കൊച്ചി: ശബരിമല അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് പിണറായി സർക്കാർ അവസാനിപ്പിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. വിശ്വാസ സംരക്ഷണമെന്ന പേരിൽ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് സർക്കാരിന്റെ കാപട്യമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നൽകിയ കത്തിലാണ് കെസി വേണുഗോപാൽ എംപി ഇക്കാര്യം ആവശ്യപ്പെട്ടത്.
ശബരിമലയിലെ ആചാര ലംഘനത്തിനു നേതൃത്വം നൽകിയ മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിനു ചുക്കാൻ പിടിക്കുന്നതിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും ആത്മാർത്ഥതയില്ലായ്മയും കേരള ജനതയ്ക്ക് ബോധ്യപ്പെട്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു. കേരള സമൂഹം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ പമ്പയിലേക്ക് കാലുകുത്താൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും പശ്ചാത്താപഭാരം കൊണ്ട് വിയർത്തു പോകുമെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹവുമായി ചർച്ച നടത്താതെ കോടതി വിധി നടപ്പാക്കാനായി സംസ്ഥാനത്ത് കലാപ അന്തരീക്ഷം സൃഷ്ടിച്ചത് വിശ്വാസികളുടെ മനസ്സിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. അതിന് കാരണഭൂതനായ ആളുതന്നെ ഇന്ന് ആചാര സംരക്ഷണത്തിനെന്ന പേരിൽ അയ്യപ്പ സംഗമം നടത്തുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ വിഡ്ഢികളാക്കി ഇത്തരമൊരു പ്രഹസനം നടത്തുന്നത് ലജ്ജാകരമാണ്. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളിൽ കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ ഒരു തരത്തിലുള്ള വികസനവുമുണ്ടായിട്ടില്ല. കുടിവെള്ളം,പമ്പാ ശുചീകരണം, ഭക്തജനത്തിരക്ക് നിയന്ത്രണം,ഗതാഗത സംവിധാനം എന്നിവ ഒരുക്കുന്നതിൽ സർക്കാർ അലംഭാവം തുടരുകയാണ്. ഭക്തർ ഭഗവാന് സമർപ്പിക്കുന്ന സ്വർണ്ണം പോലും സംരക്ഷിക്കാൻ കഴിയാത്ത ഈ സർക്കാരിന് എങ്ങനെയാണ് ഭക്തരുടെ വിശ്വാസം നേടിയെടുക്കാനാവുകയെന്നും കെസി വേണുഗോപാൽ ചോദിച്ചു.
സിപിഎമ്മിലെ ദേവസ്വം മന്ത്രിമാർ അയ്യപ്പനെ കൈകൂപ്പി വണങ്ങാൻ തയ്യാറാകാത്ത് തന്നെ വിശ്വാസത്തോടുള്ള അനാദരവാണ്. സുപ്രീംകോടതിയിൽ യുഡിഎഫ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനത്തിന് ഇടതു സർക്കാർ കൂട്ടുനിന്നത്. ആ സത്യവാങ്മൂലം പിൻവലിക്കാൻ താങ്കളുടെ സർക്കാർ തയ്യാറുണ്ടോ? ചുരുങ്ങിയപക്ഷം നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരായ കേസുകൾ പിൻവലിക്കാനെങ്കിലും സർക്കാർ തയ്യാറാണോയെന്നും കെസി വേണുഗോപാൽ ചോദിച്ചു.
വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ നിന്നുമുള്ള സിപിഎമ്മിന്റെ വ്യതിചലിക്കുന്നതിന്റെ സൂചനയാണോ ഈ അയ്യപ്പ സംഗമമെന്ന് ചോദിച്ച വേണുഗോപാൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഈ നിലപാട് മാറ്റുമോയെന്നും പരിഹസിച്ചു. യുവതീ പ്രവേശന സമത്ത് പ്രതിഷേധിച്ച ശബരിമല തന്ത്രിയെ അധിക്ഷേപിച്ച മുഖ്യമന്ത്രി ഇപ്പോഴെങ്കിലും മാപ്പുപറയാൻ തയ്യാറാകണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്