ഇന്നിപ്പോൾ കൊലയില്ലാതെ ഒരു കച്ചവടവും നടക്കില്ലെന്നായി..!. എല്ലാ പാർട്ടികൾക്കും കൊല വേണം. ഒരു പുതിയ പാർട്ടി രജിസ്റ്റർ ചെയ്യുക എന്നാൽ കൊലകൾ കൊണ്ടുവേണം തുടങ്ങാൻ. അല്ലെങ്കിൽ അതിനെ ആരും ഗൗരവത്തിൽ എടുക്കാൻ പോകുന്നില്ല.
ഇപ്പോൾ ജനനവും മരണവും ഒക്കെ ആശുപത്രിയിൽ ആണല്ലോ. എനിക്കൊരു പത്തു നാല്പതു വയസ്സാവോളം അങ്ങനെ ആയിരുന്നില്ല. രണ്ടും വീടുകളിൽ ആയിരുന്നു. പഴയ തറവാടുകളിൽ ഒരുപാട് മുറികൾ കാണും. അതിൽ ഒരു മുറി പ്രസവമുറി ആയിരിക്കും. ഒരു മുറി മരണ മുറിയും. ആദ്യത്തേതിൽ ആരെങ്കിലും എപ്പോഴും പെറ്റു കിടക്കുന്നുണ്ടാവും. 41 ദിവസമാണ് പ്രസവശുശ്രൂഷ. ആ മുറിയിൽ പേറ്റു മരുന്നുകളുടെയും ഉള്ളിച്ചോറിന്റെയും മണമാണ്. മരണമുറിയിൽ ഒരു മുത്തശ്ശനോ മുത്തശ്ശിയോ കിടപ്പുണ്ടാവും. കഷായത്തിന്റെയും കുഴമ്പിന്റെയും മണമായിരിക്കും ആ മുറിയിൽ.
പ്രസവിപ്പിക്കാൻ വരുന്നത് വയറ്റാട്ടി. കുഞ്ഞ് എത്ര വലുതായാലും അമ്മയെക്കാൾ അവകാശം പറഞ്ഞ് അവർ വരും. മരണമുറയിൽ മിക്കവാറും ഇരുട്ടായിരിക്കും. വല്ലപ്പോഴും ആരെങ്കിലും കയറി ചെല്ലും. പുറമേക്കാര് ആണെങ്കിൽ കൂടെ വീട്ടുകാരും ചെല്ലും. കിടക്കുന്ന ആൾക്ക് ആവശ്യമുണ്ടെങ്കിൽ ഉറക്കെ വിളിക്കും. ആദ്യം വിളി കേൾക്കുന്ന ആൾ ചെല്ലും. പക്ഷേ ആൾ മരിക്കാറാവുമ്പോഴാണ് വലിയ ബഹളം. വയറ്റാട്ടി പ്രസവിപ്പിക്കാൻ വരുന്നതുപോലെ മരിപ്പിക്കാൻ മറ്റൊരാൾ വരും. ഒരു മരണ വിദഗ്ധൻ. ശ്വാസഗതി നോക്കി കണ്ണിന്റെ ഭാവം നോക്കി അദ്ദേഹം വിധിക്കും എത്ര മണിക്കൂറിനകം മരിക്കും എന്ന്. അതിനകം മരിച്ചില്ലെങ്കിൽ മരിപ്പിക്കും. അല്പസ്വല്പം 'കൈക്രിയ' വരെ നടത്തും.
അതുവരെ രാമായണം വായിക്കണം. വെള്ളം തൊട്ടു കൊടുക്കണം. അടക്കിപ്പിടിച്ച് ആരെങ്കിലും കരയണം. മരിച്ചാൽ സമാധാനമായി! മരിക്കുവോളം മരിപ്പിക്കൽ വിദഗ്ധൻ പരേതന്റെ അരികിലിരുന്ന് താൻ മറ്റു പലരെയും മരിപ്പിച്ച വീരകഥകൾ പറയും. വയറ്റാട്ടിക്ക് പ്രതിഫലം ഉണ്ട്. മരിപ്പിക്കൽവിദഗ്ധന് ഇല്ല. ഒരാളെ കൂടി കാലപുരിക്ക് അയച്ചു എന്ന സന്തോഷമാണ് അദ്ദേഹത്തിന്റെ പ്രതിഫലം! കാലന്മാർ എന്നാണ് ഇവരെ വിളിക്കാറ്. അവരുടെ മുഖത്ത് കാലഭാവം കാണാം. വലിയ നേതാക്കന്മാർ മരിക്കുമ്പോൾ ചുറ്റും നിൽക്കുന്നവരുടെ മുഖങ്ങൾ നോക്കിയിട്ടുണ്ടോ? പഴയ കാലന്മാരെ കണ്ട ഓർമ്മയുണ്ട് നിങ്ങൾക്കെങ്കിൽ അവരെ ഇവരിൽ കാണാം!
ഒരു വലിയ ഒഴിവ്. അതിനു വേണ്ടിയല്ലേ ഇത്രയും കാത്തിരുന്നത്. അതു വന്നു എന്ന സന്തോഷം എങ്ങിനെ അടക്കും! ഈ കട്ടിലു കണ്ടു പനിക്കേണ്ട എന്നൊരു ചൊല്ലുണ്ടായത് അങ്ങനെയാണ്. ഞാനിപ്പോൾ ഒന്നും പോവില്ല എന്ന് മരണാർത്ഥി പ്രഖ്യാപിക്കുന്നു! ഇപ്പോൾ പുതിയ ഒരു കൂട്ടർ ഉണ്ടായിരിക്കുന്നു എന്ന് പറയാനാണ് ഇത്രയൊക്കെ എഴുതിയത്. അവർ മരിപ്പിക്കുന്നവരാണ്. പണം വാങ്ങി കൊല നടത്തുന്നവർ. ആയിരങ്ങൾ മുതൽ കോടികൾ വരെ റേറ്റ് ഉണ്ട്. ഇതൊരു വൻ വ്യവസായമാണ്. കൊല്ലുന്നവർ, അവരുടെ ഏജന്റുമാർ, കൊല്ലുന്നവരുടെ കഴിവുകൾ രഹസ്യമായി പരസ്യപ്പെടുത്തുന്നവർ, കൊല്ലുന്നവർക്കായി കത്തി വാൾ തുടങ്ങിയവ പണിയുന്നവർ, കൊലയാളികൾക്ക് പോകാൻ മാത്രമായി വാഹനങ്ങൾ ഓടിക്കുന്ന ട്രാവൽ ഏജൻസികൾ, അവർക്കുവേണ്ടി കേസു വാദിക്കുന്ന വക്കീൽമാർ, അവർക്ക് പരിക്കുപറ്റിയാൽ രഹസ്യമായി ചികിത്സിക്കുന്ന ആസ്പത്രികൾ, ഡോക്ടർമാർ, അവർക്ക് കിട്ടുന്ന പണംകൊണ്ട് പ്രൈവറ്റ് ബാങ്ക് നടത്തുന്നവർ, അഥവാ ജയിലിൽ പോയാൽ അവർക്കുവേണ്ടി രഹസ്യമായി എല്ലാം കടത്തിക്കൊണ്ട് ചെല്ലുന്നവർ....
ഏറ്റവും വരുമാനം ഉള്ള വ്യവസായം ഇതാണ് എന്ന് പറഞ്ഞു കേൾക്കുന്നു. മുതൽമുടക്ക് ഒന്നുമില്ല. ട്രെയിനിങ് വേണ്ട. യൂണിഫോം ആവശ്യമില്ല. ആദ്യത്തെ ഒരു കൊലയിൽ പങ്കാളിയാകും വരെയേ പ്രയാസമുള്ളൂ. സർവീസ് പരീക്ഷകൾ, പൊല്ലാപ്പു പിടിച്ച എൻട്രൻസുകൾ, എന്തിനേറെ, ഒരു അധോധല ഗുമസ്തന്റെ ജോലി കിട്ടാൻ കൊടുക്കേണ്ട കൈക്കൂലിയുടെയും എഴുതേണ്ട പരീക്ഷകളുടെയും പട്ടിക ഒന്നും ഇവിടെ ഇല്ല. ചത്തും കൊന്നും അടക്കി എന്നാണ് ആപ്തവാക്യം. ഇത് പണ്ട് ചേരമാൻ പെരുമാൾ ആദ്യത്തെ സാമൂതിരിപ്പാടിന് കൊടുത്ത ഉപദേശമാണ് എന്ന് കേൾക്കുന്നു. ജീവിച്ചും ജീവനെ സംരക്ഷിച്ചും പുലർന്നു കൊള്ളുക എന്ന് പറഞ്ഞവരൊക്കെ ചൊറിയും കുത്തി ഇരിപ്പുണ്ട്. ഗാന്ധിജി മുതൽ ബുദ്ധദേവൻ വരെ. പക്ഷേ അവരൊന്നും ഒരു തൊഴലും വാഗ്ദാനം നൽകുന്നില്ല!
ഇപ്പോൾ കൊലയില്ലാതെ ഒരു കച്ചവടവും ഇല്ലല്ലോ. എല്ലാ പാർട്ടികൾക്കും കൊല വേണം. ഒരു പുതിയ പാർട്ടി രജിസ്റ്റർ ചെയ്യുക എന്നാൽ കൊലകൾ കൊണ്ടുവേണം തുടങ്ങാൻ. അല്ലെങ്കിൽ അതിനെ ആരും ഗൗരവത്തിൽ എടുക്കില്ല.സ്‌കൂളിൽ പോകുന്ന കാലത്ത് തന്നെ കൊല പഠിക്കാൻ നമുക്കിപ്പോൾ സംവിധാനം ഉണ്ട്. ആദ്യപാഠം ഇങ്ങനെയാണ്: ഒന്നു ചെരിഞ്ഞാലേ മറ്റൊന്നിന് വളമാകൂ. മായമോ മറിമായമോ ഒന്നും പാടില്ല. വെട്ടൊന്ന് തുണ്ടം രണ്ട്.
സി. രാധാകൃഷ്ണൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്