തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിന് മുമ്പേ തന്നെ കുട്ടികളുടെ കൈകളിൽ പാഠപുസ്തകവും സൗജന്യ കൈത്തറി യൂണിഫോമും എത്തിക്കുന്നതു ഭരണപരമായ മികവിന്റെ ഉദാഹരണമാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകത്തിന്റെയും സൗജന്യ കൈത്തറി യൂണിഫോമിന്റെയും വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മുമ്പുണ്ടായിരുന്ന കാലതാമസങ്ങൾ മറികടന്ന് സമയബന്ധിതമായി വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പാക്കുന്നത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമാകുന്നു. സംസ്ഥാനത്ത് ആയിരക്കണക്കിന് റോബോട്ടിക് ലാബുകൾ സ്ഥാപിച്ച് സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്കും ആധുനിക സാങ്കേതിക വിദ്യകൾ പഠിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംവിധാനത്തിലൂടെ ഈ സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുകയാണ്.
കിഫ്ബി ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ നിരവധി സർക്കാർ സ്‌കൂളുകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങൾ നിർമ്മിച്ച് വിദ്യാലയങ്ങളെ കൂടുതൽ ആകർഷകമാക്കാൻ കഴിഞ്ഞു. അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന സർക്കാർ സ്‌കൂളുകളിൽ ഇന്ന് വിദ്യാർത്ഥി പ്രവേശനം വർധിച്ചു. ജനകീയ വിദ്യാഭ്യാസ കേന്ദ്രങ്ങളായി പൊതുവിദ്യായങ്ങൾ മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ മാറ്റങ്ങൾ മനസ്സിലാക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 3D മോഡലിംഗ് തുടങ്ങിയ പുതിയ പഠന മേഖലകൾ സിലബസിന്റെ ഭാഗമാക്കിയതിലൂടെ കുട്ടികളെ ഭാവിയിലേക്ക് സജ്ജരാക്കുന്നു. വിദ്യാർത്ഥികൾക്കായി അപകട/ലൈഫ് ഇൻഷുറൻസ് പരിരക്ഷയും സൗജന്യ ഹെൽത്ത് കാർഡും ഉൾപ്പെടുന്ന സുരക്ഷാ പദ്ധതികൾ നടപ്പിലാക്കി. പാവപ്പെട്ട കുടുംബങ്ങൾക്ക് വലിയ പിന്തുണ നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
പരീക്ഷാഫലം വരുന്നതിന് മുമ്പേ പുസ്തകങ്ങൾ അച്ചടിച്ച് വിതരണം നടത്തുന്നത് ആസൂത്രണമില്ലായ്മയല്ല, മറിച്ച് നിശ്ചയദാർഢ്യത്തിന്റെ ഭാഗമാണ്. സർക്കാർ വിദ്യാലയങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ നടത്തുന്ന ശ്രമങ്ങളെ തുഗ്ലക്ക് പരിഷ്‌കാരം എന്ന് വിശേഷിപ്പിക്കുന്നത് വിദ്യാഭ്യാസ പുരോഗതിയെ ചെറുക്കുന്ന നിലപാടാണ്. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പാക്കി അവരുടെ ഭാവി സുരക്ഷിതമാക്കുന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
