കാനഡയിലെ വീട്ടുവാടകയും വിലക്കയറ്റവും: യഥാര്‍ത്ഥ വില്ലന്‍ കുടിയേറ്റക്കാരോ, അതോ നയപരമായ പരാജയമോ?

OCTOBER 31, 2026, 8:28 PM

കാനഡയില്‍ സമീപകാലത്തായി അതിവേഗം വര്‍ദ്ധിച്ചുവരുന്ന ഭവന ലഭ്യതക്കുറവും റിയല്‍ എസ്റ്റേറ്റ് വിലക്കയറ്റവും ആ രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പാര്‍പ്പിടം എന്നത് സാധാരണക്കാര്‍ക്ക് പ്രാപ്യമല്ലാതായി മാറിയപ്പോള്‍, ഇതിന്റെ പ്രധാന ഉത്തരവാദികള്‍ അടുത്തകാലത്തായി രാജ്യത്തേക്ക് ഒഴുകിയെത്തിയ കുടിയേറ്റക്കാരാണെന്ന ധാരണ കനേഡിയന്‍ പൊതുസമൂഹത്തില്‍ ശക്തമായി പ്രചരിക്കുന്നുണ്ട്.

2025-ല്‍ എന്വിറോണിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കിയ സര്‍വേ പ്രകാരം, പങ്കെടുത്ത ഭൂരിപക്ഷം ആളുകളും കാനഡയില്‍ കുടിയേറ്റം അമിതമാണെന്ന് വിശ്വസിക്കുന്നവരാണ്. അതില്‍ നാലിലൊന്നിലധികം ആളുകള്‍ ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചത് പാര്‍പ്പിട മേഖലയില്‍ കുടിയേറ്റക്കാര്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദമാണ്. എന്നാല്‍, ഈ ഭവന പ്രതിസന്ധിക്ക് പിന്നിലെ യഥാര്‍ത്ഥ കാരണക്കാര്‍ കുടിയേറ്റക്കാര്‍ തന്നെയാണോ എന്ന് വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടതുണ്ട്.

ചുരുക്കി പറഞ്ഞാല്‍, കുടിയേറ്റക്കാരുടെ വരവ് കുറഞ്ഞ നിരക്കിലുള്ള വീടുകള്‍ക്കുള്ള ആവശ്യകത വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ഇന്നത്തെ ഈ സങ്കീര്‍ണ്ണമായ പ്രതിസന്ധിയുടെ പ്രാഥമികമോ പ്രധാനപ്പെട്ടതോ ആയ കാരണം കുടിയേറ്റമല്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നടന്ന വിപുലമായ നയപരമായ മാറ്റങ്ങളാണ് കാനഡയിലെ ഭവന നിര്‍മ്മാണ മേഖലയെ മന്ദഗതിയിലാക്കുകയും സാധാരണക്കാര്‍ക്ക് വീടുകള്‍ വാങ്ങാനുള്ള ശേഷിയെ ഇല്ലാതാക്കുകയും ചെയ്തത്. ഭവന വിതരണത്തില്‍ നിന്നും അതിന്റെ വില നിയന്ത്രണങ്ങളില്‍ നിന്നും സര്‍ക്കാരുകള്‍ ഘട്ടംഘട്ടമായി പിന്‍വാങ്ങിയതും സാമ്പത്തിക മേഖലയിലുണ്ടായ പുനസംഘടനകളും ഇതിന് ആക്കം കൂട്ടി. റിയല്‍ എസ്റ്റേറ്റ് വിപണിയുടെ ഫിനാന്‍ഷ്യലൈസേഷന്‍ അഥവാ സാമ്പത്തിക വല്‍ക്കരണവും ആഗോളവല്‍ക്കരണവും ഇതിനോടൊപ്പമാണ് സംഭവിച്ചത്.

കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിലൂടെ ഭവനത്തിനായുള്ള ആവശ്യകത ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിഞ്ഞേക്കാം, എന്നാല്‍ വിപണി സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കാന്‍ അതുകൊണ്ട് മാത്രം സാധിക്കില്ല. അതിനുപുറമേ, കുടിയേറ്റം നിര്‍ത്തിവെക്കുന്നതോ വെട്ടിക്കുറയ്ക്കുന്നതോ കാനഡയുടെ സമ്പദ്‌വ്യവസ്ഥയില്‍ വലിയ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കും. രാജ്യത്ത് പ്രായമായ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, കണ്‍സ്ട്രക്ഷന്‍, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ നിര്‍ണായക മേഖലകളില്‍ വിദഗ്ദ്ധ തൊഴിലാളി ക്ഷാമം നേരിടാന്‍ ഇത് വഴിവെക്കും. മാത്രമല്ല കുടിയേറ്റവുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന എല്ലാ പ്രശ്‌നങ്ങളും പ്രാഥമികമായി കുടിയേറ്റക്കാരുടെ മാത്രം പ്രശ്‌നമായി കാണാന്‍ കഴിയില്ല.

ഏതെങ്കിലും ഒരു സാമൂഹിക വിഷയത്തെ പ്രതിസന്ധി എന്ന് ലളിതമായി പ്രഖ്യാപിക്കുന്നത് കാര്യങ്ങളെ ഒന്നുങ്കില്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയോ അല്ലെങ്കില്‍ തെറ്റായ നിഗമനങ്ങളിലേക്ക് നയിക്കുകയോ ചെയ്യും. ഭവന ലഭ്യതക്കുറവിനെ ഒരു പെട്ടെന്നുള്ള പ്രതിസന്ധിയായി ചിത്രീകരിക്കുമ്പോള്‍, ഇതുവരെ വീടുകള്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ ലഭ്യമായിരുന്നുവെന്നും പെട്ടെന്ന് ഏതോ ഒരു ഘടകം കാരണം അത് അല്ലാതായി മാറി എന്നുമുള്ള തെറ്റായ ധാരണ ഉണ്ടാകുന്നു. പ്രശ്‌നത്തിന് ലളിതമായ ഒരു കാരണക്കാരനെ കണ്ടെത്തി അതിനെ പരിഹരിച്ചാല്‍ എല്ലാം ശരിയാകും എന്ന ചിന്തയും ഇതിന് പിന്നിലുണ്ട്. എന്നാല്‍ കാനഡയിലെ ഭവന വിലക്കയറ്റം എന്നത് വളരെക്കാലമായി രൂപപ്പെട്ടുവന്ന, പരസ്പരം വേര്‍പെടുത്താന്‍ പ്രയാസമുള്ള നിരവധി ഘടകങ്ങളുടെ ഫലമാണ്.

സ്വതന്ത്ര വിപണിക്ക് മുന്‍ഗണന നല്‍കുകയും സര്‍ക്കാരിന്റെ ഇടപെടലുകള്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്ന നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ കാനഡയില്‍ ശക്തമായി വേരൂന്നിയതാണ് പാര്‍പ്പിട രംഗത്തെ തകര്‍ച്ചയുടെ പ്രധാന അടിത്തറ. വ്യവസായങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുക, തൊഴില്‍ നിയമങ്ങളില്‍ അയവ് വരുത്തിക്കൊണ്ട് സാമ്പത്തിക രംഗം ഉദാരവല്‍ക്കരിക്കുക, സാമൂഹിക ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുക, ട്രേഡ് യൂണിയനുകളുടെ ശക്തി കുറയ്ക്കുക എന്നിവയൊക്കെ ഇത്തരം നയങ്ങളുടെ ഭാഗമായിരുന്നു. മോശമായ തൊഴില്‍ സാഹചര്യങ്ങളും ആനുകൂല്യങ്ങളുടെ വെട്ടിച്ചുരുക്കലും ജനങ്ങളുടെ തനത് വരുമാനത്തെ ബാധിച്ചപ്പോള്‍, മറുവശത്ത് ഭവന നിര്‍മ്മാണവും റിയല്‍ എസ്റ്റേറ്റ് വിപണിയും പൂര്‍ണ്ണമായും സ്വകാര്യ നിക്ഷേപകര്‍ക്ക് മുന്നില്‍ തുറന്നുകൊടുക്കപ്പെട്ടു. വിപണിയിലെ സര്‍ക്കാരിന്റെ സര്‍വ്വ നിയന്ത്രണങ്ങളും ഇല്ലാതായതോടെ അടിയന്തിര ഭവന പ്രതിസന്ധികളില്‍ ഇടപെടാനുള്ള ഭരണകൂടത്തിന്റെ ശേഷിയും നഷ്ടപ്പെട്ടു.

നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് സമാന്തരമായിട്ടാണ് റിയല്‍ എസ്റ്റേറ്റ് മേഖലയുടെ സാമ്പത്തികവല്‍ക്കരണം നടന്നത്. പാര്‍പ്പിടം എന്നത് മനുഷ്യന്റെ പ്രാഥമിക ആവശ്യമാണ് എന്നതിലുപരി ലാഭമുണ്ടാക്കാനുള്ള ഒരു സാമ്പത്തിക ആസ്തിയായി മാത്രം കാണാന്‍ ഇതോടെ വിപണി ശീലിച്ചു. 1973 മുതല്‍ കനേഡിയന്‍ സര്‍ക്കാരുകള്‍ രാജ്യത്തെ റിയല്‍ എസ്റ്റേറ്റിനെ ഒരു നിക്ഷേപ അവസരമായി വിദേശ രാജ്യങ്ങള്‍ക്ക് മുന്നില്‍, പ്രത്യേകിച്ച് ചൈന ഉള്‍പ്പെടെയുള്ള പസഫിക് റിം രാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. 1997 ലെ കൈമാറ്റത്തിന് മുന്നോടിയായി ഹോങ്കോങ്ങില്‍ നിന്നുള്ള വന്‍കിട നിക്ഷേപങ്ങള്‍ വാന്‍കൂവര്‍, ടൊറന്റോ തുടങ്ങിയ കനേഡിയന്‍ നഗരങ്ങളിലേക്ക് ഒഴുകിയെത്തി. ഇത് ഈ നഗരങ്ങളെ അന്താരാഷ്ട്ര ട്രെന്‍ഡുകള്‍ നിയന്ത്രിക്കുന്ന ആഗോള നഗരങ്ങളാക്കി മാറ്റി.

വീടുകളുടെ മൂല്യം വര്‍ദ്ധിക്കുന്നത് ചൂണ്ടിക്കാട്ടി വ്യക്തികള്‍ക്ക് വായ്പകള്‍ എടുക്കാന്‍ കഴിഞ്ഞുവെങ്കിലും, ഇതിന്റെ യഥാര്‍ത്ഥ നേട്ടം കൊയ്തത് വന്‍കിട കോര്‍പ്പറേറ്റുകളാണ്. മോര്‍ട്ട്‌ഗേജുകള്‍, ഇന്‍ഷുറന്‍സ്, ഹോം ഇക്വിറ്റി ലൈനുകള്‍, എയര്‍ബിഎന്‍ബി പോലുള്ള ഷോര്‍ട്ട്-ടേം റെന്റലുകള്‍ എന്നിവയിലൂടെ റിയല്‍ എസ്റ്റേറ്റിനെ ചുറ്റിപ്പറ്റി കോടിക്കണക്കിന് ഡോളറിന്റെ വിപണി സൃഷ്ടിക്കപ്പെട്ടു. 2024 ഫെബ്രുവരിയിലെ കണക്ക് അനുസരിച്ച്, കാനഡയിലെ റെസിഡന്‍ഷ്യല്‍ മോര്‍ട്ട്‌ഗേജുകളുടെ മാത്രം മൂല്യം 2.16 ട്രില്യണ്‍ ഡോളറാണ്. താഴ്ന്ന വരുമാനക്കാര്‍ക്ക് താങ്ങായിരുന്ന സാമൂഹിക ഭവനങ്ങള്‍ പോലും സ്വകാര്യ കമ്പനികളുടെ കൈകളിലെത്തിക്കപ്പെട്ടു.

ഇതിനോടൊപ്പം കാനഡയിലെ തൊഴില്‍ മേഖലയിലുണ്ടായ മാറ്റങ്ങള്‍ നല്ല ശമ്പളമുള്ള പ്രൊഫഷണല്‍ ജോലികളും അസ്ഥിരമായ കുറഞ്ഞ ശമ്പളമുള്ള സേവന മേഖല ജോലികളും തമ്മിലുള്ള വിടവ് വര്‍ദ്ധിപ്പിച്ചു. ഒറ്റയ്ക്ക് ജീവിക്കുന്നവരുടെ എണ്ണം കൂടിയതും സിംഗിള്‍ പാരന്റ് കുടുംബങ്ങള്‍ വര്‍ദ്ധിച്ചതും കുടുംബ വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. മുന്‍കാലങ്ങളില്‍ നല്‍കിയിരുന്ന വാടക നിയന്ത്രണങ്ങളും ക്ഷേമ പദ്ധതികളും സര്‍ക്കാര്‍ ഇല്ലാതാക്കുക കൂടി ചെയ്തതോടെ, ഉയര്‍ന്ന വരുമാനക്കാരും നിക്ഷേപകരും വസ്തുക്കളുടെ വില അനിയന്ത്രിതമായി ഉയര്‍ത്തി വിപണി സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കി.

ഈ സമ്പന്ന-ദരിദ്ര വിടവ് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. സ്വന്തമായി വീടുള്ള മാതാപിതാക്കള്‍ക്ക് അവരുടെ വീടിന്റെ മൂല്യം ഉയരുന്നത് അടിസ്ഥാനമാക്കി വായ്പകളെടുത്ത് കുട്ടികളുടെ വിദ്യാഭ്യാസത്തിനോ പുതിയ വീടിന്റെ മുന്‍കൂര്‍ പണ അടവിനോ സഹായിക്കാന്‍ കഴിയുന്നു. 1990-കളില്‍ ജനിച്ച യുവാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേകള്‍ വ്യക്തമാക്കുന്നത്, മാതാപിതാക്കള്‍ക്ക് സ്വന്തമായി വീടുള്ളവര്‍ക്ക് പുതിയ വീട് സ്വന്തമാക്കാന്‍ രണ്ടിരട്ടി സാധ്യതയുണ്ടെന്നാണ്. മാതാപിതാക്കള്‍ക്ക് ഒന്നില്‍ക്കൂടുതല്‍ സ്വത്തുക്കളുണ്ടെങ്കില്‍ ഈ സാധ്യത അതിലും വര്‍ദ്ധിക്കുന്നു. അതായത്, ഭവന വിപണിയിലെ ഈ അനീതി വരുംതലമുറകളിലേക്കും പടരുകയാണ്.

താല്‍ക്കാലിക വിദേശ തൊഴിലാളികളും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുമാണ് ഭവന പ്രതിസന്ധിക്ക് കാരണമെന്ന് മാധ്യമങ്ങള്‍ എളുപ്പത്തില്‍ കുറ്റപ്പെടുത്താറുണ്ട്. ഈ കുടിയേറ്റ വഴികളില്‍ സര്‍ക്കാരിന് നിയന്ത്രണം നഷ്ടപ്പെട്ടു എന്ന് സ്ഥാപിക്കുന്നത് വഴി പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികളെ മറച്ചുവെക്കാനും പുതുതായി എത്തുന്നവരെ ബലിയാടുകളാക്കാനും സാധിക്കുന്നു. വാസ്തവത്തില്‍, കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ള തൊഴിലാളികളെ നിര്‍മ്മാണ മേഖലയിലും സേവന മേഖലയിലും നിലനിര്‍ത്താനും, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ വരുത്തിയ ഗ്രാന്‍ഡ് വെട്ടിക്കുറയ്ക്കലുകള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഉയര്‍ന്ന ഫീസ് കൊണ്ട് നികത്താനുമാണ് ഭരണകൂടം ഈ നയം സ്വീകരിച്ചത്.

1970 ല്‍ വിദ്യാഭ്യാസത്തിന് ജിഡിപിയുടെ 2.5 ശതമാനം ചെലവഴിച്ചിരുന്ന സര്‍ക്കാര്‍ 2020 ആയപ്പോഴേക്കും അത് 1.2 ശതമാനമായി കുറച്ചു. ഈ വിടവ് നികത്തുന്നത് വിദേശ വിദ്യാര്‍ത്ഥികളുടെ പണമാണ്. പ്രശ്‌നത്തിന് ലളിതമായ വിശദീകരണം നല്‍കുന്നു എന്നതിനാലും, കുടിയേറ്റക്കാരുടെ എണ്ണം സര്‍ക്കാരിന് പെട്ടെന്ന് വെട്ടിച്ചുരുക്കാന്‍ സാധിക്കും എന്നതിനാലും ഇതിനെ ഒരു കുടിയേറ്റ പ്രശ്‌നമായി ചിത്രീകരിക്കാന്‍ എളുപ്പമാണ്. എന്നാല്‍, സ്വകാര്യ വിപണിക്ക് വിട്ടുകൊടുത്ത ഭവന മേഖലയെ വീണ്ടും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുകയോ, റിയല്‍ എസ്റ്റേറ്റിലെ കോര്‍പ്പറേറ്റ് സ്വാധീനം അവസാനിപ്പിക്കുകയോ ചെയ്യുക എന്നത് കഠിനമായ കാര്യമാണ്.

അതോടൊപ്പം, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതില്‍ ഭയമുണ്ട്. നിലവില്‍ കാനഡയില്‍ സ്വന്തമായി വീടുള്ള 23 ശതമാനത്തിലധികം വരുന്ന വോട്ടര്‍മാരും, വോട്ട് ചെയ്യാന്‍ മുന്‍പന്തിയിലുള്ള മുതിര്‍ന്ന പൗരന്മാരും തങ്ങളുടെ വീടുകളുടെ വിപണി മൂല്യം കുറയുന്ന ഒരു നയത്തെയും പിന്തുണയ്ക്കില്ല. ഇത് രാഷ്ട്രീയക്കാരെ യഥാര്‍ത്ഥ പരിഹാരങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ കുടിയേറ്റക്കാരുടെ എണ്ണം കുറച്ചതുകൊണ്ട് മാത്രം കാനഡയിലെ ഭവന പ്രതിസന്ധി പരിഹരിക്കപ്പെടില്ല. രാജ്യത്തിന്റെ ജനസംഖ്യാ വളര്‍ച്ചയുടെ 75 ശതമാനവും തൊഴില്‍ ശക്തിയുടെ പൂര്‍ണ്ണ വളര്‍ച്ചയും കുടിയേറ്റത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.

ഹെല്‍ത്ത് കെയര്‍ മേഖലയിലെ ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, നഴ്സുമാര്‍ എന്നിവരില്‍ വലിയൊരു പങ്കും കുടിയേറ്റക്കാരാണ്. അതിലുപരിയായി, വീടുകള്‍ നിര്‍മ്മിക്കുന്ന നിര്‍മ്മാണ മേഖലയിലെ ആര്‍ക്കിടെക്റ്റുകള്‍, സിവില്‍ എഞ്ചിനീയര്‍മാര്‍, പ്ലംബര്‍മാര്‍, കാര്‍പെന്റര്‍മാര്‍, കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍ എന്നിവരില്‍ 15 മുതല്‍ 41 ശതമാനം വരെ കുടിയേറ്റക്കാരാണ്. കുടിയേറ്റം പെട്ടെന്ന് നിര്‍ത്തിയാല്‍ അത് നിര്‍മ്മാണ മേഖലയെ തകര്‍ക്കുകയും വീടുകളുടെ വിതരണം പൂര്‍ണ്ണമായി നിലയ്ക്കുകയും ചെയ്യും.

ചുരുക്കത്തില്‍ സങ്കീര്‍ണ്ണമായ ഒരു ഭവന പ്രതിസന്ധിക്ക് പരിഹാരമായി കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നത് കൂടുതല്‍ വലിയ വിപത്തുകളിലേക്ക് കാനഡയെ നയിക്കും. ഭവനത്തിനായുള്ള ആവശ്യകത കുറഞ്ഞേക്കാം എങ്കിലും, വീടുകളുടെ നിര്‍മ്മാണം നിലയ്ക്കുകയും, ആരോഗ്യ മേഖല തകരുകയും, നികുതിഭാരം വര്‍ദ്ധിക്കുകയും, അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയും ചെയ്യും. ഭവന ലഭ്യതക്കുറവിന് പിന്നിലെ യഥാര്‍ത്ഥ സാമ്പത്തിക നയപരമായ കാരണങ്ങളും രാഷ്ട്രീയ താത്പര്യങ്ങളും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുക മാത്രമാണ് ഈ പ്രതിസന്ധി മറികടക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം.

English summary

Although rising housing costs have led many Canadians to blame recent immigration for the country's housing crisis, expert analysis shows that immigration is merely an accelerator rather than the root cause. The true drivers of the crisis stem from decades of neoliberal policy shifts—such as reduced government investment in social housing, the privatization and financialization of real estate into speculative assets, stagnant wages, and diminished social safety nets. Crucially, drastically reducing immigration would fail to solve the crisis and instead create severe labor shortages in essential sectors, directly undermining the construction workforce needed to build new homes as well as compromising healthcare and higher education funding.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam