ഒരു ഇന്ത്യൻ പ്രണയകഥ

NOVEMBER 25, 2026, 6:02 AM

2004ലെ തിരഞ്ഞെടുപ്പ് വിജയം തെരുവിൽ ആഘോഷിച്ചുകൊണ്ടിരിക്കെയാണ് അടിയന്തരമായി ഡൽഹിയിലെത്തുന്നതിനുള്ള വിളിയുണ്ടായത്. പ്രധാനമന്ത്രിയാകാൻ സോണിയ ഗാന്ധിയെ സഹായിക്കുന്നതിനുള്ള വിളിയായിരുന്നു അത്. ഒരു ക്രിസ്ത്യാനി പ്രധാനമന്ത്രിയാകുന്നതിനുള്ള അടുത്തെങ്ങും ആവർത്തിക്കപ്പെടാനിടയില്ലാത്ത സന്ദർഭമായിരുന്നിട്ടും ഞാൻ സന്തുഷ്ടനായില്ല.

ബി.ജെ.പി പ്രകടിപ്പിക്കുന്ന വിരോധത്തിനു തുല്യമായ വിരോധം ആ രാഷ്ട്രീയകുടുംബത്തോട് എനിക്കുണ്ടായിരുന്നു. ഡൽഹിയിലെത്തിയപ്പോൾ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുന്നില്ലെന്ന വിവരം കിട്ടി. അത് അനല്പമായ സംതൃപ്തിക്ക് കാരണമായി. ഒരു ഉൾവിളിയോ വീണ്ടുവിചാരമോ ആണ് മനംമാറ്റത്തിന് കാരണമായതെന്ന് ബിലോങ്ങിങ് - എ ജേണി ഓഫ് ലവ് എന്ന ആത്മകഥയിൽ സോണിയ ഗാന്ധി പറയുന്നു.

രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുൽ കലാമിന്റെ സ്വകാര്യമായി വെളിപ്പെടുത്തപ്പെട്ട നിലപാടാണ് സോണിയയുടെ നിലപാടുമാറ്റത്തിനു കാരണമായതെന്ന് കേട്ടിരുന്നു. സിനിമയാക്കാൻ സാധ്യതയുള്ള കഥയിലെ സിനിമയ്ക്കു ചേർന്ന ട്വിസ്റ്റായിരുന്നു അത്. പക്ഷേ അവിടെനിന്ന് സോണിയ ഗാന്ധിയുടെ മറ്റൊരു മുഖം കണ്ടുതുടങ്ങി. ആ പരിവർത്തനം ജേണി ഓഫ് ലവ് എന്ന ഉപശീർഷകത്തെ സാധൂകരിക്കുന്നു. ഫാസിസത്തിന്റെ നാട്ടിൽനിന്നെത്തിയ സോണിയ തികഞ്ഞ ജനാധിപത്യവാദിയായി.

vachakam
vachakam
vachakam

ഇന്ത്യയെ സ്‌നേഹിക്കുന്ന മകളായി. മാനവികത അവരുടെ മുഖമുദ്രയായി. സൗഭാഗ്യത്തിന്റെ ഉന്നതിയിൽ പരിത്യാഗം നൽകിയ വൈശിഷ്ട്യശോഭയിൽ ഗ്രീക് ട്രാജഡിയിലെ നായികയെപ്പോലെ അവർ പുനഃരവതരിച്ചു. കഥയിൽ നേരിട്ട് പങ്കെടുത്തവർ വിവരണത്തിൽ വിയോജിക്കുമ്പോഴാണ് കഥയ്ക്ക് ഉദ്വേഗമുണ്ടാകുന്നത്. സോണിയ ഗാന്ധിയുടേതിൽനിന്ന് വ്യത്യസ്തമായ വിവരണം അക്കാലത്തെ സംഭവങ്ങളിലെ പ്രധാനകഥാപാത്രമായിരുന്ന പ്രണബ് മുഖർജി നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രിയാകണമെന്ന് തീവ്രമായി ആഗ്രഹിച്ചിരുന്നയാളാണ് പ്രണബ് മുഖർജി. ഞങ്ങൾ എംപിമാരുടെ പ്രതീക്ഷയും അതായിരുന്നു. പക്ഷേ ഫ്രെയ്മിൽ ഒരിടത്തും ഇല്ലാതിരുന്ന മൻമോഹൻ സിങ് പ്രധാനമന്ത്രിയായി. ആക്‌സിഡെന്റൽ പ്രൈം മിനിസ്റ്റർ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്. ഇന്ന് നരേന്ദ്ര മോദിയും മറ്റും കാണിക്കുന്ന വെപ്രാളമൊന്നും കാണിക്കാതെ അദ്ദേഹം പത്തു വർഷം പ്രധാനമന്ത്രിയായിരുന്നു. ഏറെക്കുറെ നിശ്ശബ്ദനായ പ്രധാനമന്ത്രി.

സോണിയ ഗാന്ധിയും ഹർകിഷൻ സിങ് സുർജിത്തും തമ്മിലുള്ള സൗഹൃദം മന്ത്രിസഭയുടെ ഭദ്രതയുടെ ഉറപ്പായി. ഉപാധികളില്ലാതെ 64 എംപിമാരെ സുർജിത് സോണിയയുടെ പിന്നിൽ അണിനിരത്തി. മൂല്യവത്തായ ഉപദേശങ്ങളും നിർദേശങ്ങളും നൽകി. പ്രതിസന്ധികളിൽ ഇടപെടുകയെന്നതു മാത്രമായി പ്രണബ് മുഖർജിയുടെ ദൗത്യം. വിശ്വാസവോട്ടിൽ ഭൂരിപക്ഷം ഉറപ്പിക്കുന്നതിന് മുഖർജി നടത്തിയ ശരിയായതും ശരിയല്ലാത്തതുമായ ഇടപെടലുകൾ പ്രസിദ്ധമാണ്.

vachakam
vachakam
vachakam

സുർജിത് ഉണ്ടായിരുന്നുവെങ്കിൽ പിന്തുണ പിൻവലിക്കലും തുടർന്നുള്ള വിശ്വാസവോട്ടും ഉണ്ടാകുമായിരുന്നില്ല. സുർജിത്തുമായുള്ള ബന്ധത്തിൽ ഉണ്ടായിരുന്ന ഊഷ്മളത പ്രകാശ് കാരാട്ടുമായുള്ള ബന്ധത്തിൽ നിലനിർത്താൻ സോണിയയ്ക്കു കഴിഞ്ഞില്ല. സുർജിതിന്റെ പിൻഗാമി സീതാറാം യെച്ചൂരി ആയിരുന്നെങ്കിലും ഫലപ്രദമായ തുടർച്ച ഉണ്ടാകുമായിരുന്നു. അക്കാദമിക് മാർക്‌സിസ്റ്റായിരുന്ന പ്രകാശ് കാരാട്ടിനുണ്ടായ ഇടർച്ച സംവിധാനത്തിന്റെ ഭദ്രതയെ ബാധിച്ചു.

താത്പര്യങ്ങളും പ്രതീക്ഷകളും അവസാനിക്കുന്ന പ്രശാന്തമായ അവസ്ഥയിലാണ് ആത്മകഥ എഴുതേണ്ടത്. ജയിലാണ് അതിനു പറ്റിയ ഇടം. മഹാത്മ ഗാന്ധിയും ജവാഹർലാൽ നെഹ്‌റുവും നെൽസൺ മണ്ടേലയും ഉൾപ്പെടെ പലരും കാരാഗൃഹത്തെ എഴുത്തുപുരയാക്കിയവരാണ്. ഡെറാഡൂണിലെ ജയിൽവാസത്തിനിടയിലാണ് നെഹ്‌റു ആത്മകഥയെഴുതിയത്. 1935ൽ പൂർത്തിയാക്കിയ പുസ്തകത്തിൽ പ്രധാനമന്ത്രിയെന്ന നിലയിൽ ലോകമറിയുന്ന നെഹ്‌റുവില്ല.

കോവിഡ് ഏൽപിച്ച നിർബന്ധിത അടച്ചുപൂട്ടലിന്റെ ഏകാന്തതയിലും വിഭ്രാന്തിയിലുമാണ് ഞാൻ എന്റെ ആത്മകഥ എഴുതിയത്. ചരിത്രം തന്നോട് ദയ കാണിക്കുന്നതിന് താൻതന്നെ ആ ചരിത്രമെഴുതുന്നുവെന്ന് വിൻസ്റ്റൻ ചർച്ചിൽ പറഞ്ഞിട്ടുണ്ട്. ഫലിതമാണെങ്കിലും പ്രസ്താവനയിൽ കാര്യമുണ്ട്. മറക്കേണ്ടത് മറച്ചുകൊണ്ട് എഴുതപ്പെടുന്ന ചരിത്രമാണ് രാഷ്ട്രീയസ്വഭാവമുള്ള ആത്മകഥ. സോക്രട്ടീസ് മുതൽ ജോൺസൺവരെ ഒന്നും എഴുതിയിട്ടില്ലാത്തവരാണ്.

vachakam
vachakam
vachakam

സോക്രട്ടീസിനു പ്‌ളാറ്റോയും ജോൺസണ് ബോസ്വെല്ലും ഉണ്ടായി. വിരൽകൊണ്ട് നിലത്തെഴുതിയ സന്ദർഭം മാത്രമാണ് ജീസസിന്റെ ജീവിതത്തിലുണ്ടായത്. പക്ഷേ അദ്ദേഹത്തിന് ഒന്നിനൊന്ന് മികച്ചതെന്ന രീതിയിൽ നാല് സുവിശേഷ രചയിതാക്കളുണ്ടായി. ജീവിക്കുന്നതല്ല ഓർമിക്കുന്നതാണ് ജീവിതമെന്നു പറഞ്ഞത് മാർക്വേസാണ്. ഓർമിക്കുക എന്നു പറഞ്ഞാൽ ഓർത്തു പറയുക എന്നാണർത്ഥം. ആ ദൗത്യമാണ് രാഷ്ട്രീയമായി മൂല്യമുള്ള ആത്മകഥാരചനയിലൂടെ സോണിയ ഗാന്ധി നിർവഹിച്ചിരിക്കുന്നത്. നെഹ്‌റുവിനുശേഷം ആ കുടുംബത്തിന്റെ ആഖ്യായികാകാരിയാകാൻ അവസരം ലഭിച്ചത് സോണിയ ഗാന്ധിക്കാണ്. 

തന്നെ ഇംഗ്‌ളിഷ് പഠിപ്പിച്ചത് പ്രൊഫസറാണ് പരിചാരികയല്ല എന്ന് ഒരിക്കൽ രാജീവ് ഗാന്ധിയോട് പ്രൊഫസർ മധു ദന്തവാദെ പറഞ്ഞു. ദന്തവാദെയുടെ പ്രൗഢമായ ഭാഷയെ രാജീവ് ഗാന്ധി പരിഹസിച്ചപ്പോഴായിരുന്നു സാന്ദർഭികമായി ശരിയും രാഷ്ട്രീയമായി ശരിയല്ലാത്തതുമായ പ്രസ്താവനയുണ്ടായത്. അധികവരുമാനത്തിനുവേണ്ടി വിദേശവിദ്യാർഥികൾ റസ്റ്ററന്റിലും മറ്റും പണിയെടുക്കുന്നത് യൂറോപ്പിലെ പതിവുകാഴ്ചയാണ്. പ്രത്യാഘാതമുളവാക്കുന്ന അനുചിതമായ ഭാഷ രാജീവ് ഗാന്ധിയുടെ ദൗർബല്യമായിരുന്നു. ആന്ധ്രാക്കാരുടെ ആത്മഗൗരവത്തെ സ്പർശിച്ച അത്തരമൊരു പ്രസ്താവനയിൽനിന്നാണ് തെലുഗുദേശം പാർട്ടിയും എൻ.ടി രാമറാവു എന്ന നേതാവും പിറന്നത്.

സംസാരം പരിമിതമായിരുന്നതിനാലാവാം സോണിയ ഗാന്ധിക്ക് അത്തരം വീഴ്ചകൾ ഉണ്ടായിട്ടില്ല. അനുചിതമെന്നു പറയാവുന്ന ഒന്നും അവരുടെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ മകനെ പ്രണയിച്ച് ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുടെ ഭാര്യയായിത്തീർന്നയാളാണ് സോണിയ ഗാന്ധി. അക്കാലമായിരുന്നു അവരുടെ ശ്രേഷ്ഠകാലം. അന്തസോടെ അവർ പ്രധാനമന്ത്രിക്കൊപ്പം നിന്നു. സന്ദർഭത്തിനു അനുയോജ്യമായ നിശ്ശബ്ദതയായിരുന്നു അവരുടെ മുഖമുദ്ര. അങ്ങനെയാണ് ആ ഇറ്റലിക്കാരി ഇന്ത്യയുടെ പ്രേമഭാജനമായത്. വിദേശിയുടെ ഭാവാദികൾ പൂർണമായും ഒഴിവാക്കിക്കൊണ്ട് സമ്പൂർണമായും ഇന്ത്യക്കാരിയായിത്തീർന്ന പരിവർത്തനമായിരുന്നു അത്.

അധ്യാപികയായി കൊൽക്കത്തയിലെത്തിയ അൽബേനിയൻ കന്യാസ്ത്രി മദർ തെരേസ എന്ന പേരിൽ ഇന്ത്യക്കാർക്ക് അമ്മയായി മാറിയതിനു സമാനമായ പരിവർത്തനമായിരുന്നു അത്. രാഷ്ട്രീയവും ആത്മസമർപ്പണം ആവശ്യപ്പെടുന്ന ശുശ്രൂഷയാണ്. മഹാത്മ ഗാന്ധിക്ക് ആത്മകഥാരചന സത്യാന്വേഷണത്തിന്റെ ഭാഗമായിരുന്നു. എല്ലാ ആത്മകഥകളും അങ്ങനെയല്ല. രണ്ട് പ്രധാനമന്ത്രിമാരെയും തദ്വാര ഒരു കുടുംബത്തെയും ന്യായീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് സോണിയ ഗാന്ധി ഏർപ്പെട്ടത്.

മറന്നത് ഓർത്തെടുക്കാനുള്ള അവസരമാണ് രചനയിലൂടെ രാഷ്ട്രീയ എതിരാളികൾക്ക് സോണിയ ഗാന്ധി നൽകിയത്. അടിയന്തരാവസ്ഥയുടെ മങ്ങാത്ത കറ ഇന്ദിര ഗാന്ധിയുടെ പ്രതിഛായയിൽനിന്ന് നീക്കം ചെയ്യാനുള്ള പ്രാപ്തി സോണിയ ഗാന്ധിക്കില്ല. വൻമരം വീഴുമ്പോൾ എന്നു തുടങ്ങി രാജീവ് ഗാന്ധിയുടെ ജീവിതത്തിലെ വിശദീകരണം ആവശ്യമുള്ള സന്ദർഭങ്ങൾ സോണിയ ഗാന്ധി സ്പർശിക്കാതെ വിട്ടു. ചരിത്രത്തിന് ആ കുടുംബത്തോട് അനുകമ്പയുള്ളതുപോലെ ദയാരാഹിത്യവുമുണ്ട്.

കടങ്ങൾ എഴുതിത്തള്ളാനോ വീട്ടാനോ സോണിയയ്ക്ക് കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രിപദം ലക്ഷ്യമാക്കി മുന്നേറുന്ന മകന്റെ ചുമലിൽ ദുർവഹമായ ഭൂതകാലഭാരം കെട്ടിവയ്ക്കാതിരിക്കുന്നതിനുള്ള ശ്രമത്തിൽ പലതും പറയാതെ വിടേണ്ടിവരും. കുടുംബത്തിലെ നാലാമത്തെ പ്രധാനമന്ത്രിക്ക് വഴിയൊരുക്കുന്നതിനു ഉത്തരവാദിത്വമുള്ള അമ്മ ഓർമകൾ രേഖപ്പെടുത്തുമ്പോൾ സെലക്ടീവ് ആകുന്നത് സ്വാഭാവികമാണ്. ഓർമകളേക്കാൾ പ്രധാനപ്പെട്ടതാണ് പ്രതീക്ഷകൾ.

ഡോ.സെബാസ്റ്റ്യൻ പോൾ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam