വെള്ളിത്തിരയ്ക്കു പിന്നിലും നിർമ്മാണ വില്ലന്മാരോ?

MAY 7, 2025, 10:05 AM

സിനിമ ഇരുപതാം നൂറ്റാണ്ടിന്റെ മാത്രമല്ല, 21-ാം നൂറ്റാണ്ടിന്റെ കൂടി കലയാണ്. ലോകത്തെ ഏതു വ്യവസായത്തേയും പോലെ അസ്ഥിരമായ വിപണി മൂല്യമുള്ള ഒരു ചഞ്ചലവ്യവസായം. ചാഞ്ചാട്ടങ്ങളുടെ കഥയാണ് സിനിമ. പുതു കാലത്ത് സിനിമയെ നിർദോഷമായ ഒരു വിനോദോപാധി എന്നതിനപ്പുറം പണമെറിഞ്ഞ് പണം കൊയ്യുന്ന കച്ചവടം എന്നു തന്നെയാണ് കാണികൾ പോലും കാണുന്നത്.

ഈ കച്ചവടത്തിൽ കാണികൾക്ക് വലിയ കാര്യമില്ല. എന്നാൽ ആഗോള സിനിമാ വ്യവസായത്തിൽ ബോക്‌സ് ഓഫീസ് വിജയങ്ങളും വീഴ്ചകളും കാലം എത്ര കഴിഞ്ഞാലും ചരിത്രരേഖയായി അടയാളപ്പെട്ട് കിടക്കും. വിദേശത്തെ കാഴ്ചക്കാരുടെ പോലും ആരാധന പിടിച്ചു പറ്റിയ ഇന്ത്യൻ സിനിമകളെ ഓർത്ത് അഭിമാനിച്ചിരുന്നു ഒരു കാലത്ത് നമ്മുടെ സിനിമാസ്വാദകർ.
മലയാള സിനിമ ഉള്ളടക്കം കൊണ്ടും മേക്കിംഗ് കൊണ്ടും പ്രശംസ നേടിയിരുന്ന ഒരു കാലം. 

അങ്ങനെയിരിക്കെ ഇക്കഴിഞ്ഞ ദിവസം ഒരു സാധാരണ പ്രേക്ഷകൻ പറഞ്ഞ ഒരു വാചകം ശ്രദ്ധയിൽപ്പെട്ടു: എന്റർടൈൻമെന്റിന് ധാരാളം ഉപാധികൾ ഉള്ളപ്പോൾ സിനിമ ഒരു അവശ്യ കാര്യമൊന്നുമല്ല എന്ന്. അത് ഒരു സാധാരണക്കാരന്റെ അതിസാധാരണമായ വിലയിരുത്തലായി തള്ളിക്കൂടാ എന്നാണ് തോന്നുന്നത്. ചുരുങ്ങിയ പക്ഷം മലയാളത്തിലെ സിനിമാ സംഘടനകളെങ്കിലും കതോർക്കേണ്ട ഒരു വാചകം!

vachakam
vachakam
vachakam

ഹിറ്റാകുന്ന വിവാദങ്ങൾ

സിനിമയുടെ ഉള്ളടക്കത്തേക്കാൾ സിനിമാ നിർമ്മാണത്തിനു പിന്നിലെ മോശം പ്രവണതകൾ മറനീക്കി പുറത്തു വരുന്ന സമയമാണിത്. മുംബൈ സിനിമാ ലോകത്തെ അധോലോകം നിയന്ത്രിച്ചിരുന്ന കാലത്തെ കഥകൾ പോലെ മലയാള സിനിമയുടെ പിന്നാമ്പുറത്തും കൊച്ചു ദാവൂദ് ഇബ്രാഹിമുമാർ ചുറ്റിനടക്കുന്നു എന്ന വർത്തമാനം തുറന്നു പറയുന്നത് ഒരു നിർമ്മാതാവു തന്നെയാണ് എന്നതാണ് വിചിത്രം! അതും നിർമ്മാതാക്കൾ തമ്മിലുള്ള പടലപ്പിണക്കത്തിന്റെ ബാക്കി പത്രമെന്ന നിലയിൽ. ഒരു വനിതാ നിർമ്മാതാവ് തന്നെ കാര്യങ്ങൾ തുറന്നു പറയുന്നു. സാമ്പത്തിക ക്രമക്കേടിന്റേയും നികുതി വെട്ടിപ്പിന്റേയും ചരിത്രമുള്ള ആർ.ബി. ചൗധരിയുടെ പേരുപോലും മലയാള സിനിമാ നിർമ്മാണത്തിന്റെ അണിയറയിൽ കേൾക്കുമ്പോൾ സിനിമാ സംഘടനകൾ ഏറെക്കുറെ മൗനത്തിലാണ്.

സിനിമാ നിർമാതാക്കളുടെ സംഘടന സിനിമകളുടെ ലാഭനഷ്ട കണക്കുകൾ പുറത്തുവിടാൻ തുടങ്ങിയതോടെയാണ് പൊട്ടലും ചീറ്റലും തുടങ്ങിയത്. ആ കണക്കുകൾ പലരുടേയും കണക്കു കൂട്ടലുകൾ തെറ്റിച്ചു. പ്രതിഫലം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതിന്റെ പരസ്യമായ രഹസ്യങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ വിളമ്പുന്ന പ്രവണത താരങ്ങളെയും ചൊടിപ്പിച്ചു. വലിയ താരങ്ങൾ ഒന്നും മിണ്ടിയില്ല. എന്നാൽ, താരങ്ങൾക്കു വേണ്ടി പലരും ഒളിഞ്ഞും തെളിഞ്ഞും രംഗത്തുവന്നു.

vachakam
vachakam
vachakam

നിർമ്മാണച്ചെലവിന്റേയും ലാഭത്തിന്റെയും പെരുപ്പിച്ച കണക്കുകളും ചുരുക്കിയ കണക്കുകളും പ്രമുഖ നിർമ്മാതാക്കളേയും നിർമ്മാണ പങ്കാളികളായ നടന്മരേയും വെട്ടിലാക്കി. സാന്ദ്ര തോമസ് എന്ന നടിയും നിർമ്മാതാവും തുറന്നുവിട്ട ഭൂതത്തെ പിടിച്ചുകെട്ടാൻ പാടുപെടുകയാണ് മലയാള സിനിമാ ലോകം ഇപ്പോൾ. അത് കേവലം ലിസ്റ്റിൻ സ്റ്റീഫൻ എന്ന നിർമ്മാതാവുമായുള്ള വ്യക്തി വിദ്വേഷത്തിൽ നിന്ന് ഉയിർകൊണ്ട ആക്ഷേപങ്ങളായി ചുരുക്കിക്കണ്ടു കൂടാ. അധേലോകത്തിന്റെ സാന്നിദ്ധ്യം തന്നെയാണ് അത് ഉറപ്പിക്കുന്നത്.

നിർമാതാക്കൾ പുറത്തുവിടുന്ന കണക്കുകൾ കണ്ടു പേടിച്ച് സിനിമയിൽ പണം മുടക്കാൻ തയാറായി നിന്ന കേരളത്തിലെ നിർമ്മാതാക്കൾ പിൻവലിയുന്നു എന്നതാണ് ഒരു ആരോപണം. മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിനു ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുതെന്ന് സാന്ദ്ര പറയുന്നു. തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്കു വഴിവെട്ടാൻ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ സ്റ്റീഫൻ ചെയ്യുന്നു എന്നാണ് നേരിട്ടുളള വിമർശനം.

ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ മലയാള സിനിമവ്യവസായത്തിനു വേണ്ടി നല്ലകാര്യങ്ങൾ ചെയ്യാൻ ചുമതലപ്പെട്ടയാളാണ്. അടുത്ത തിരഞ്ഞെടുപ്പിൽ ഫിലിം ചേംബറിന്റെ ഭാരവാഹിയാകാനുള്ള അണിയറ നീക്കങ്ങളും അദ്ദേഹം നടത്തുന്നുണ്ടത്രേ. മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന താൽപര്യം അദ്ദേഹത്തേക്കാൾ കൂടുതൽ സംസ്ഥാനത്തിനു പുറത്തുള്ള കള്ളപ്പണ ലോബിക്കാണ്. ഒരു സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ലിസ്റ്റിൻ നടത്തിയ ഭീഷണിപ്രസംഗത്തെയും ഗൂഢലോചനയുടെ ഭാഗമായി കാണുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അടുത്തകാലത്ത് സിനിമയുടെ ലാഭനഷ്ട കണക്കുകൾ പുറത്തുവിടുന്നതും ഇത്തരമൊരു ഗൂഢതന്ത്രത്തിന്റെ ഭാഗമാണ്.

vachakam
vachakam
vachakam

തിയറ്ററുകളിൽ നിന്നു ലഭിക്കുന്ന പണത്തിന്റെ മാത്രം കണക്കു പുറത്തുവിട്ട് മലയാള സിനിമാ വ്യവസായം നഷ്ടമാണെന്നു വരുത്തി തീർത്ത് മലയാള സിനിമയിൽ നിന്നു നിക്ഷേപകരെ അകറ്റുന്ന നടപടിയാണു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇപ്പോൾ ചെയ്യുന്നത്. ആർക്കാണ് ഇതുകൊണ്ടു നേട്ടം  സാന്ദ്ര ചോദിക്കുന്നു. ലിസ്റ്റിൻ സ്റ്റീഫൻ എന്ന നിർമ്മാതാവ് മറ്റു പല സിനിമകൾക്കും കൂടി പലിശയ്ക്കു പണം നൽകുന്നയാളാണ്. മലയാളത്തിൽ സിനിമ നിർമിക്കാൻ നിക്ഷേപകർ വരാതായാൽ മറ്റു സംസ്ഥാനങ്ങളിലെ വട്ടിപ്പലിശക്കാരുടെ കൈകളിൽ കേരളത്തിലെ സിനിമാ വ്യവസായം എത്തിപ്പെടും. ഇത്തരം വട്ടിപ്പലിശക്കാരിൽ നിന്നു വൻതുക വാങ്ങി അവരുടെ ഏജന്റായാണു ലിസ്റ്റിൻ കൂടിയ പലിശയ്ക്കു പണം മുടക്കുന്നത്.

ലിസ്റ്റിന്റെ ഇപ്പോഴത്തെ ഗൂഢനീക്കങ്ങൾ അദ്ദേഹത്തിനു താൽക്കാലിക ലാഭമുണ്ടാക്കാൻ സഹായകരമായിരിക്കും. പക്ഷെ ലിസ്റ്റിൻ ഒന്ന് ഓർക്കണം ലിസ്റ്റിൻ മലയാള സിനിമ രംഗത്ത് സൃഷ്ടിക്കുന്ന 'പലിശ കുത്തകകൾ' കാര്യം നടന്നു കഴിഞ്ഞാൻ നിങ്ങളെയും വിഴുങ്ങും. അപ്പേഴേക്കും മലയാള സിനിമയുടെ ഇപ്പോഴത്തെ നിർമാതാക്കൾക്കു വംശനാശം സംഭവിച്ചിരിക്കും.
ലിസ്റ്റിന്റെ ഇപ്പോഴത്തെ വാക്കുകളിലും പ്രവർത്തികളിലും ഒരു ഒറ്റുകാരന്റെ കൊതിയും കിതപ്പും കാണുന്നുണ്ട്. പക്ഷെ അതിനു വേണ്ടി സ്വീകരിക്കുന്ന തെറ്റായ മാർഗങ്ങൾ മലയാള സിനിമയ്ക്ക് ഒട്ടും നല്ലതല്ല. വട്ടിപലിശക്കാരന്റെ സ്വാധീനവും താൽപര്യങ്ങളും കാരണം ഇപ്പോൾ ഒരു നിർമാതാവിനു നേരിട്ടു പോയി സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വിൽക്കാൻ കഴിയാത്ത സാഹചര്യമാണു മലയാളം ചാനൽ ലോകത്തുണ്ടാക്കിയിരിക്കുന്നത്. ഒരു സാധാരണ സിനിമ നിർമ്മാതാവിനും മലയാള സിനിമാ രംഗത്ത് ഒരു നിലയ്ക്കും നിലനിൽക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത്. അതൊരു ലോബിയുടെ താൽപര്യമാണ്.

അതിന്റെ കെടുതികൾ എല്ലാ സിനിമ സംഘടനകളും ചലച്ചിത്രപ്രവർത്തകരും മാധ്യമങ്ങളും തിരിച്ചറിയണം. ഇതെല്ലാം അറിഞ്ഞിട്ടും സിനിമാസംഘടനാ നേതൃത്വത്തിൽ ഇരിക്കുന്നവർ കുറ്റകരമായ മൗനം പാലിക്കുന്നു. വട്ടിപ്പലിശക്കാർ മലയാള സിനിമയിലെ ഭാവി കാര്യങ്ങൾ നിയന്ത്രിക്കാൻ സാധ്യതയുണ്ടെങ്കിൽ സിനിമ സംഘടനകൾ മാത്രമല്ല സംസ്ഥാന സർക്കാറും ഈ വിഷയത്തിൽ ഇടപെടണം. വട്ടിപ്പലിശയുടെ ഉപോല്പന്നങ്ങളാണ് അക്രമണവും ഭീഷണി പോലുള്ള ക്രിമിനൽ പ്രവൃത്തികൾ. അത്തരം ക്രിമിനൽ സ്വഭാവമുള്ള നടപടികൾ നിർമ്മാതാക്കൾക്ക് ഉണ്ടായിട്ടുണ്ടോ? ഭീഷണി മൂലം പുറത്ത് പറയാത്തതണോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ വിധേയമാക്കണം. അതിന് പ്രത്യേകം അന്വേഷണം നടത്തണം.. എല്ലാമറിയുന്ന ഒരു നിർമ്മാതാവിന്റെ വിലാപമാണ് നാം കേട്ടത്.

1980കളിലും 90കളിലും ബോളിവുഡിൽ അധോലോകത്തിന്റെ സാന്നിധ്യം വളരെ പ്രകടമായിരുന്നു. സിനിമകൾക്ക് പണം മുടക്കിയിരുന്നതും ആര് അഭിനയിക്കണമെന്ന് തീരുമാനിച്ചിരുന്നതുപോലും അബു സലീമും ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനുമൊക്കെയായിരുന്നു. ഇന്ത്യൻ സിനിമയിൽ അധോലോകത്തിന്റെ സ്വാധീനം ചലച്ചിത്ര വ്യവസായത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഒരു വശത്ത്, നിയമവിരുദ്ധ സ്രോതസ്സുകളിൽ നിന്നുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് പണമില്ലാത്ത നിർമ്മാതാക്കൾക്ക് അത്താണിയായി. അത്  പദ്ധതികൾക്ക് ധനസഹായം നൽകാനും മുൻനിര നടന്മാർക്ക് അമിതമായ ഫീസ് നൽകാനും അവരെ പ്രാപ്തരാക്കി. എന്നാൽ അധോലോക ധനസഹായത്തെ ആശ്രയിച്ച ചലച്ചിത്ര നിർമ്മാതാക്കൾ അധോലോക രാജാക്കന്മാരുടെ ഇഷ്ടങ്ങൾക്ക് വഴങ്ങേണ്ടി വന്നതോടെ വലിയ വില നൽകേണ്ടിവന്നു.

അധോലോക ശക്തികളുടെ സാന്നിധ്യം സിനിമാ ലോകത്തിന് മേൽ ഭയത്തിന്റെ നിഴൽ വീഴ്ത്തി. അഭിനേതാക്കളും സംവിധായകരും നിരന്തരമായ അക്രമ ഭീഷണികൾക്ക് കീഴിലായിരുന്നു. ബോളിവുഡിൽ അത് ഇപ്പോഴും തുടരുന്നുമുണ്ട്. ഇന്ത്യൻ സിനിമയും അധോലോകവും തമ്മിലുള്ള അവിശുദ്ധ ബന്ധം തകർക്കാൻ സർക്കാർ  ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. 1993ലെ മുംബൈ ബോംബാക്രമണത്തെത്തുടർന്ന്, ചലച്ചിത്ര വ്യവസായത്തിനുള്ളിൽ പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെ അന്വേഷണങ്ങൾ ആരംഭിച്ചു. നിരവധി ഉന്നതരെ അറസ്റ്റ് ചെയ്യുകയും ചലച്ചിത്ര നിർമ്മാണത്തിലേക്ക് കള്ളപ്പണം ഒഴുകുന്നത് തടയാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

കൂടാതെ, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) പോലുള്ള റെഗുലേറ്ററി ബോഡികൾ കുറ്റകൃത്യങ്ങളും അക്രമങ്ങളുമായി ബന്ധപ്പെട്ട പ്രമേയങ്ങളുള്ള സിനിമകളുടെ പരിശോധന ശക്തമാക്കി.  ധാർമ്മിക മാനദണ്ഡങ്ങളും നിയമപരമായ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, സിനിമകൾ റിലീസ് ചെയ്യുന്നതിന് മുമ്പ് സിബിഎഫ്‌സിയിൽ നിന്ന് ക്ലിയറൻസ് നേടേണ്ടതുണ്ട്. അധോലോകത്തിന്റെ സ്വാധീനം ഒരു പരിധിവരെ ലഘൂകരിക്കാൻ ഈ നടപടികൾ സഹായിച്ചിട്ടുണ്ടെങ്കിലും, ആഴത്തിൽ വേരൂന്നിയ അഴിമതിയും കുറ്റകൃത്യവും വേരോടെ പിഴുതെറിയുന്നതിൽ വെല്ലുവിളികൾ നിലനിൽക്കുന്നു. അത്തരം പ്രവണതകൾ മലയാള മണ്ണിലേക്കും വരികയാണോ എന്ന ഭീതിതമായ ചോദ്യത്തിന് സിനിമാ രംഗത്തെ സകല സംഘടനകളും ഉത്തരം കാണേണ്ടതുണ്ട്.

പ്രിജിത് രാജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam