ഇരുപക്ഷവും വെളിപ്പെടുത്തിത്തുടങ്ങി. ഇത് മുൻ കോൺഗ്രസ് നേതാവായിരുന്ന എം.എ .ജോണിന്റേയോ കോടോത്ത് ഗോവിന്ദൻ നായരടേയോ കാര്യം മാത്രമല്ല. ഡി.ഐ.സി മത്സരിക്കുന്ന 18 ഇടത്തും കോൺഗ്രസിന്റെ വിമതർ പ്രത്യക്ഷപ്പെട്ടേക്കാം.
സത്യത്തിൽ ഭരണം മികച്ചതായിരുന്നിട്ടും കേരള ജനത യു.ഡി.എഫ് മുന്നണിയെ തറപറ്റിച്ച ചരിത്രമാണ് 2006ലെ തെരഞ്ഞെടുപ്പിൽ സംഭവിച്ചത്. എ.കെ. ആന്റണിയുടേയും ഉമ്മൻചാണ്ടിയുടേയും ഭരണകാലം ജനക്ഷേമകരമായിരുന്നില്ല എന്നു പറയാനാകില്ല. എന്നാൽ സംഘടനാരംഗത്ത് പ്രത്യേകിച്ച് കോൺഗ്രസ്സ് നേതൃത്വത്തിൽ ഉരുണ്ടുകൂടിയ തമ്മിലടി ജനങ്ങൾക്ക് ഏറെ മടിപ്പുളവാക്കി. അത് യു.ഡി.എഫ് എന്ന ഐക്യമുന്നണിക്കും ഒട്ടേറെ പ്രശ്‌നങ്ങൾ ഉണ്ടാക്കി.
യു.ഡി.എഫിലെ സീറ്റ് പങ്കിടീൽ പുതിയ കലാപങ്ങൾക്ക് വഴിമരുന്നിട്ടിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥികൾ തന്നെ രംഗത്തെത്തുന്നു. ചരിത്രത്തിൽ അപൂർവ്വവും അത്ഭുതകരവുമായ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ച യു.ഡി.എഫ് അക്ഷരാർത്തത്തിൽ ധർമ്മസംങ്കടത്തിൽ പെട്ട് ഉഴലുന്ന കാഴ്ചയാണ് കാണാൻകഴിയുന്നത്.
2006 മാർച്ച് 27ന് അരങ്ങേറിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ തന്നെ ഒരു പ്രകടനത്തിൽ നിന്നും നമുക്ക് കോൺഗ്രസിന്റെ ദയനീയത വായിച്ചെടുക്കാം. അദ്ദേഹവും ഭാര്യ മറിയാമ്മയും ദൽഹിയിൽ നിന്നുമുള്ള വിമാനത്തിൽ മുംബയിൽ ഇറങ്ങി അവിടെ നിന്ന് തിരുവനന്തപുരത്തേക്കുള്ള മറ്റൊരു ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ കയറി. അവർ വിമാനത്തിലെ താണ ക്ലാസിലേക്ക് ഇരിക്കാൻ വരുന്നതു കണ്ടപ്പോൾ യാത്രക്കാർ പലരും അത്ഭുതപ്പെട്ടപോയി. മുഖ്യമന്ത്രിയും ഭാര്യയും ഇക്കോണമി ക്ലാസിലോ..?
പോരെങ്കിൽ അദ്ദേഹം ദാവോസിലെ വീഴ്ചയിലൂടെ സംഭവിച്ച എല്ലൊടിവു മൂലം വല്ലാതെ ബദ്ധപ്പെടുന്ന അവസ്ഥയിലും. വാക്കറിന്റെ സഹായത്തിൽ നടന്നു വരുന്ന മുഖ്യമന്ത്രിയെ കണ്ടവരുടെയൊക്കെ മുഖത്ത് ഏറെ സഹതാപം. കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഹൈക്കമാൻഡുമായി ചർച്ചകൾക്കു ശേഷം മടങ്ങുകയായിരുന്ന മുഖ്യമന്ത്രിയുടെ ഗതികേടിന്റെ സൂചകമായിരുന്നു ഒരർത്ഥത്തിൽ അദ്ദേഹത്തിന്റെ ഇക്കോണമി ക്ലാസ് യാത്ര. സീറ്റ് കിട്ടി, പക്ഷേ ഏറ്റവും മികച്ച ബിസിനസ് ക്ലാസിലല്ല, രണ്ടാം ക്ലാസിൽ ആണെന്നേ ഉള്ളൂ. പൂർണ തൃപ്തിയില്ല, മോശമായില്ലെന്നു മാത്രം.
ഹൈക്കമാൻഡ് അംഗീകരിച്ച ആദ്യത്തെ 71 അംഗ സ്ഥാനാർത്ഥിപ്പട്ടികയിൽ കയറിപ്പറ്റിയ ഭൂരിപക്ഷവും പണ്ട് എ ഗ്രൂപ്പിലും ഇന്ന് ഉമ്മൻചാണ്ടിയുടെ സ്വന്തമായ ''ഓ'' ഗ്രൂപ്പിലും പെട്ടവരാണെന്നത് ശരിയാണ്. പക്ഷേ എണ്ണത്തിൽ മാത്രമേ ചാണ്ടിക്ക് തൃപ്തിപ്പെടാൻ വഴിയുണ്ടായുള്ളൂ. ഗുണത്തിലും മുമ്പന്മാരെന്ന് ചാണ്ടി കരുതുന്ന തന്റെ ഏറ്റവും അടുത്ത സംഘക്കാരിൽ പലർക്കും പല കാരണങ്ങളാൽ സീറ്റ് നിഷേധിക്കപ്പെട്ടു. ബെന്നി ബെഹനാൻ, എം.ഐ. ഷാനവാസ്, ആന്റോ ആന്റണി, ഏറ്റവും ഒടുവിൽ ആ സംഗത്തിൽ ഇടം നേടിയ എം.എം ഹസൻ, കെ.പി. വിശ്വനാഥൻ, കെ.കെ. രാമചന്ദ്രൻ എന്നിവരൊക്കെ അതിൽ പെട്ടു. എന്തായാലും ഇതിൽ കോടതിക്കേസുകളിൽ പ്രതികളായതിന്റെ പേരിൽ ടിക്കറ്റ് നിഷേധിക്കപ്പെട്ട വിശ്വനാഥനും രാമചന്ദ്രനും ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ട് ടിക്കറ്റ് ഉറപ്പാക്കുന്നതിൽ അദ്ദേഹം പിന്നീട് വിജയിച്ചു എന്നൊരാശ്വാസം മാത്രം!
ലീഡർ കരുണാകരന്റെ ഡി.ഐ.സിക്ക് 18 സീറ്റ് കൊടുക്കേണ്ടി വന്നതും ഈ ബന്ധത്തിനെതിരെ കോൺഗ്രസിൽ ഏകാങ്കപ്പോരാട്ടം നടത്തിയ ഉമ്മൻചാണ്ടിക്ക് തിരിച്ചടിയായിരുന്നു. 15 സീറ്റിൽ ഒരെണ്ണം കൂടിയാൽ അത് പുതുപ്പള്ളി ആയിരിക്കുമെന്ന് പരിഹസിച്ച ആളാണ് അദ്ദേഹം. കൈപ്പത്തിയിലല്ലാതെ സ്വന്തം ചിഹ്നത്തിലൊന്നും മത്സരിക്കാൻ ഡി.ഐ.സിയെ അനുവദിക്കില്ലെന്ന വാശിയും മുഖ്യമന്ത്രിക്ക് ഉപേക്ഷിക്കേണ്ടി വന്നു.
എന്തായാലും ഉമ്മൻചാണ്ടി ഒരു സുപ്രധാന വസ്തുത അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. താൻ തുറന്നു തന്നെ എതിർത്തിരുന്ന ഡി.ഐ.സി ബന്ധം കൊണ്ട് യു.ഡി.എഫിന് ഗുണമോ ദോഷമോ ഉണ്ടാകുക എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം അതിന്റെ ഉരകല്ല് വരുന്ന തെരഞ്ഞെടുപ്പു തന്നെയായിരുന്നു. ഈ നീക്കുപോക്ക് ഗുണമാകുമെന്ന് വെറുതേപോലും പറയാൻ അവസാന നിമിഷവും അദ്ദേഹം തയാറാകുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഉമ്മൻചാണ്ടി പറയാതെ പറയുന്ന ആശങ്കകൾ അസ്ഥാനത്തല്ലെന്നതിന്റെ സൂചനകൾ തുടക്കത്തിൽ തന്നെ വന്നുതുടങ്ങുകയും ചെയ്തിരുന്നു.
അതിൽ ഏറ്റവും മുഖ്യം തെരഞ്ഞെടുപ്പു കഴിയമ്പോൾ ഡി.ഐ.സി കോൺഗ്രസിൽ ലയിക്കുമെന്ന് ഉറപ്പു തന്നിട്ടുണ്ടെന്ന ഉമ്മൻചാണ്ടിയുടെ പ്രസ്താവനയ്‌ക്കെതിരെ കരുണാകരൻ നടത്തിയ രോഷപ്രകടനം തന്നെ. ചാണ്ടി പതിവുപോലെ കളവ് പറയുകയാണെന്ന് വരെ സൂചിപ്പിക്കാൻ കരുണാകാരന് മടി ഉണ്ടായില്ല. തൽക്കാലം ലയനം അജണ്ടയിലില്ലെന്ന് മുരളിയും വെളിപ്പെടുത്തിയിരുന്നു. പക്ഷേ ഒരു നിമിഷം മുമ്പ് പറഞ്ഞത് പോലും നാവ് തൊടാതെ വിഴുങ്ങി നേരെ എതിരായി പറയുന്നതിൽ സർവകാല റെക്കോഡ് സ്ഥാപിച്ചവരാണ് ഈ അച്ഛനും മകനും എന്നതിനാൽ ഒരു നിവൃത്തിയുമില്ലെങ്കിൽ ലയനത്തിന് വഴങ്ങാനും അവർക്ക് മടിയുണ്ടാകണമെന്നില്ല.
പക്ഷേ ഈ ബന്ധമാകെ വെറും നിവൃത്തികേട് കൊണ്ടാണെന്നതിന്റേയും ആദ്യത്തെ അവസരത്തിൽ തന്നെ അത് പൊട്ടിപ്പൊളിയുമെന്നതിന്റേയും വ്യക്തമായ സൂചനകളാണിതൊക്കെ തെരഞ്ഞെടുപ്പിനു മുമ്പേ തന്നെ തെളിഞ്ഞുതുടങ്ങുകയും ചെയ്തിരുന്നു. കരുണാകരനും ഉമ്മൻചാണ്ടിയും തമ്മിൽ മാത്രമല്ല താഴേതലത്തിൽ ഓരോ മണ്ഡലത്തിലും ഈ ബന്ധത്തിന്റ അസ്വീകാര്യത ഇരുപക്ഷവും വെളിപ്പെടുത്തിത്തുടങ്ങി. ഇത് മുൻ കോൺഗ്രസ് നേതാവായിരുന്ന എം.എ. ജോണിന്റേയോ കോടോത്ത് ഗോവിന്ദൻ നായരുടേയോ കാര്യം മാത്രമല്ല. ഡി.ഐ.സി മത്സരിക്കുന്ന 18 ഇടത്തും കോൺഗ്രസിന്റെ വിമതർ പ്രത്യക്ഷപ്പെട്ടേക്കാം. ഇനി അഥവാ ഏതാനും ഇടങ്ങളിൽ പ്രത്യക്ഷമായി സ്ഥാനാർത്ഥികൾ വന്നില്ലെങ്കിൽ തന്നെ പരസ്യമായിപ്പോലും ശത്രുപക്ഷങ്ങളിൽ നിലയുറപ്പിക്കുകയാണ് ഇരു ചേരികളിലേയും പ്രവർത്തകർ. തങ്ങളുടെ സീറ്റുകളിൽ വിമതർ തലപൊക്കുന്നതിന്റെ തിരിച്ചടിയായി കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഇടങ്ങളിലൊക്കെ ഡി.ഐ.സിക്കാർ സോദ്ദേശ്യപ്രവർത്തനങ്ങൾ തീർച്ചയാക്കിയിരിക്കുകയാണ്.
സ്വന്തം ചേരിയിൽ നിന്ന് അവസാന ദിനങ്ങളിൽ മറുചേരിയിലേക്കു പോയ 25ഓളം പേർക്ക് ഡി.ഐ.സി ഒരുക്കി വച്ചിരിക്കുന്ന പ്രഹരങ്ങൾ വേറെ. അതിലൊന്നും തെല്ലും അത്ഭുതപ്പെടാനുമില്ല. ഇന്നലെവരെ പരസ്പരം കണ്ടാൽ കടിച്ചുകീറുമെന്ന നിലയിലായിരുന്നവർക്കെല്ലാം നേതാക്കളുടെ മലക്കം മറിച്ചിലുകൾ അനുസരിച്ച് കൂടെ ചാടാൻ ആകണമെന്നില്ലല്ലോ. ഇത് കോൺഗ്രസും ഡി.ഐ.സിയും തമ്മിലെ പോരാണെങ്കിൽ മറ്റ് പലയിടങ്ങളിലും ഡി.ഐ.സിക്കുള്ളിൽ നിന്ന് തന്നെ ഡി.ഐ.സി സ്ഥാനാർത്ഥികൾക്കെതിരെ പ്രത്യക്ഷമായി രംഗത്തു വരുന്നവർ കുറവല്ല.
പ്രവർത്തകർ തെരഞ്ഞെടുപ്പിലെങ്കിലും അംഗീകരിച്ച് വോട്ട് ചെയ്യുമെന്ന് വാദത്തിന് സമ്മതിച്ചാൽ തന്നെയും ജയിച്ചാലും തോറ്റാലും രണ്ടു ചേരിയും തമ്മിൽ അവസാനിക്കാത്ത യുദ്ധങ്ങൾക്കുള്ള വഴിമരുന്നാണ് ഇതെന്ന് ആർക്കാണറിയാത്തത്.
(തുടരും)
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്