കേരളത്തിൽ ഭരണമാറ്റം സംഭവിച്ചതോടെ ഇരുമുന്നണികളുടെയും ബി.ജെ.പിയുടെയും രാഷ്ട്രീയ ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളോട് പോരടിക്കാൻ പോലും സമയം കിട്ടാത്ത വിധം ആഭ്യന്തര കലഹങ്ങളാൽ ഉലയുകയാണ് പ്രധാന കക്ഷികൾ. ഭരണത്തിന്റെ പച്ചപ്പിലേക്ക് തിരിച്ചുവന്ന കോൺഗ്രസ് ആറുമാസത്തിനകം അതിന്റെ ജനിതക സ്വഭാവം പുറത്തെടുത്തു കഴിഞ്ഞു. ഗ്രൂപ്പിസം ജീവവായുമായ കോൺഗ്രസിന്, വരും നാളുകളിൽ ഇരുചേരികളായി നിന്ന് പോരടിച്ചാൽ മാത്രമേ പുതിയ തരോദയങ്ങൾ കാണാൻ കഴിയൂ.
സി.പി.എമ്മിന് അവരുടെ കണ്ണൂർ കോട്ടകളിലാണ് കലഹ ശബ്ദം മുഴങ്ങുന്നത്. പാർട്ടി സെക്രട്ടറിയെ പോലും നിശബ്ദനാക്കിക്കൊണ്ട് അവിടെ കണ്ണൂർ ജയരാജൻമാർ ഏറ്റുമുട്ടുകയാണ്. എം.വി. ഗോവിന്ദൻ എന്ന പാർട്ടി സെക്രട്ടറി കോൺഗ്രസിലെ കലഹം എണ്ണിപ്പറഞ്ഞ പരിഹസിക്കാൻ എന്താണ് യോഗ്യത എന്ന് ആരും ചോദിക്കുന്നില്ല. ഗോവിന്ദൻ ആരോപണങ്ങൾ കടലാസിൽ എഴുതി കൊണ്ടുവന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വായിക്കുന്ന ദയനീയ ചിത്രമാണ് കേരളം കാണുന്നത്. കണ്ണൂരിനെ കുറിച്ച് കൂടുതൽ ചോദ്യങ്ങൾ വേണ്ട അത് അന്വേഷിക്കാൻ പാർട്ടി കമ്മീഷൻ വന്നു കഴിഞ്ഞു.
ബി.ജെ.പിയിൽ നിന്ന് എത്രപേർ പൊഴിഞ്ഞു പോകുന്നു എന്ന് ആരും അറിയാറില്ല. പാർട്ടിയിൽ ആകൃഷ്ടരായി നാലു പേരറിഞ്ഞ് വന്നവർപോലും പാർട്ടിയെ തള്ളിപ്പറഞ്ഞ് ഇറങ്ങിപ്പോകുന്ന കാഴ്ച രാജീവ് ചന്ദ്രശേഖർ കാണുന്നതായി പോലും തെളിവില്ല. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചത് വ്യക്തിപരമായ കാരണങ്ങളാലാണ് എന്നു പറഞ്ഞെങ്കിലും ഒത്തിരി മോഹങ്ങളോടെ വന്ന ആ ഐ.പി.എസുകാരി പാർട്ടിക്ക് ഏൽപ്പിച്ച ക്ഷതം ഒരു തുടക്കം മാത്രമായിരുന്നു. മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു ശ്രീലേഖ.
2024 മാർച്ചിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന പ്രശസ്ത കായികതാരം പത്മിനി തോമസ്, രണ്ട് വർഷത്തിന് ശേഷമാണ് പാർട്ടി വിട്ടത്. കായിക രംഗത്തും രാഷ്ട്രീയത്തിലും പ്രവർത്തിക്കാൻ മതിയായ അവസരങ്ങളോ വേദിയോ ലഭിച്ചില്ല. പാർട്ടി നേതൃത്വം നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല. സംസ്ഥാന ന്യൂനപക്ഷ മോർച്ച വൈസ് പ്രസിഡന്റ് സ്ഥാനത്ത് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും അവർ പരിതപിച്ചു.
എന്നാൽ ബി.ജെ.പിയെ യഥാർത്ഥത്തിൽ നടുക്കിയത് പത്മജാ വേണുഗോപാലാണ്. പാർട്ടിയിൽ ചേർന്നത് തെറ്റായിപ്പോയെന്നും പ്രത്യയശാസ്ത്രവുമായി ഒത്തുപോകാൻ കഴിയാത്തതാണ് കാരണമെന്നും വ്യക്തമാക്കി അപ്രതീക്ഷിത രാജി. കോൺഗ്രസ് പ്രവർത്തകർക്കുണ്ടായ വിഷമത്തിൽ ഖേദം പ്രകടിപ്പിച്ച പത്മജ, യാതൊരു പദവിയും പ്രതീക്ഷിച്ചല്ല മടങ്ങിവരുന്നതെന്നും പിതാവ് കെ. കരുണാകരന്റെ സ്മരണകൾക്കൊപ്പം നിൽക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയെങ്കിലും അവർക്ക് പച്ചപരവതാനി വിരിക്കാൻ കഴിയുന്ന സാഹചര്യമല്ല തൽക്കാലം കോൺഗ്രസിൽ ഉള്ളത്.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പത്മജയുടെ തിരിച്ചുവരവിനെ സ്വാഗതം ചെയ്‌തെങ്കിലും യുവ കോൺഗ്രസ് നേതാക്കളിൽ നിന്നും വക്താക്കളിൽ നിന്നും എതിർപ്പുകളും ഉയർന്നു.
ജയരാജ പോരാട്ടങ്ങൾ
വൈദേകം റിസോർട്ടിൽ സി.പി.എം നേതാവ് ഇ.പി. ജയരാജന് നിക്ഷേപമുണ്ടെന്ന ആരോപണം 2022ലാണ് പി. ജയരാജൻ ആദ്യമായി പാർട്ടിയിൽ ഉന്നയിച്ചത്. അന്ന് ആരോപണം നിഷേധിച്ച ഇ.പി. ജയരാജൻ, ഭാര്യ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച തുക റിസോർട്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ ഇ.പി. ജയരാജന്റെ സഹോദരീപുത്രൻ ശ്യാംജിത്ത് ഉയർത്തിയ ആരോപണങ്ങളോടെയാണ് വിവാദം വീണ്ടും ആളിക്കത്തിയത്. കരിമണൽ വ്യവസായി ശശിധരൻ കർത്തയിൽ നിന്ന് ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര പണം വാങ്ങി വൈദേകം റിസോർട്ടിൽ നിക്ഷേപിച്ചെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ പി. ജയരാജൻ വിഷയം വീണ്ടും പാർട്ടിയിൽ സജീവമാക്കി.
വൈദേകം വിവാദത്തിന് പിന്നിൽ പി. ജയരാജനാണെന്നും കുടുംബം കലക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ.പി. ജയരാജൻ വിമർശിച്ചിരുന്നു. സ്വന്തം താല്പര്യത്തിനായി ആരെയും ഇല്ലാതാക്കാൻ മടിയില്ലാത്തയാളാണ് പി. ജയരാജൻ എന്നരോപിച്ച ഇ.പി., പി. ജയരാജനെതിരെയും പാർട്ടിക്ക് പരാതി നൽകി. വിവിധ ജില്ലകളിലെ ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘങ്ങളുമായും റിസോർട്ട് മാഫിയയുമായും പി. ജയരാജന് ബന്ധമുണ്ടെന്ന ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്.
പാർട്ടി പതിവുപോലെ കമ്മീഷനെ വെച്ചു. ഇ.പി. ജയരാജനിൽ നിന്നും പി. ജയരാജനിൽ നിന്നും വിവരങ്ങൾ തേടും. പാർട്ടിക്കുള്ളിൽ ഉയർന്നുവന്ന പരാതികളിൽ ഇരുവരിൽ നിന്നും വിശദമായ വിവരങ്ങൾ ആവശ്യപ്പെട്ട ശേഷമായിരിക്കും കമ്മീഷന്റെ തുടർനീക്കങ്ങൾ. പരാതികളിന്മേലുള്ള കൂടുതൽ വ്യക്തതയ്ക്കായാണ് കമ്മീഷൻ നേതാക്കളിൽ നിന്ന് വിവരങ്ങൾ തേടുന്നത്. ആവശ്യപ്പെട്ട വിവരങ്ങൾ ലഭ്യമായാൽ ഉടൻ തന്നെ തെളിവ് ശേഖരണത്തിലേക്ക് കടക്കാനാണ് അന്വേഷണ കമ്മീഷന്റെ തീരുമാനം.
ഗ്രൂപ്പ് എന്ന ആയുധം
ഗ്രൂപ്പിസം കത്തി നിന്നിരുന്ന ആ പുഷ്‌കലകാലം ഓർമ്മപ്പെടുത്തി ഇതാ കോൺഗ്രസിന്റെ പടക്കുതിരകൾ വീണ്ടും കളത്തിലിറങ്ങിയിരിക്കുന്നു. അധികാരത്തിന് പുറത്തുനിന്നപ്പോൾ മയങ്ങിപ്പോയ ഗ്രൂപ്പ് മനേജർമാർ ഞെട്ടി ഉണർന്നിരിക്കുന്നു. കെ.കരുണാകരന്റെ കാലത്ത് ഇല്ലാതിരുന്ന സൈബർ സൗകര്യം കൂടി ഒത്തുചേർന്നതോടെ, സമൂഹമാധ്യമ തെരുവിൽ ഗ്രൂപ്പിന്റെ പേരിൽ ഗുണ്ടകളെപ്പോലെ അണികൾ പോരടിക്കുകയാണ്.
ഉമ്മൻചാണ്ടിയുടെ കാലത്ത് ദൃശ്യമാധ്യമങ്ങളിൽ ഒരു പോരാളിയുടെ വീര്യത്തോടെ കോൺഗ്രസിന് പ്രതിരോധം തീർത്തിരുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ കളത്തിൽ ഇറങ്ങിയതോടെ വീര്യം കൂടി. നിർഭയനായി വാചകക്കസർത്ത് നടത്തുന്ന ഉണ്ണിത്താന് സിനിമയിൽ പോലും അവസരം ലഭിച്ചത് നമ്മൾ മറന്നിട്ടില്ല. ഒരുകാലത്ത് എതിരാളികൾക്ക് എതിരെ പ്രയോഗിച്ചിരുന്ന വാക്ചാതുര്യം ഇപ്പോൾ സ്വന്തം പാളയത്തിലെ സഹപ്രവർത്തകർക്ക് നേരെ ഉണ്ണിത്താൻ തൊടുക്കുമ്പോൾ അണികൾ അമ്പരപ്പിലാണ്.
രാജ്‌മോഹൻ ഉണ്ണിത്താന്റെ ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസിൽ നേതാക്കൾക്കിടയിൽ ചേരിതിരിവ് ശക്തമാക്കി നേതാക്കൾ ഇരുചേരിയായി തിരിഞ്ഞു. ഉണ്ണിത്താന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഉമ്മൻചാണ്ടിയുടെ കുടുംബം കൂടി എത്തിയതോടെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾക്ക് കോൺഗ്രസ് വരുംനാളുകളിൽ സാക്ഷ്യം വഹിക്കും എന്ന് ഉറപ്പാണ്.
അധികാരത്തിലെത്തി കേവലം 6 മാസം പിന്നിടുമ്പോൾ തന്നെ പാർട്ടിയിലും സർക്കാരിലും കടുത്ത അവഗണന നേരിടുന്നുവെന്നും, ഭരണതലത്തിൽ ഏകോപനമില്ലെന്നും ചൂണ്ടിക്കാട്ടി എ ഗ്രൂപ്പ് നേതാക്കൾ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ നേരിൽ കണ്ട് പരാതി നൽകിയതോടെയാണ് ഇത് കൂടുതൽ പ്രകടമായത്.
മുതിർന്ന നേതാവ് കെ.സി. ജോസഫ്, എംപിമാരായ ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ എന്നിവരടങ്ങുന്ന സംഘമാണ് ഡൽഹിയിലെത്തി കേന്ദ്ര നേതൃത്വത്തിന് മുന്നിൽ പരാതിക്കെട്ടഴിച്ചത്. ബോർഡ് കോർപ്പറേഷൻ വിഭജനവുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായ സാഹചര്യത്തിലാണ് പരാതി പുറത്തേക്ക് വന്നത്. അധികാരത്തിന്റെ പങ്കുവെപ്പ് പൂർത്തിയായില്ല എന്നതാണ് പ്രശ്‌നം. അതേ പ്രശ്‌നം ഘടകകക്ഷികളും ഉയർത്തുമ്പോൾ കോൺഗ്രസ് നേതൃത്വം അക്ഷരാർത്ഥത്തിൽ മൗനം പൂണ്ടുനിൽക്കുകയാണ്.
സർക്കാർ തീരുമാനങ്ങൾ അറിയിക്കുന്നില്ലെന്നും ആവശ്യമായ ചർച്ചകൾ മുഖ്യമന്ത്രി നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എംപിയും എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാൽ എംപിയുടെ അനുകൂലികളും നേരത്തേ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എ ഗ്രൂപ്പ് നേതാക്കളും സമാന ആരോപണങ്ങളുയർത്തി ഹൈക്കമാൻഡിന് മുന്നിലെത്തിയത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പം നിന്നവരെ സംഘടനാ തലത്തിലും ഭരണതലത്തിലും ബോധപൂർവം അവഗണിക്കുകയാണെന്ന് എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആ വിഭാഗം പുറത്താണ്. 'എ' ഗ്രൂപ്പ് കെ.സി. പക്ഷവുമായി ചേർന്ന് 'തിരുത്തൽ ശക്തി'യായി പ്രവർത്തിക്കാൻ നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ വന്നു. നാഥനില്ലാതെ കിടക്കുന്ന ഗ്രൂപ്പിന്റെ പിതൃത്വം ഏറ്റെടുക്കാൻ ഷാഫി പറമ്പിൽ ശ്രമിക്കുന്നു എന്ന് ആക്ഷേപമാണ് ഇപ്പോൾ ഗ്രൂപ്പ് യുദ്ധത്തിന് ഇന്ധനമായി മാറിയത് എ ഗ്രൂപ്പിന്റെ പിതാവായ സാക്ഷാൽ എ.കെ. ആന്റണിയാവട്ടെ തികഞ്ഞ മൗനത്തിലുമാണ് പതിവുപോലെ!
കോൺഗ്രസിന്റെ ജനിതക ഘടനയിൽ ഉള്ളതാണ് ഈ ചേരിതിരിവ്.
പണ്ട് ഗ്രൂപ്പ് പോര് ശക്തമായിരുന്ന കാലത്ത് അതിൽ ഒന്നിന്റെ നേതാവായിരുന്ന ലീഡർ കരുണാകരൻ മാധ്യമങ്ങളോട് പറയുമായിരുന്നു, കോൺഗ്രസ് ഒരു വലിയ പ്രസ്ഥാനമാണ്, അതിൽ ആശയ ഭിന്നതകൾ സ്വാഭാവികമാണ് എന്ന്. നിങ്ങൾക്ക് ഈ പാർട്ടിയെകുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് സി.പി.എമ്മിനെക്കുറിച്ച് പിണറായി വിജയൻ പറഞ്ഞതുപോലെ തന്നെ!
ഏതായാലും എല്ലാക്കാലത്തും കോൺഗ്രസിന്റെ മുഖ്യമന്ത്രിമാർക്കെതിരെ നീക്കങ്ങൾ നടത്താറുള്ളത് കമ്മ്യൂണിസ്റ്റുകാരല്ല, മറിച്ച് കോൺഗ്രസുകാർ തന്നെയാണ്. അതാണ് ചരിത്രം !
ഒരു പാർട്ടിയിൽ ഗ്രൂപ്പുകൾ ഉണ്ടാകുന്നത് അസ്വാഭാവികമല്ല. പക്ഷേ ഗ്രൂപ്പുകൾ പാർട്ടിയെക്കാൾ വലുതാകുമ്പോൾ സംഘടനയുടെ ലക്ഷ്യങ്ങൾ പിന്നിലേക്ക് പോകും. പുതിയ തലമുറയ്ക്ക് രാഷ്ട്രീയം എന്നത് അധികാരത്തിലേക്കുള്ള വഴിയല്ല, പൊതുപ്രവർത്തനത്തിനുള്ള അവസരമാണെന്ന് ബോധ്യപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ രാഷ്ട്രീയ കക്ഷികളുടെ ഭാവിയെക്കുറിച്ച് ഗൗരവതരമായ ചോദ്യങ്ങൾ ഉയരും എന്നത് തീർച്ചയാണ്. പ്രത്യേകിച്ച് ജൻസി കാഴ്ചപ്പാടുകൾ തിരിച്ചറിയാൻ കഴിയാതെ പോകുന്ന തലമുതിർന്ന നേതൃത്വങ്ങൾക്ക്.
പ്രജിത്ത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
