ബിരിയാണിയില്‍ സോപ്പ് നിര്‍മ്മാണത്തിനുള്ള രാസവസ്തു: പനിനീര്‍ നിര്‍മ്മാണ യൂണിറ്റ് പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം

AUGUST 6, 2026, 12:52 AM

കോഴിക്കോട്: ബിരിയാണിക്കും മധുരപലഹാരങ്ങള്‍ക്കും സുഗന്ധം നല്‍കാന്‍ ഉപയോഗിക്കുന്ന റോസ് വാട്ടറില്‍ മനുഷ്യ ശരീരത്തിന് അതീവ ഹാനികരമായ വ്യാവസായിക രാസവസ്തുക്കള്‍ കലര്‍ത്തുന്നതായി കണ്ടെത്തി. സംഭവത്തില്‍ കോഴിക്കോട് നല്ലളത്ത് പ്രവര്‍ത്തിക്കുന്ന ആസാദ് ഫുഡ് പ്രൊഡക്ട്‌സ് എന്ന സ്ഥാപനം ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു. ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന ഓപ്പറേഷന്‍ ഓണം മിന്നല്‍ പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേട് പുറത്തുവന്നത്.

സോപ്പ്, ഡിറ്റര്‍ജന്റ്, അഗര്‍ബത്തി, പെര്‍ഫ്യൂം എന്നിവയുടെ നിര്‍മ്മാണത്തിന് മാത്രം ഉപയോഗിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഗ്രേഡ് എസ്സന്‍സാണ് ഭക്ഷ്യാവശ്യത്തിനുള്ള പനിനീരില്‍ ഇവര്‍ ചേര്‍ത്തിരുന്നത്. വ്യാവസായിക ആവശ്യത്തിന് മാത്രം എന്ന് വ്യക്തമായി ലേബല്‍ ചെയ്ത കെമിക്കലുകള്‍ ഉപയോഗിച്ചായിരുന്നു വിപണിയിലേക്ക് റോസ് വാട്ടര്‍ തയ്യാറാക്കിയിരുന്നത്. ഇതിനുപുറമേ, അച്ചാറുകളും സോസുകളും നിര്‍മ്മിച്ചിരുന്ന ഈ സ്ഥാപനത്തില്‍ അതീവ വൃത്തിഹീനമായ അന്തരീക്ഷമാണ് ഉണ്ടായിരുന്നത്. നിര്‍മ്മാണ കേന്ദ്രത്തിനുള്ളില്‍ എലിക്കാഷ്ടവും കുപ്പിച്ചില്ലുകളും മാലിന്യങ്ങളും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വ്യാവസായിക രാസവസ്തുക്കള്‍ ഉള്ളില്‍ച്ചെല്ലുന്നത് കടുത്ത വയറുവേദന, ശര്‍ദ്ദി, ഗ്യാസ്‌ട്രോ എന്ററൈറ്റിസ് തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നഗരത്തിലെ ഒട്ടേറെ കടകളിലേക്ക് ഈ യൂണിറ്റില്‍ നിന്ന് വ്യാജ പനിനീര്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ് സൂചന. സംഭവത്തെത്തുടര്‍ന്ന് സ്ഥാപനത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥര്‍, പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ച് കാക്കനാട്ടെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചു.

യഥാര്‍ത്ഥ റോസ് വാട്ടര്‍ വന്‍തോതില്‍ പനിനീര്‍പ്പൂക്കള്‍ വാറ്റിയെടുത്ത് നിര്‍മ്മിക്കുന്നതിനാല്‍ വിപണിയില്‍ ഇതിന് ഉയര്‍ന്ന വിലയുണ്ടാകും. കുറഞ്ഞ വിലയില്‍ കടുപ്പമുള്ള ഗന്ധത്തോടെ ലഭിക്കുന്ന പനിനീരുകള്‍ വ്യാജമാകാന്‍ സാധ്യതയേറെയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വരും ദിവസങ്ങളിലും ജില്ലയിലുടനീളം പരിശോധന ശക്തമാക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam