തൊലി വെളുപ്പിക്കാൻ അധിക ത്വര; വൃക്കകൾ തകരുന്നു

NOVEMBER 25, 2026, 7:33 AM

'എക്‌സ്‌ക്യൂസ് മീ, ഏതു കോളേജിലാ?' രണ്ടു പതിറ്റാണ്ടു മുമ്പ് ടിവി ചാനലുകളിലൂടെ മലയാളികളുടെ മനസിൽ തരംഗമായ പരസ്യ വാചകം. സന്തൂർ സോപ്പിനെ വിജയക്കൊടുമുടിയേറാൻ തുണച്ച ഈ ഡയലോഗ് ചർമ്മകാന്തിയോടുള്ള പൊതുഭ്രമത്തിന്റെ നിദർശനമായി. തൊലി വെളുപ്പിക്കാനുള്ള മലയാളികളുടെ ത്വരയ്ക്കു പിന്നിലെ സാമ്പത്തിക മോഹമാകട്ടെ സോഷ്യൽ മീഡിയയുടെ വരവോടെ അണപൊട്ടി. പ്രവാചക ദൗത്യം സ്വയം ശിരസിലേറ്റിയ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാരുടെ അതിക്രമത്തിലൂടെ ഇപ്പോൾ ഇതിന്റെ മറുവശം വ്യക്തമായി കാണാൻ അവസരം ലഭിച്ചിരിക്കുന്നു കേരളത്തിന്.

ഫേസ്‌ക്രീമുകളുടെ അമിത ഉപയോഗം കേരളത്തിൽ ഗുരുതരമായ വൃക്കരോഗങ്ങൾ വ്യാപകമാക്കുന്നു. അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണിത്. 'ദിവസങ്ങൾക്കുള്ളിൽ വെളുപ്പിക്കാം', 'ചർമകാന്തി വർധിപ്പിക്കാം' തുടങ്ങിയ ആകർഷക വാഗ്ദാനങ്ങളുമായുള്ള പരസ്യങ്ങളുടെയും സമൂഹമാധ്യമ വിപണന തന്ത്രങ്ങളുടെയും കെണിയിൽവീണ്, അനേകം പേർ സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കുന്നു. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാരെയും സെലിബ്രിറ്റികളെയും ഉപയോഗിച്ചുള്ള ആകർഷകമായ പരസ്യങ്ങളാണ് ഇത്തരം ഉത്പന്നങ്ങളിലേക്ക് ജനങ്ങളെ ആകർഷിക്കുന്നത്.

സൗന്ദര്യമെന്നാൽ വെളുത്ത നിറം തന്നെയെന്ന തെറ്റായ ബോധം കേരള സമൂഹത്തിൽ, പ്രത്യേകിച്ച് യുവതലമുറയിൽ വേരൂന്നിയത് ഏതു കാലം മുതലാണെന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. കറുത്ത പാടുകളില്ലാത്ത, തിളങ്ങുന്ന വെളുത്ത ചർമമാണ് ആത്മവിശ്വാസത്തിന്റെയും സാമൂഹിക സ്വീകാര്യതയുടെയും വിജയത്തിന്റെയും അടിസ്ഥാനമെന്ന് സൗന്ദര്യവർധക വിപണി തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നു. കെമിക്കൽ ഘടകങ്ങൾ അഥവാ ചേരുവകൾ ഉപയോഗിച്ചിട്ടില്ല എന്ന് കുപ്പിയിലെ അറിയിപ്പിൽ പറയുമെങ്കിലും രാസവസ്തുക്കൾ ചേരാത്ത സൗന്ദര്യവർദ്ധക സാധനങ്ങൾ അപൂർവമാണ് എന്നതാണ് വസ്തുത.

vachakam
vachakam
vachakam

പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള വ്യാജനുകളും സുലഭം. കോർപ്പറേറ്റുകളുടെ ലാഭക്കൊതിയിൽ പിറക്കുന്ന 'വെളുപ്പ് സൗന്ദര്യ' സങ്കൽപങ്ങൾക്കും നിറത്തിന്റെ പേരിൽ അപകർഷബോധം വളർത്തുന്ന കച്ചവട തന്ത്രങ്ങൾക്കും മുന്നിൽ സ്വന്തം ആരോഗ്യം ബലികൊടുക്കുന്നു യുവതീയുവാക്കൾ.  

സൗന്ദര്യവർദ്ധക സാധനങ്ങളുടെ ആഗോള മാർക്കറ്റ് കോടാനുകോടി രൂപയുടേതാണ്. സൗന്ദര്യം വർദ്ധിപ്പിക്കാൻ നൂറുകണക്കിന് വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങളാണ് ഇന്ന് എവിടെയും ലഭ്യമായിട്ടുള്ളത്. ചെറിയ കുപ്പിയിലുള്ള ഒരു ക്രീമിന് മൂവായിരത്തിലധികം രൂപ വിലയാകുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇതിന്റെ കച്ചവടം റീട്ടെയിൽ മാർക്കറ്റിൽ ഉള്ളതിനേക്കാൾ കൂടുതൽ ഓൺലൈനിലൂടെയാണ് നടക്കുന്നത്. ഇത് ഉപയോഗിക്കുന്നവർക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ ആശങ്ക ഉണർത്തുന്നതാണ്. ഇതുപയോഗിച്ചാൽ സൗന്ദര്യം കൂടുമെന്നത് സമൂഹത്തിൽ പരക്കെ പ്രചരിച്ചിട്ടുള്ള ഒരു തെറ്റായ ബോധമാണ്.

മലപ്പുറം ജില്ലയിൽ 17 വയസുള്ള പെൺകുട്ടിക്ക് ഇത്തരം ക്രീമുകളുടെ ഉപയോഗത്തിലൂടെ വൃക്കരോഗം ബാധിച്ചു. മുഖത്തും കാലിലും നീരുവന്ന നിലയിൽ ആശുപത്രിയിലെത്തിയ കുട്ടിയിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ, വൃക്കയിലെ അരിപ്പകൾ തകരാറിലായി മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയാണെന്ന് കണ്ടെത്തി. ചർമകാന്തി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഇത്തരം ക്രീമുകളിലെ പ്രധാന വില്ലൻ 'മെർക്കുറി' (രസം) എന്ന അതിമാരക വിഷാംശമുള്ള ഘനലോഹമാണെന്ന് ഡോക്ടർമാർ പറയുന്നു. ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് നേരിടേണ്ടിവന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും മാനസികസാമ്പത്തിക തകർച്ചകളും ഗായകൻ സലിം കോടത്തൂരും പങ്കുവച്ചതിങ്ങനെ:

vachakam
vachakam
vachakam

ഏകദേശം പത്ത് വർഷം മുൻപ് കാസർകോടുള്ള സുഹൃത്ത് വഴിയാണ് ഇത്തരമൊരു ക്രീം ലഭിച്ചത്. മറ്റൊരു ഗായകൻ നിറം വച്ചത് കണ്ടുള്ള അന്വേഷണത്തിലാണ് ക്രീമിനെക്കുറിച്ച് അറിയുന്നത്. ഒന്നര ബോട്ടിൽ ക്രീം ഉപയോഗിച്ചതോടെ ഒരാഴ്ചയ്ക്കുള്ളിൽ നിറം വച്ചെങ്കിലും ഒന്നൊന്നര മാസത്തിനുള്ളിൽ മൂത്രത്തിൽ അണുബാധ പോലുള്ള പ്രശ്‌നങ്ങൾ ആരംഭിച്ചു. ആ സമയത്ത് ക്രീമാണ് കാരണമെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ആശുപത്രിയിൽ ചികിത്സ തേടി ഡിസ്ചാർജ് ആയതിന് പിന്നാലെ ദിവസങ്ങൾക്കുള്ളിൽ അണുബാധ ആവർത്തിച്ച് കൊണ്ടിരുന്നു.

പിന്നീട് കണ്ണിന്റെ പോളയിലും കാലിലും നീരുവരികയും കടുത്ത ക്ഷീണം അനുഭവപ്പെടുകയും ചെയ്തു. മൂത്രത്തിൽ പത കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥ ഡോക്ടർമാർ കണ്ടെത്തിയത്. നെഫ്രോളജിസ്റ്റിനെ സമീപിച്ചപ്പോൾ കിഡ്‌നിയോ ബ്ലഡോ തകരാറിലാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചു.  ബയോപ്‌സി ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷമാണ് 'മെംബ്രണസ് നെഫ്രോപ്പതി' എന്ന രോഗമാണ് ബാധിച്ചതെന്ന് വ്യക്തമായത്. രക്തത്തിൽ മെർക്കുറിയുടെ അളവ് കൂടിയതും പരിശോധനയിൽ കണ്ടെത്തി.

തുടക്കത്തിൽ മരുന്നുകൾ ശരീരത്തിൽ വേണ്ടത്ര ഫലിക്കാത്ത അവസ്ഥയുണ്ടായി. ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വന്നേക്കാമെന്ന ആശങ്കകൾക്കിടയിലും കൊച്ചിയിലെ നെഫ്രോളജിസ്റ്റിന്റെ കീഴിൽ സ്റ്റിറോയ്ഡ് അടക്കമുള്ള ചികിത്സകൾ ആരംഭിച്ചു. ഏകദേശം എട്ട് മാസത്തോളം എല്ലാ മാസവും മൂന്ന് ദിവസം വീതം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ചികിത്സ തേടേണ്ടി വന്നു. അണുബാധ ഒഴിവാക്കാൻ ചില പല്ലുകൾ നീക്കം ചെയ്യേണ്ട സാഹചര്യവും ഉണ്ടായി. ഒടുവിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രാർഥനയുടെയും ചികിത്സയുടെയും ഫലമായി അസുഖത്തിൽ നിന്ന് പൂർണമുക്തി നേടാൻ സാധിച്ചു.

vachakam
vachakam
vachakam

അസുഖം ഭേദമായെങ്കിലും അതിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്ന് സലിം കോടത്തൂർ പറയുന്നു. ചികിത്സയുടെയും ആരോഗ്യപ്രശ്‌നങ്ങളുടെയും ഭാഗമായി ഏകദേശം ഒരു വർഷത്തോളം പരിപാടികൾ ഒഴിവക്കേണ്ടി വന്നു. ഇപ്പോഴും കടുത്ത ക്ഷീണവും ഉറക്കക്കുറവും അനുഭവപ്പെടുന്നുണ്ട്. അച്ചാർ, പപ്പടം, സോഡ, കോള തുടങ്ങിയവ ഒഴിവക്കേണ്ടി വന്നു.

അത്യാവശ്യ ഘട്ടങ്ങളിൽ പോലും വേദനസംഹാരികൾ കഴിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. പേരുകൾ ഇടയ്ക്കിടെ മാറ്റി സമാനമായ ക്രീമുകൾ ഇപ്പോഴും വിപണിയിലുണ്ടെന്നും സമാന അനുഭവങ്ങൾ പങ്കുവച്ച് നിരവധി പേർ തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്നും സലിം ചൂണ്ടിക്കാണിച്ചു. സോഷ്യൽ മീഡിയയിലെയും മറ്റും പരസ്യങ്ങൾ കണ്ട് ക്രീമുകൾ വാങ്ങി ഉപയോഗിക്കരുത്.

വെറും 'കൺട്രോൾ'  

ഫേസ്‌ക്രീമുകളിൽ മെർക്കുറിയുടെ അനുവദനീയ അളവ് വെറും 1 പി.പി.എം  മാത്രമാണെന്നിരിക്കെ, പെട്ടെന്ന് നിറം വയ്ക്കാനും വിപണിയിൽ വേഗത്തിൽ പ്രചാരം നേടുന്നതിനുമായി പല കമ്പനികളും അനുവദനീയമായതിന്റെ പതിന്മടങ്ങ് മെർക്കുറിയാണ് മുഖലേപനങ്ങളിൽ ചേർക്കുന്നത്. ചർമത്തിന് സ്വാഭാവിക നിറംനൽകുന്ന വർണവസ്തുവായ മെലാനിന്റെ നിർമാണത്തെ തടയുന്ന രാസവസ്തുവാണ് മെർക്കുറി. ചർമത്തിൽ കറുത്ത പാടുകളുണ്ടാക്കുന്നതും നിറം മങ്ങാൻ കാരണമാകുന്നതുമായ ടൈറോസിനേസ് എന്ന എൻസൈമിന്റെ പ്രവർത്തനത്തെ മെർക്കുറി മന്ദീഭിപ്പിക്കുമ്പോഴാണ് ഇവ ഉപയോഗിക്കുന്നവരിൽ കൃത്രിമ വെളുപ്പ് വരുന്നത്.

എന്നാൽ, പുറമെ പുരട്ടുന്ന ഈ ലേപനങ്ങളിലെ മെർക്കുറി, ചർമസുഷിരങ്ങളിലൂടെ  അതിവേഗം രക്തത്തിലാണെത്തുന്നത്. അമിത വിഷാംശം കലർന്ന അളവിലായതിനാൽ വൃക്കകൾക്കും കരളിനും ഇത് പൂർണമായി ശുദ്ധീകരിക്കാൻ കഴിയാതെ വരികയും അത് ആ അവയവങ്ങളെത്തന്നെ നശിപ്പിക്കുകയും ചെയ്യുന്നു. വൃക്കയിലെ അരിപ്പകൾ തകരാറിലാകുമ്പോൾ രക്തത്തിൽ നിലനിൽക്കേണ്ട പ്രോട്ടീൻ, മൂത്രത്തിലൂടെ പുറത്തേക്ക് പോകുന്നു. ഇതാണ് മൂത്രത്തിൽ അസാധാരണമായി പത വരാൻ കാരണമാകുന്നത്. സാധാരണയിൽ കൂടുതൽ ഇങ്ങനെ പത കാണുന്നത്പ്രോട്ടീൻ നഷ്ടപ്പെടുന്നതിന്റെയും വൃക്ക തകരാറിലാകുന്നതിന്റെയും ലക്ഷണങ്ങളിൽ പ്രധാനമാണ്.

മുഖകാന്തി വർധിപ്പിക്കാൻ ക്രീമുകൾ ഉപയോഗിക്കുന്നതുവഴി വൃക്കയുടെ പ്രവർത്തനം തടസപ്പെടുമ്പോൾ ആദ്യഘട്ടത്തിൽ രോഗലക്ഷണങ്ങൾ പുറമെ പ്രകടമാകില്ല. ഗുരുതരാവസ്ഥയിൽ എത്തുമ്പോഴാണ് രോഗവിവരം അറിയുക. സമൂഹമാധ്യമങ്ങളിലും മറ്റും വരുന്ന റീലുകളും വ്‌ളോഗർമാരുടെ പ്രമോഷൻ വീഡിയോകളുമാണ് യുവതികളെയും യുവാക്കളെയും ഇത്തരം ഗുണംകെട്ട സൗന്ദര്യവർധക വസ്തുക്കൾ വാങ്ങാൻ പ്രേരിപ്പിക്കുന്നത്. റീലുകളിലൂടെ അവർ വിപണി കണ്ടെത്തുകയും പെട്ടെന്ന് റിസൾട്ട് നൽകാൻ അമിതമായി മെർക്കുറി ചേർക്കുകയും ചെയ്യുന്നു. ഇതാണ് വൃക്ക തകരാറിലാകുന്നതിന്റെ മുഖ്യകാരണം.

ഓരോ വ്യക്തിയുടെയും ശരീരവും തൊലിയും വ്യത്യസ്തമായതിനാൽ എല്ലാ ക്രീമുകളും എല്ലാവർക്കും ചേരണം എന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. ചിലരുടെ തൊലി എണ്ണമയം ഉള്ളതായിരിക്കും. ചിലരുടേത് വരണ്ടതും. അതിനാൽ വ്‌ളോഗർമാരെ നമിക്കുന്നതിനു പകരം ഏറ്റവും അനുയോജ്യമായ ക്രീം ഏതാണെന്ന് ചർമരോഗ വിദഗ്ധനെ കൊണ്ട് ശുപാർശ ചെയ്യിപ്പിക്കുകയാണ് ഉചിതം. ഇൻസ്റ്റഗ്രാമിലും മറ്റും കാണുന്ന പല ക്രീമുകളുടെയും ഉൽപാദന സ്രോതസ് വെളിപ്പെടുത്തുന്ന വിലാസം, എത്ര തിരഞ്ഞാലും കണ്ടെത്താൻ കഴിയില്ല. പല പേരുകളിലായി വിപണിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഓൺലൈനായി വാങ്ങുന്ന ഇവ മറ്റേതെങ്കിലും സംസ്ഥാനത്ത് നിന്നായിരിക്കും എത്തുന്നത്. അവ വിപണിയിൽ ഇല്ലാത്തതിനാൽ ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന് പരിശോധന നടത്തനോ നടപടിയെടുക്കനോ സാധിക്കാത്ത സാഹചര്യമാണ്.

മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന സൗന്ദര്യവർദ്ധക പരസ്യങ്ങൾക്കും ചില നിയന്ത്രണങ്ങൾ ആവശ്യം. ഉത്തമ ബോദ്ധ്യമില്ലാതെ ഇത്തരം ഉത്പന്നങ്ങളുടെ പരസ്യത്തിന് പണത്തിന്റെ പേരിൽ മാത്രം നിന്നുകൊടുക്കാതിരിക്കാൻ സെലിബ്രിറ്റികളും ശ്രദ്ധിക്കണം. ഫെയർനെസ് ക്രീമുകളുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്ന് നടി സായ് പല്ലവി 2019 ൽ തന്നെ വെളിപ്പെടുത്തിയിരുന്നു. രണ്ട് കോടി പ്രതിഫലം പറഞ്ഞ പരസ്യമാണ് ഇക്കാരണത്താൽ നടി വേണ്ടെന്ന് വെച്ചത്. ഇതിന് വിശദീകരണമായി താരം പറഞ്ഞത് ഇങ്ങനെ: 'ഇന്ത്യക്കാരുടെ നിറം ഇതാണ്. വിദേശികളുടെ നിറം അൽപം വെളുത്തതാണ്. അതു അവരുടെ നിറം. ദക്ഷിണാഫ്രിക്കയിലുള്ളവരുടെ നിറം അൽപം ഇരുണ്ടതാണ്. അതൊക്കെ അവരുടെ വംശപാരമ്പര്യത്തിന്റെ ഭാഗമാണ്. അതിനർത്ഥം അവരൊന്നും ഭംഗിയില്ലാത്തവർ എന്നല്ലല്ലോ'.

ചെറുപ്പക്കാരാണ് തെറ്റിദ്ധാരണ പകരുന്ന പരസ്യങ്ങളുടെ ഇരകളായി മാറുന്നതെന്നതാണ് ഏറ്റവും ദൗർഭാഗ്യകരം. കടകളിൽ പരിശോധന നടത്തി വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തതു കൊണ്ടു മാത്രം ഈ വിപണിയെ നിയന്ത്രിക്കാനാവില്ല. ഓൺലൈൻ വിപണിയിലൂടെയും സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും നടക്കുന്ന വിൽപ്പനയും പ്രചാരണവും നിയന്ത്രിക്കാൻ ഫലപ്രദമായ സ്ഥിരം സംവിധാനം അനിവാര്യം. നിർമ്മാതാവിന്റെ വിലാസമോ ലൈസൻസോ ഇല്ലാത്ത ഓൺലൈൻ ഉത്പന്നങ്ങളുടെ വിൽപ്പന തടയാൻ ശക്തമായ നിയമ നടപടി വേണം. അംഗീകാരമില്ലാത്തതും അശാസ്ത്രീയവുമായ സൗന്ദര്യവർദ്ധക വസ്തുക്കൾക്കെതിരെ ഒാരോ ഉപഭോക്താവും സ്വയം ജാഗ്രത പാലിക്കുകയെന്നതും പ്രധാനം.

ബാബു കദളിക്കാട്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam