തൃശ്ശൂർ: സ്ത്രീധനം വേണ്ടെന്ന മനോഭാവം സമൂഹത്തിലും രൂഢമൂലമാകേണ്ടതുണ്ടെന്ന് വനിത കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ. കേരള വനിതാ കമ്മീഷൻ തൃശ്ശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച സ്ത്രീധനം സാമൂഹിക വിപത്ത് - അവബോധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമ്മീഷൻ അംഗം.
സ്ത്രീധനത്തിനെതിരെ തുടർച്ചയായി നടത്തുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ യുവാക്കൾക്കിടയിൽ മാറ്റം കൊണ്ടുവരുന്നുണ്ട്. എന്നാൽ ഈ മാറ്റത്തിൻ്റെ പ്രതിഫലിക്കണമെങ്കിൽ രക്ഷിതാക്കളും സമൂഹവും സ്ത്രീധന വിരുദ്ധ മനോഭാവം സ്വീകരിക്കേണ്ടതുണ്ടെന്നും അഡ്വ. ഇന്ദിര രവീന്ദ്രൻ പറഞ്ഞു.
സ്ത്രീധന നിരോധനത്തിനും സ്ത്രീകളുടെ സുരക്ഷയ്ക്കുമായി നിരവധിയായ നിയമങ്ങൾ നാട്ടിലുണ്ട്. നിയമങ്ങളുടെ അഭാവമല്ല, അവയെക്കുറിച്ച് ബോധവൽക്കരിക്കപ്പെടാത്തതാണ് സാമൂഹിക മുന്നേറ്റങ്ങൾക്ക് തടസ്സമാകുന്നതെന്നും കമ്മീഷൻ അംഗം ചൂണ്ടിക്കാട്ടി.
വനിതാകമ്മീഷൻ അംഗം വി.ആർ. മഹിളാമണി അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസ് വി. എസ് വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാബിറ, കെ.എസ് ജയ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ക്യാമ്പയിനിൽ 'സ്ത്രീധനം സാമൂഹിക വിപത്ത്' എന്ന വിഷയവുമായി ബന്ധപ്പെട്ട് കില ജൻഡർ സ്കൂൾ കോർഡിനേറ്റർ കെ. പി. എൻ അമൃത ക്ലാസ്സ് എടുത്തു. തുടർന്ന് സ്ത്രീധനത്തിനെതിരെ പ്രതിജ്ഞ ചെയ്തു. വനിതാ കമ്മീഷൻ റിസർച്ച് ഓഫീസർ അർച്ചന എ. ആർ സ്വാഗതവും തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസറും ജില്ലാ സ്ത്രീധന നിരോധന ഓഫീസറുമായ മീര പി നന്ദിയും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്