ആന കുളം കലക്കും: ആര് മീൻ പിടിക്കും?

APRIL 17, 2024, 4:38 PM

കുറേക്കാലമായി മായാവതിയുടെ ശബ്ദം എവിടെയും കേട്ടിട്ടില്ല. ഉത്തർപ്രദേശിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ മായാവതി പൂർണമായി അസ്തമിച്ചു എന്നു കരുതിയവർ ഏറെയുണ്ട്. മായാവതിയുടെ വോട്ട് ബാങ്കിൽ ഇപ്പോൾ എത്ര നിക്ഷേപം കാണും? മായാവതിയുടെ ആനയുടെ ശക്തിയാണ് പ്രധാനം. വിസ്മയമായിരുന്നു മായാവതി. കാൻഷിറാം തുടക്കമിട്ട ദളിത് ബഹുജൻ മുന്നേറ്റത്തിന്റെ മുൻനിരയിൽനിന്ന് മായാവതി യുപിയെ മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തെ തന്നെ നിയന്ത്രിച്ചു. ദളിത് മുദ്രാവാക്യം മുന്നിൽനിർത്തി അവർ കരുത്തുകാട്ടി.

പിന്നീട് ഒരുഘട്ടത്തിൽ ബ്രാഹ്മിൺ-ദളിത് ഐക്യമെന്ന സന്ദേശം കൊടുത്ത് വിജയക്കൊടി നാട്ടി ഏവരെയും അത്ഭുതപ്പെടുത്തി. ദളിത് രാഷ്ട്രീയത്തിന്റെ ആശയ എതിരാളിയായ ബ്രാഹ്മിൺ വിഭാഗമാവുമായി മായാവതിക്ക് കൈകൊടുക്കാനായത് എങ്ങനെയെന്ന് അത്ഭുതം കൂറി.  അതിൽ കാര്യമുണ്ടായിരുന്നു. പിന്നീടിങ്ങോട്ട് മായാവതിയുടെ പാർട്ടി ക്ഷയിച്ചു. അവരുടെ ശബ്ദം യുപിയിൽ ദുർബലമായി. ദളിത് അനുയായികൾ പുതിയ രക്ഷകരെ തേടി.

ബി.ജെ.പിയുടെ ബിടീം എന്ന വിമർശനം ഏറ്റവും യോജിക്കുക ഇപ്പോൾ മായാവതിക്കാണ് എന്ന് കരുതുന്നവരുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദമായി മായാവതി സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളുടെ യഥാർഥ ഗുണഭോക്താക്കൾ ബി.ജെ.പിയാണ്. അതുകൊണ്ടുതന്നെ സമാജ് വാദി പാർട്ടി, കോൺഗ്രസ് എന്നിങ്ങനെ ഇതര പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ആ വിമർശനത്തെ തള്ളിക്കളയാൻ കഴിയില്ല. ദളിതരോടായിരുന്നു സവർണർക്ക് അയിത്തം. ബ്രാഹ്മിൺ ചങ്ങാത്തത്തിന് ശേഷം മായാവതി അയിത്തം എസ്.പി, കോൺഗ്രസ് പാർട്ടികളോടായി. അടുപ്പം ബി.ജെ.പിയോടും.

vachakam
vachakam
vachakam

ഈ തെരഞ്ഞെടുപ്പിൽ യുപിയിൽ എന്തായാരിക്കും മായാവതിയുടെ റോൾ? കണക്കുകൂട്ടൽ തെറ്റില്ലി. അവർ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചു. ആകെയുള്ള 80 സീറ്റുകളിൽ 46 സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ ബി.എസ്.പി ഉണ്ടാക്കാൻ പോകുന്ന വിള്ളലുകളെ കുറിച്ച് മറ്റ് പാർട്ടികൾക്ക് ആശങ്കയുണ്ടക്കി. ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർഥികളിൽ 11 പേർ മുസ്ലീം പേരുകാരാണ്. എല്ലാവരും തന്നെ ന്യൂനപക്ഷങ്ങൾ ശക്തമായി ഉള്ള പശ്ചിമ യുപിയിലെ സഹരാൻപൂർ, മൊറാദാബാദ്, രാംപൂർ, സംഭാൽ, അംറോഹ്, ആഓംല, പിലിബിത്, മധ്യ യുപിയിലെ കനൗജ്, ലക്‌നൗ എന്നിവടങ്ങളിൽ. എസ്പിയുടെ ആദ്യ പട്ടികയിൽ ഇടം പിടിച്ച മുസ്ലീം സ്ഥാനാർഥികളേക്കാൾ കൂടുതൽ വരും ഇത്. ഫലത്തിൽ ഇതുണ്ടാക്കുക മുസ്ലീം, ന്യൂനപക്ഷ വോട്ടുകളുടെ ഭിന്നിപ്പ് ആണ്. അതിന്റെ ഫലം ലഭിക്കുക ബി.ജെ.പിക്കും.

ബ്രാഹ്മിൺ കൂട്ടുകെട്ട് ഇത്തവയും ഉണ്ടെന്ന് തോന്നിപ്പിക്കാനുള്ള ശ്രമവും മായാവതി നടത്തുന്നു. ആദ്യ 46 പേരുടെ പട്ടികയിൽ 10 ശതമാനം പേർ ബ്രാഹ്മിൺ ആണ്. എന്നാൽ, ഇതേ ഏതെങ്കിലും തരത്തിൽ ബി.ജെ.പി വോട്ടുകളെ ഭിന്നിപ്പിക്കും എന്ന സൂചന ഇപ്പോഴില്ല. കാരണം, ഭൂരിപക്ഷ ഹിന്ദു വിഭാഗത്തെ ഉൾക്കൊള്ളാൻ ബി.ജെ.പിയുള്ളപ്പോൾ അവർക്ക് മായാവതിയെ പോലെ ദുർബലമായ ഒരു പാർട്ടി സംവിധാനത്തിലേക്ക് ബദൽ മാർഗം തേടി ചേക്കേറേണ്ടതില്ല. ദളിത് മുദ്രാവാക്യം വെക്കുന്ന പാർട്ടിയിൽ ബാക്കിയേ വരുന്നുള്ളൂ ദളിത് സ്ഥാനാർഥികൾ.

ബി.ജെ.പിക്ക് എതിരെ ശക്തമായ വിമർശനവുമായാണ് മായാവതിയുടെ പാർട്ടി പ്രചാരണം തുടങ്ങിയത്. പുതിയ ബാബറി മസ്ജിത് നിർമ്മിക്കും എന്നാണ് ബി.എസ്.പി നേതാവ് ആകാശ് ആനന്ദ് പ്രഖ്യാപിച്ചത്. ഇതൊരു വാചകമടി മാത്രമാണെന്ന് എല്ലാവർക്കും അറിയാം. പക്ഷെ തങ്ങൾ ബി.ജെ.പിക്ക് എതിരാണെന്ന തോന്നൽ ശക്തമാക്കാൻ ഇത്തരം പ്രയോഗങ്ങളിലൂടെ കഴിയുമെന്നാണ് ബി.എസ്.പിയുടെ കണക്കുകൂട്ടൽ.

vachakam
vachakam
vachakam

മായാവതി പശ്ചിമ യുപിയിൽ നടത്തിയ റാലികളിലെല്ലാം ബി.ജെ.പിക്ക് എതിരെ തന്നെ വിമർശനം ഉന്നയിച്ചിട്ടുണ്ട്. പാർട്ടി എന്ന നിലയിൽ ശക്തി ചോരുന്നുവെങ്കിലും അടിത്തട്ടിലുള്ള തങ്ങളുടെ വോട്ട് ബാങ്കിനെ തൃശങ്കുവിലാക്കി മാറ്റാൻ മായാവതിയുടെ ഈ വാഗ്‌വിലാസങ്ങൾകൊണ്ട് കഴിയും. അതാണ് ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഗുണം ചെയ്യുക.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്പിയുമായി സംഖ്യത്തിലായിരുന്നു ബി.എസ്.പി. 10 സീറ്റുകൾ നേടുകയും ചെയ്തു. എസ്പിയേക്കാൾ സീറ്റുകളുടെ എണ്ണത്തിൽ കരുത്തുകാട്ടി. പക്ഷെ, അന്ന് ജയിച്ച ബി.എസ്.പി അംഗങ്ങളിൽ പലരും ആ കപ്പൽ ഉപേക്ഷിച്ചു. 2014ൽ ബി.എസ്.പിക്ക് ഒരു സാന്നിധ്യവും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. എസ്പിയുടെ കൂടി പിന്തുണയോടെയാണ് 2019ൽ മറ്റൊരു ചിത്രം ലഭിച്ചത്. ഇത്തവണ തനിച്ച് മത്സരിക്കമ്പോൾ മായാവതി ഉണ്ടാക്കുന്ന ആഘാതം ഏത് തരത്തിലായിരിക്കും എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

ചൗക്കിദാർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam