കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പാർട്ടിയിൽ കടുത്ത ആഭ്യന്തര കലഹവും പിളർപ്പും രൂക്ഷമാകുന്നു.
മമത ബാനർജിയെയും പ്രതിപക്ഷ സഖ്യത്തെയും പൂർണ്ണമായി പ്രതിസന്ധിയിലാക്കിക്കൊണ്ട് പാർട്ടിയിലെ 20 എംപിമാർ ഭാരതീയ ജനതാ പാർട്ടിയുമായി ആശയവിനിമയം നടത്തുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവർ ഉടൻ തന്നെ തൃണമൂൽ കോൺഗ്രസ് വിട്ടേക്കുമെന്നാണ് വിവരം.
ബിജെപി നേതൃത്വവുമായി തൃണമൂൽ എംപിമാർ ഉന്നതതല ചർച്ചകൾ നടത്തിവരികയാണെന്നും പാർട്ടി വിടാനുള്ള താൽപര്യം ഇവർ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും വിശ്വസനീയമായ വൃത്തങ്ങൾ വ്യക്തമാക്കി.
നിലവിൽ ലോകസഭയിലും രാജ്യസഭയിലുമായി ആകെ 41 എംപിമാരാണ് തൃണമൂൽ കോൺഗ്രസിനുള്ളത്. ഇതിൽ 20 പേർ കൂറുമാറിയാൽ അത് മമത ബാനർജിയുടെ രാഷ്ട്രീയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയായി മാറും.
പാർലമെന്റിലെ പ്രതിപക്ഷ ക്യാമ്പിൽ ഏറ്റവും കൂടുതൽ എംപിമാരുള്ള രണ്ടാമത്തെ വലിയ കക്ഷിയാണ് തൃണമൂൽ കോൺഗ്രസ്. അതിനാൽ തൃണമൂലിലുണ്ടാകുന്ന ഈ പിളർപ്പ് മമതയെ മാത്രമല്ല, പാർലമെന്റിൽ ബിജെപിക്കെതിരെ ഒന്നിച്ചുനിൽക്കുന്ന ആകെ പ്രതിപക്ഷ സഖ്യത്തിന്റെ ശക്തിയെയും സ്വാധീനത്തെയും ദോഷകരമായി ബാധിക്കും.
എംപിമാരുടെ കൂടുമാറ്റ ഭീഷണിക്ക് പുറമെ ബംഗാൾ നിയമസഭയിലെ തൃണമൂൽ എംഎൽഎമാർക്കിടയിലും ഭിന്നത പരസ്യമായിരിക്കുകയാണ്. ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ 60 എംഎൽഎമാർ ഒന്നിച്ച് പുതിയ വിമത വിഭാഗം രൂപീകരിച്ചു കഴിഞ്ഞു.തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് പാർട്ടി എന്നാണ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള 60 എംഎൽഎമാരുടെ പ്രഖ്യാപനം.
നിയമസഭയിൽ പ്രതിപക്ഷ നേതാവായി മമത ബാനർജിയെ തിരഞ്ഞെടുത്ത ഔദ്യോഗിക തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്തുകൊണ്ടാണ് ഈ വിമത വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ഇവർ തങ്ങളുടെ നേതാവായി ഋതബ്രത ബാനർജിയെ നിയമിക്കുകയും ഇതിന് നിയമസഭാ സ്പീക്കറുടെ ഔദ്യോഗിക അംഗീകാരം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
