ബ്രോ, അഴിമതിയുടെ നിലയില്ലാ ചതുപ്പിൽ എന്തിനാണ് ഈ 'വെള്ള' പുതപ്പിക്കൽ

NOVEMBER 4, 2026, 9:41 AM

നാക്കിന് എല്ലില്ലാതെ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെ വക 'താത്വികാവലോകനം' തകർക്കുന്നു. പാർട്ടിക്കുവേണ്ടി പുതിയ തലമുറയുടെ ഭാവി തന്നെ പന്താടുന്ന വിധം വിദ്യാർത്ഥികളെ സി.പി.എം. തെരുവിലിറക്കുന്നു. പി.എസ്.സി. റാങ്ക് ലിസ്റ്റുകാരുടെ ഇടതുപക്ഷ ചായ്‌വുള്ള സംഘടനയിലെ വളർമതി എന്നൊരു പെണ്ണൊരുത്തി ആശാവർക്കർമാരുടെ പഴയ സമരം ഓർമ്മിപ്പിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് നടയിൽ വച്ച് തലമൊട്ടയടിച്ച് മാധ്യമങ്ങളുടെ താരമായി മാറുന്നു. 35 ഐ.എ.എസുമാരുടെ സ്ഥലംമാറ്റം അഴിമതി നടത്താൻ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് മുറവിളി കൂട്ടുന്നു. 

കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്തു നിന്ന്  രാജമാണിക്യത്തെ മാറ്റി എൻ. പ്രശാന്തിനെ കൊണ്ടുവന്നത് സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങി അഴിമതി നടത്താനാണെന്ന് പിണറായി വെടിപൊട്ടിക്കുന്നു. ഇതിനിടെ അഴിമതിയന്വേഷണങ്ങളുടെ കുത്തൊഴുക്കിൽ പഴയ മന്ത്രിമാർ എല്ലാവരും തന്നെ വിറകൊണ്ടുനിൽക്കുന്നു. നിയമസഭയിൽ പ്രതിപക്ഷമായിരുന്ന ശിവൻകുട്ടിയും കൂട്ടരും നടത്തിയ താണ്ഡവം സംബന്ധിച്ച കേസ് ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ വിചാരണ ആരംഭിച്ചിട്ടുണ്ട്. 

അടുത്ത വ്യാഴാഴ്ച ഷുക്കൂർ വധക്കേസിന്റെ വിധിയുണ്ടാകും. ഇ.പി.ജയരാജനും മുൻമന്ത്രി രാജേഷുമടക്കമുള്ളവർ പ്രതികളായിട്ടുള്ള കേസാണിത്. സി.പി.എം. നേതാക്കൾക്കുവേണ്ടി പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബി.രാമൻപിള്ള വാദിക്കുന്നുണ്ടെങ്കിലും വിധി തങ്ങൾക്ക് എതിരാകുമോയെന്ന ഭയപ്പാടിലാണ് സി.പി.എം.

vachakam
vachakam
vachakam


ശിവൻകുട്ടിയും കൂട്ടരും അങ്കലാപ്പിൽ

2015 ലാണ് കേരള നിയസഭയിൽ ശിവൻകുട്ടി, ഇ.പി.ജയരാജൻ, കെ.ടി.ജലീൽ തുടങ്ങിയ പ്രതിപക്ഷ എം.എൽ.എ.മാർ 'അരുതാത്ത' പ്രകടനം കാഴ്ചവച്ചത്. സ്പീക്കറുടെ മേശപ്പുറത്തുവരെ അന്ന് ശിവൻകുട്ടി കയറി ആടിത്തിമിർത്തു. കമ്പ്യൂട്ടറുകളും കസേരകളും തള്ളിമറിച്ചിട്ടു. നിയമസഭയിലെ 8 സി.സി.ടി.വി. ക്യാമറകൾ ഈ രംഗം പകർത്തിയത് ലോകം മുഴുവൻ കണ്ടു. ക്യാമറകൾ അന്ന് ഓപ്പറേറ്റ് ചെയ്ത ടെക്‌നിഷ്യനായ ശ്യാം ഇന്ന് (ബുധൻ) കോടതിയിൽ ഹാജരായി പ്രതികളെ തിരിച്ചറിഞ്ഞു കഴിഞ്ഞു. 

vachakam
vachakam
vachakam

ഇനി അന്നത്തെ നിയമസഭാ സെക്രട്ടറി ശാർങ്ധരന്റെ മൊഴി ഓൺലൈനിൽ പകർത്താൻ കോടതി തീരുമാനിച്ചിട്ടുണ്ട്. ഈ കേസിൽ 6 പ്രതികളാണുള്ളത്. തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്നുള്ള വിലക്കും തടവും പിഴയുമെല്ലാം ഈ കേസിൽ ശിവൻകുട്ടി അടക്കമുള്ളവർക്ക് ലഭിച്ചേക്കാം.

ഷുക്കൂറിന്റെ കേസിലും 41 സാക്ഷികളുടെ വിസ്താരം പൂർത്തിയായിട്ടുണ്ട്. സി.പി.എം. നേതാക്കൾ ശിക്ഷിക്കപ്പെട്ടാൽ കണ്ണൂരിൽ പാർട്ടി നേതൃത്വം നടത്തിവരുന്ന അക്രമരാഷ്ട്രീയത്തിന് ആഘാതമാകും. അപ്പീൽ പോകുമെങ്കിലും ഈ കേസിൽ നിന്ന് പെട്ടെന്ന് ഊരിപ്പോകാനാവാത്ത വിധം തെളിവുകൾ ശക്തമാണെന്നാണ് വാർത്തകളുള്ളത്.

അയ്യേ, ഐ.എ.എസ്. എന്ന് പറയിപ്പിക്കല്ലേ

vachakam
vachakam
vachakam

35 ഐ.എ.എസ്.കാരുടെ സ്ഥലം മാറ്റമാണിപ്പോൾ തലസ്ഥാനത്തെ ചർച്ച. ചട്ടപ്പടിയല്ലാത്ത, സ്ഥലം മാറ്റമാണെന്ന് പ്രതിപക്ഷവും ഒരു പറ്റം ഉദ്യോഗസ്ഥ മൂപ്പന്മാരും പറയുന്നുണ്ട്. ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ നിലപാട് പോലും വെടിപ്പല്ല. കാരണം ഐ.എ.എസ്.കാരുടെ സ്ഥലം മാറ്റത്തിനു മുമ്പ് സിവിൽസർവീസ് ബോർഡ് ചേരേണ്ടതുണ്ട്. ഇങ്ങനെ ബോർഡ് യോഗം വിളിക്കാതെയാണ് സ്ഥലം മാറ്റ ഉത്തരവിറക്കിയതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. എന്നാൽ ആ പ്രചരണം തെറ്റാണ്. ഒക്‌ടോബർ 30ന് ബോർഡ് യോഗം ചേരുകയും സ്ഥലം മാറ്റം സംബന്ധിച്ച ശുപാർശകൾ ചീഫ് സെക്രട്ടറിയും അഡിഷണൽ ചീഫ് സെക്രട്ടറിയും മിനിറ്റ്‌സിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഈ സ്ഥലം മാറ്റത്തിൽ ഏറ്റവും വലിയ വിവാദമായത് എം.ജി. രാജമാണിക്യത്തിന്റേതാണ്. കെ.എസ്.ഇ.ബി. ചെയർമാനും മാനേജിംഗ് ഡയറക്ടറും എന്നുള്ള പദവികളിൽ നിന്ന് രാജമാണിക്യത്തെ പടിയിറക്കിയത് കാരണമൊന്നുമില്ലാതെയല്ല. യു.ഡി.എഫ്. സർക്കാർ അധികാരത്തിലേറിക്കഴിഞ്ഞപ്പോൾ അവിചാരിതമായുണ്ടായ വൈദ്യുതി പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ രാജമാണിക്യത്തിന് പിഴവ് പറ്റി. പവർകട്ടിന്റെ സമയക്രമം പോലും യഥാസമയം അറിയിക്കാനാകാത്ത വിധം ബോർഡിലെ  'ഏമാന്മാർ' നടത്തിയ കള്ളക്കളി നിയന്ത്രിക്കാൻ ഈ ഉദ്യോഗസ്ഥ മേധാവിക്ക് കഴിഞ്ഞില്ല. 

മാത്രമല്ല,  നവംബർ 1 മുതൽ ഉണ്ടായേക്കാവുന്ന വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള നടപടികളിൽ കാലതാമസം വരുത്തിയതും മാണിക്യത്തിന് ദോഷമായി. ബുധനാഴ്ചത്തെ വാർത്താസമ്മേളനത്തിൽ ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ മറ്റൊരു അട്ടിമറി ശ്രമത്തെക്കുറിച്ചും മുഖ്യമന്ത്രി സൂചിപ്പിച്ചു. വൈദ്യുതി ക്ഷാമത്തിനിടയിൽ ഇടുക്കിയിലെ ഒരു ജനറേറ്റർ അറ്റകുറ്റപ്പണികൾക്കായി ഒരു മാസത്തേയ്ക്ക് 'ഷട്ട് ഡൗൺ' ചെയ്യാൻ ബോർഡ് തീരുമാനിച്ചത് വേണ്ടത്ര ആലോചനയില്ലാതെയായിരുന്നുവെന്ന് ആരോപണമുയർന്നു. 

മുഖ്യമന്ത്രി ഈ പ്രശ്‌നത്തിൽ ഇടപെടുകയും 10 ദിവസത്തിനുള്ളിൽ ജനറേറ്റിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. ഇതോടെ 4 ദിവസത്തിനുള്ളിൽ മെയിന്റനൻസ് ജോലികൾ ബോർഡിലെ എഞ്ചിനീയർമാർ പൂർത്തിയാക്കി. ഇതോടെ ഈ ജനറേറ്റർ ഉപയോഗിച്ച് 130 മില്യൺ യൂണിറ്റും 150 മില്യൺ യൂണിറ്റും ഉൽപ്പാദിപ്പിക്കാനായി. ബോർഡിലെ ഓഫീസർമാരുടെ സംഘടന 'പക്കാ' ഇടതുപക്ഷക്കാരാണ്. അവരെ നിയന്ത്രിക്കാൻ എൻ. പ്രശാന്തിനെ പോലുള്ള മിടുക്കരായ ഐ.എ.എസു.കാർക്ക് കഴിയും.

വൈദ്യുതി കച്ചവടവും ഇടതു സർക്കാരും

എൻ.പ്രശാന്തിനെ പോലെ ക്ലീൻ ഇമേജുള്ള ഒരു ഉദ്യോഗസ്ഥനെതിരെ ഗോവിന്ദൻ മാഷ് പടയ്ക്കിറങ്ങുമ്പോൾ അത്യാവശ്യം 'ഗൃഹപാഠ'മെങ്കിലും നടത്താമായിരുന്നു. ഹിമാചൽ പ്രദേശിൽ നിന്ന് 14 രൂപ 50 പൈസയ്ക്ക് വൈദ്യുതി ലഭ്യമാണെന്നിരിക്കെ എന്തിന് സ്വകാര്യ കമ്പനി വഴി കേരളം വൈദ്യുതി വാങ്ങുന്നുവെന്ന ആരോപണമുന്നയിച്ചത്  സി.പി.എം. മുഖപത്രത്തിന്റെ റിപ്പോർട്ടറാണ്. 'ഈ കറന്റ് കച്ചവട' ത്തെക്കുറിച്ച് മുഖ്യമന്ത്രി ഈ 'വാർത്താ ക്ഷുരകന് ' ക്ലാസെടുക്കുക തന്നെ ചെയ്തു. സംസ്ഥാനങ്ങളുടെ വൈദ്യുതി പോലും സ്വകാര്യ ഇടനിലക്കാർ വഴിയേ ഇപ്പോൾ ലഭിക്കുകയുള്ളൂ. 

ഹിമാചലിന്റെ വൈദ്യുതി യൂണിറ്റിന് 14 രൂപ 50 പൈസ നിരക്കിൽ ലഭിക്കുന്നത് പവർ ബ്രോക്കർമാർ വഴിയാണ്. അവരുടെ കമ്മീഷനും ഉൾപ്പെടുത്തിയാണ് ഈ വില. ജി.എൻ.എ. കമ്പനി എന്നത് ഹരിയാനയിലെ ഗുരുഗ്രാമിലെ രജിസ്‌ട്രേഡ് കമ്പനിയാണ്. 12 കോടി മൂലധനമുള്ള ഈ കമ്പനിയിൽ നിന്ന് 2025ൽ രണ്ടാം പിണറായി ഭരണകൂടവും വൈദ്യുതി വാങ്ങിയിട്ടുണ്ട്. ജി.എൻ.എ. കമ്പനി വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് അവറിൽ 8 രൂപ 90 പൈസയ്ക്ക് ഒരു യൂണിറ്റ് വൈദ്യുതി നൽകുമ്പോൾ ഹിമാചൽ പ്രദേശ് 14 രൂപ 50 പൈസയാണ് യൂണിറ്റിന് ക്വോട്ട് ചെയ്തത്. 

കേരളം പിൻവാങ്ങിയപ്പോൾ രാജസ്ഥാന് യൂണിറ്റിന് 15 രൂപ 50 പൈസ എന്ന നിരക്കിൽ അവർ വൈദ്യുതി വിൽക്കാൻ കരാറായിട്ടുണ്ട്. ഹിമാചൽ പ്രദേശ് പീക്ക് അവറിൽ 353 മില്യൺ യൂണിറ്റ് വൈദ്യുതിയേ നൽകൂ. ജി.എൻ.എ. ആകട്ടെ അതേ സമയത്ത് 1212 മില്യൺ യൂണിറ്റ് വൈദ്യുതി നൽകാമെന്നാണ് സമ്മതിച്ചിട്ടുള്ളത്. ഹിമാചലിന്റെ വൈദ്യുതി വാങ്ങിയാൽ കേരളത്തിന് 2232 കോടി രൂപയുടെ നഷ്ടമുണ്ടാകും. ഇത്രയും വിശദമായ കണക്ക് ദേശാഭിമാനി ലേഖകൻ പ്രതീക്ഷിച്ചില്ലെന്നു തോന്നുന്നു. എന്തായാലും അതോടെ റിപ്പോർട്ടറുടെ ചോദ്യങ്ങൾ നിലച്ചു.

ബാറും കോഴയും ലൈസൻസും...

സർക്കാർ അറിയാതെ ബാർ ലൈസൻസ് നൽകിയതിനെക്കുറിച്ചായി 'കൈരളി' റിപ്പോർട്ടറുടെ ചോദ്യം. ചോദ്യം ഉന്നയിച്ച റിപ്പോർട്ടറെ പ്രത്യേകം ചൂണ്ടിക്കാണിച്ച് ''ചോദിക്ക്, നിങ്ങൾക്കുള്ള മറുപടിക്കു ശേഷമേ മറ്റുള്ളവർക്ക് മറുപടി നൽകൂ'' എന്നുള്ള മുഖ്യമന്ത്രിയുടെ 'പെർഫോമൻസ്' കണ്ട് ആകെ റിപ്പോർട്ടർ  പതറി. ചോദ്യവും റിപ്പോർട്ടർ മറന്നു. ഉടനെ മുഖ്യമന്ത്രി 'ബാറിന്റെ കാര്യം ചോദിക്ക്' എന്നായി വീണ്ടും സർക്കാർ അറിയാതെ ബാർ ലൈസൻസ് നൽകാൻ ഉദ്യോഗസ്ഥർക്ക് അവസരമുണ്ടാക്കിക്കൊടുത്തത് പഴയ സർക്കാരാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.

''ഈ സർക്കാർ അതൊന്നും സമ്മതിക്കില്ല. യു.ഡി.എഫിന്റെ മദ്യ നയം ഉടനുണ്ടാകും. അതനുസരിച്ചേ കാര്യങ്ങൾ നടക്കൂ'' എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 147 ഹോട്ടലുകൾക്ക് പുതിയതായി പിണറായി സർക്കാർ ബാർ ലൈസൻസ് നൽകിയത് ശരിയായില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം പത്രക്കുറിപ്പിറക്കിയത് വാർത്താലേഖകർ അറിഞ്ഞില്ലേ ആവോ?

പി.എസ്.സി.യും മറ്റ് തരികിടകളും

പി.എസ്.സി.യിലെ പ്രശ്‌നങ്ങളിൽ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാരണം, അത് കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്ന വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരം ചെയ്യുന്നവരോട് ഈ സർക്കാരിന് ശത്രുതയൊന്നുമില്ലെന്ന് മുഖ്യമന്ത്രി മറ്റൊരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. എട്ടു തവണ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും 2 തവണ മുഖ്യമന്ത്രിയും സമരക്കാരുമായി ചർച്ച നടത്തിയതാണ്. സമരക്കാരുടെ അഞ്ചിൽ നാല് ആവശ്യവും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. അധ്യാപക വിദ്യാർത്ഥി റേഷ്യോ കുറയ്ക്കണമെന്ന ആവശ്യം ഇപ്പോഴത്തെ സർക്കാരിന്റെ ധനസ്ഥിതിയനുസരിച്ച് പ്രഖ്യാപിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിണറായി സർക്കാരും ഈ ആവശ്യം തള്ളിക്കളഞ്ഞതാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

പി.എസ്.സി. ചെയർമാൻ ഏതായാലും വല്ലാത്ത കുരുക്കിലാണ്. രണ്ടര മണിക്കൂർ കൊണ്ട് വിജിലൻസ് ക്ലീയറൻസ് നൽകി ഒരു കുറ്റാരോപിതനെ ഡി.വൈ.എസ്.പി. റാങ്കിൽ നിയമിച്ചതടക്കമുള്ള ആരോപണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണ്. പിണറായിയുടെ കാലത്ത് നിയമിതരായ ചെയർമാനും കൂട്ടാളികളും തൊഴിൽരഹിതരായ യുവതീ യുവാക്കളുടെ സ്വപ്‌നങ്ങൾ തകർത്തവരാണ്. ഗവർണറെ ഈ പ്രശ്‌നത്തിലേക്ക് വലിച്ചിടരുതെന്നും, പി.എസ്.സി. നിയമനങ്ങളിലെ കള്ളക്കളികൾ പുറത്തുവരണമെന്നും ഈ സർക്കാരിന് ആഗ്രഹമുണ്ട്.

ഇടതുഭരണകൂടം നടത്തിയ അഴിമതികളുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്. 'കായിക' ത്തിൽ കൈയിട്ടുവാരിയ തിനപ്പുറം എന്തെല്ലാം കാണാൻ കിടക്കുന്നു? ഇപ്പോഴും ഇവർ അഴിമതിയെക്കുറിച്ച്  ഗീർവാണം പറഞ്ഞുകൊണ്ടിരിക്കുന്നുവെന്നത്, ഇടതുനേതാക്കളുടെ 'ഉളുപ്പില്ലായ്മയ്'ക്കുള്ള ഉദാഹരണമല്ലേ?

ആന്റണിചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam