കേരളത്തിലെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തുന്ന രോഗികൾക്ക് 'കട്ടിലും കിടക്കയും' ഇനി അവകാശമാകും. സംസ്ഥാന ആരോഗ്യവകുപ്പ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയപ്പോഴാണ്, രോഗിക്കു കിടക്കാനുള്ള അവകാശം മെഡിക്കൽ കോളേജ് ആശുപത്രികളിൽ വെറും മിഥ്യയായിരുന്നെന്ന വസ്തുത സമൂഹം തിരിച്ചറിഞ്ഞതെന്നതു വേറെ കാര്യം. കിടത്തി ചികിത്സ ആവശ്യമായ രോഗിക്ക് കട്ടിലും കിടക്കയും ലഭ്യമാകേണ്ടത്, ഭരണഘടന പ്രഖ്യാപിച്ച ജീവിക്കാനുള്ള പൗരന്മാരുടെ അവകാശത്തിന്റെ വിശാലാർഥത്തിൽ ഉൾപ്പെടുന്നു.
കെടുകാര്യസ്ഥത മുഖമുദ്രയായിരുന്നൊരു കാലഘട്ടത്തിനു ശേഷം സംസ്ഥാന ആരോഗ്യ മേഖലയ്ക്കു ദിശാ ബോധമേകാൻ കെൽപ്പുള്ളൊരു മന്ത്രി കെ. മുരളീധരനിലൂടെ വന്നെത്തിയെന്ന വിശ്വാസത്തിനു ബലം പകരുന്ന നടപടികളിലൊന്നാണീ പ്രഖ്യാപനം. പൊതുജനാരോഗ്യ മേഖലയിൽ ദേശീയതലത്തിൽ മാതൃകകൾ സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം. നിർധന രോഗികൾക്ക് ചെലവ് കുറഞ്ഞ ചികിത്സ ലഭ്യമാക്കുന്നതിലും ശിശുമരണ നിരക്ക് കുറയ്ക്കുന്നതിലും ആയുർദൈർഘ്യം വർധിപ്പിക്കുന്നതിലും ഇതര സംസ്ഥാനങ്ങളേക്കാൾ നേട്ടം കൈവരിക്കാനായി. ഈ അഭിമാനകരമായ ചിത്രത്തിനു പിന്നിൽ മറ്റൊരു ചിത്രമുണ്ട്.
മെഡിക്കൽ കോളേജുകളിൽ ചികിത്സ തേടിയെത്തുന്ന രോഗികൾ കട്ടിലും കിടക്കയും ലഭിക്കാതെ വെറും നിലത്ത് വിരിച്ച പായയിൽ കിടക്കേണ്ടി വരുന്ന സുഖകരമല്ലാത്ത രംഗം പലപ്പോഴും മാധ്യമങ്ങളിലും സാമൂഹികതലത്തിലും ചർച്ചയായി മാറുന്നു. ദാരിദ്ര്യവും നിസ്സഹായാവസ്ഥയും മൂലം രോഗി ആശുപത്രി ഇടനാഴികകളിൽ അപമാനിക്കപ്പെടുന്ന ഈ അവസ്ഥയ്ക്ക് അറുതി വരുത്താൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ.
ആരോഗ്യം കേവലം രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, വ്യക്തികളുടെ ശാരീരികവും മാനസികവുമായ ക്ഷേമം കൂടിയാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതാണ്. കിടക്കയില്ലാതെ നിലത്ത് കിടക്കുന്ന രോഗിക്ക് മരുന്ന് നൽകിയാലും അത് പൂർണാർഥത്തിൽ ചികിത്സയാകുന്നില്ല. ശാരീരിക വേദനക്കും പ്രയാസങ്ങൾക്കും ശമനം നൽകുന്നതോടൊപ്പം മാനസിക പ്രയാസത്തിനും പരിഹാരം നൽകപ്പെടുമ്പോൾ മാത്രമേ ശരിയായ ചികിത്സയാകുന്നുള്ളൂ. 'ഒരു രോഗിക്ക് ഒരു കിടക്ക' എന്ന ആശയം നയപരമായ ലക്ഷ്യത്തിൽ നിന്ന് നിയമപരമായ അവകാശത്തിലേക്കുയർത്തിയിരിക്കുകയാണ് സർക്കാർ ഇപ്പോൾ.
നൂറ് ദിവസങ്ങൾക്കകം ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കണമെന്ന് മെഡിക്കൽ കോളേജുകൾക്ക് നിർദേശം നൽകിയിട്ടുമുണ്ട്. ഗുരുതരമായി പരുക്കേറ്റ് ചികിത്സ തേടിയെത്തുന്നവർക്ക് അഞ്ച് മിനിട്ടുകൾക്കകം ചികിത്സ തുടങ്ങുക, രക്തസ്രവ സാമ്പിളുകളുടെ പരിശോധനകൾക്ക് രോഗികൾ ലാബ് അന്വേഷിച്ചു പോകുന്ന പ്രയാസം ഒഴിവാക്കാനായി സാമ്പിളുകൾ വാർഡുകളിൽ നിന്ന് തന്നെ ശേഖരിക്കുക, സ്ഥിര രോഗികൾക്ക് ഡോക്ടറെ കാണാതെ തന്നെ ഫാർമസികളിൽ നിന്ന് ഡോക്ടറുടെ അവസാന കുറിപ്പടി ഉപയോഗിച്ച് ആറ് മാസം വരെ മരുന്ന് വാങ്ങാനുള്ള അനുവാദം, മുതിർന്ന പൗരന്മാർക്ക് പ്രത്യേക ക്യൂ തുടങ്ങിയ നടപടികളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
തറയിൽ കിടത്തിയുള്ള ചികിത്സ ഒഴിവാക്കണമെങ്കിൽ പലയിടങ്ങളിലും കെട്ടിട സൗകര്യവും വർധിപ്പിക്കേണ്ടി വരും. ഇത് സർക്കാർ ഫണ്ടിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. ആരോഗ്യ മേഖലയ്ക്ക് കൂടുതൽ വിഹിതം നീക്കിവെക്കുകയും യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. ഇതോടൊപ്പം നിർദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും വീഴ്ച വരുത്തുന്ന ആശുപത്രി അധികൃതർക്കെതിരെ നടപടി സ്വീകരിക്കാനും മോണിറ്ററിംഗ് സംവിധാനം കൂടി ആവശ്യമാണ്. മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കുന്നതിന് ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സൗകര്യങ്ങളും വിദഗ്ധ സേവനങ്ങളും വർധിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന കാര്യവും പ്രധാനം.
റഫറൽ സംവിധാനം കാര്യക്ഷമമാക്കുകയും വേണം. അത്ര ഗുരുതരമല്ലാത്ത കേസുകൾ പോലും മെഡിക്കൽ കോളേജിലെത്തുന്ന സ്ഥിതിവിശേഷം ഒഴിവാക്കാൻ ഇത് സഹായകമാകും. ആരോഗ്യ സംരക്ഷണ രംഗത്ത് പ്രത്യേകിച്ച് അത്യാഹിത വിഭാഗങ്ങളിൽ ഓരോ സെക്കൻഡും നിർണായകമാണ്. ഗുരുതരമായ അപകടങ്ങളിൽ പെടുന്നവർക്കും ഹൃദയാഘാതം, പക്ഷാഘാതം, ശ്വാസംമുട്ടൽ തുടങ്ങിയ അസുഖങ്ങൾ മൂലം ആരോഗ്യനില പെട്ടെന്ന് വഷളാകുന്നവർക്കും വളരെ പ്രധാനമാണ് ആദ്യത്തെ ഏതാനും മിനിട്ടുകൾ. ഈ സമയത്തിനകം കൃത്യവും വേഗമേറിയതുമായ ചികിത്സ ലഭ്യമാക്കുന്നത് ജീവൻ രക്ഷിക്കുന്നതിൽ പ്രധാന ഘടകമാണ്.
അത്യാഹിത വിഭാഗങ്ങളിൽ ചികിത്സ വൈകുന്നത് മൂലം ജീവൻ പൊലിയുന്ന സംഭവങ്ങൾ ആശുപത്രികളിൽ സാധാരണം. ഇതേതുടർന്ന് രോഗിയുടെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ വാക്കേറ്റവും സംഘർഷവും പതിവ്. അടിയന്തര ചികിത്സയ്ക്ക് കൃത്യമായ സമയപരിധി നിശ്ചയിച്ച സർക്കാർ നടപടി ഇത്തരം ദുരവസ്ഥ ഒഴിവാക്കാനും ആരോഗ്യ പ്രവർത്തകരെക്കുറിച്ച് വിശ്വാസ്യത വർധിക്കാനും സഹായിക്കും. നിർദേശങ്ങൾ പക്ഷേ ഉത്തരവിൽ ഒതുങ്ങിപ്പോകാതിരിക്കണമെങ്കിൽ ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും പൂർണ സഹകരണം അനിവാര്യം.
രക്ത സാമ്പിൾ ശേഖരണത്തിനും അത്യാഹിത വിഭാഗങ്ങളിലെ അടിയന്തര സേവനത്തിനും നിലവിലുള്ള ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർധിപ്പിക്കേണ്ടതായും വരും. നിലവിലുള്ള ജീവനക്കാരെ മാത്രം ആശ്രയിച്ച് പരിഷ്‌കരണങ്ങൾ നടപ്പാക്കാൻ ശ്രമിച്ചാൽ അതവരുടെ ജോലിഭാരവും മാനസിക സമ്മർദവും പരിധി വിടും. സർക്കാർ ആശുപത്രികളിൽ പ്രത്യേകിച്ച് മെഡിക്കൽ കോളേജുകളിൽ നിലവിൽ തന്നെ ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങി ആരോഗ്യ പ്രവർത്തകരുടെ എണ്ണം കുറവാണ്. പുതിയ ഉത്തരവിനോടൊപ്പം ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്ന കാര്യവും സർക്കാർ അടിയന്തരമായി പരിഗണിക്കുന്നത് നല്ല കാര്യം.
'പ്രോട്ടോക്കോൾ' പ്രധാനം
'ഒരു രോഗിക്ക് ഒരു കിടക്ക' അവകാശമാക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ് ചികിൽസയുമായി ബന്ധപ്പെട്ട 'പ്രോട്ടോക്കോൾ' കൃത്യമായി നടപ്പാക്കുകയെന്നത്. ഓപ്പറേഷൻ തിയേറ്ററുകളിലുൾപ്പെടെ സംഭവിക്കുന്ന വലിയ പല ദുരന്തങ്ങളും ഒഴിവാകാൻ ഇതാവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ സമയത്ത് കുട്ടിയെ പുറത്തെടുക്കുമ്പോഴുണ്ടായ അനാസ്ഥ മൂലം നവജാത ശിശുവിന്റെ വലതു കൈയിലെ എല്ല് പൊട്ടിയതും പരിഹാരമെന്നോണമിട്ട പ്ലാസ്റ്റർ ഊരിപ്പോയതും കഴിഞ്ഞ മാസം വാർത്തയായി. ദിവസങ്ങൾക്ക് ശേഷമാണ്,
പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിന് ബൈക്ക് അപകടത്തെ തുടർന്ന് കാലിൽ ശസ്ത്രക്രിയ നടത്തി കമ്പിയിട്ടതും ഐ സി യുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയ രോഗിയുടെ മുറിവ് അഞ്ച് ദിവസത്തോളം ഡ്രസ്സ് ചെയ്യാതിരുന്നതിനെ തുടർന്ന് പുഴുവരിച്ചതും. ഭരണകക്ഷി ഏതായാലും തുടരുന്ന ആരോഗ്യരംഗത്തെ വൻവീഴ്ചകൾക്കു കുറവില്ല. 2021ൽ വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന ഗർഭപാത്ര ശസ്ത്രക്രിയക്കിടെ, വയറ്റിൽ മറന്നുവെച്ച ശസ്ത്രക്രിയാ ഉപകരണം അഞ്ച് വർഷത്തിന് ശേഷം കണ്ടെത്തിയ സംഭവം കേരളം മറന്നിട്ടില്ല. ശസ്ത്രക്രിയക്ക് പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ട ഉഷ ജോസഫ് പലതവണ ആശുപത്രിയിലെത്തിയിട്ടും അധികൃതർ അവഗണിക്കുകയായിരുന്നു. വേദന തുടർന്നതോടെ വീണ്ടും പരിശോധന നടത്തിയപ്പോഴാണ് വയറ്റിൽ 'കൊടിൽ' കുടുങ്ങിക്കിടക്കുന്നത് എക്‌സ്‌റേയിലൂടെ വ്യക്തമായത്.
2017 ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെ ഹർഷിനയെന്ന യുവതിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവവും അതീവ ഗൗരവതരമായിരുന്നു. അഞ്ച് വർഷത്തോളം കടുത്ത വേദന അനുഭവിച്ച ഹർഷിനയുടെ പോരാട്ടം വലിയ വാർത്തയായി. ഇത് ചൂണ്ടിക്കാട്ടി അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ പറഞ്ഞത് 'കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണ്' എന്നാണ്.
ശസ്ത്രക്രിയ നടത്തുമ്പോഴുള്ള കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുള്ള അലംഭാവമാണ് പലപ്പോഴും അപകടങ്ങളിലേക്ക് നയിക്കുന്നത്. ലോകാരോഗ്യ സംഘടന വികസിപ്പിച്ചെടുത്ത സർജിക്കൽ സേഫ്റ്റി ചെക്ക് ലിസ്റ്റ് ഇന്ന് എല്ലാ ഓപ്പറേഷൻ തിയേറ്ററുകളിലും നിർബന്ധമാണ്. ശസ്ത്രക്രിയക്ക് മുമ്പ് രോഗിയെയും ശസ്ത്രക്രിയ ഏതാണെന്നും ഉറപ്പുവരുത്തുന്ന 'സൈൻ ഇൻ', മുറിവ് ഉണ്ടാക്കുന്നതിന് തൊട്ടുമുമ്പ് ടീം അംഗങ്ങൾ പരസ്പരം പരിചയപ്പെടുകയും ഉപകരണങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കുകയും ചെയ്യുന്ന 'ടൈം ഔട്ട്', ഉപയോഗിച്ച കത്രികകൾ, സൂചികൾ, കോട്ടൺ തുണികൾ എന്നിവയുടെ എണ്ണം കൃത്യമാണോ എന്ന് മുറിവ് തുന്നിക്കെട്ടുന്നതിന് മുമ്പ് ഉറപ്പുവരുത്തുന്ന 'സൈൻ ഔട്ട്' തുടങ്ങിയ മൂന്ന് ഘട്ടങ്ങളാണ് ഇതിന്റെ പരിധിയിൽ വരുന്നത്.
എന്നാൽ, സർജിക്കൽ സേഫ്റ്റി ചെക്ക് ലിസ്റ്റിനെ പല സ്വകാര്യ ആശുപത്രികളും ചടങ്ങ് മാത്രമായാണ് കാണുന്നത്. തിരക്കിനിടയിൽ ഇത് കൃത്യമായി പൂരിപ്പിക്കുന്നതിൽ ശ്രദ്ധചെലുത്താറില്ല. സർക്കാർ ആശുപത്രികളിലാകട്ടെ ഇതുണ്ടെന്നു പോലും പറയാനാകില്ല. രണ്ട് വർഷം മുമ്പ്, കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയിലെ ആറാമത്തെ വിരൽ നീക്കംചെയ്യാനെത്തിയ നാല് വയസ്സുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തി. സൈൻ ഇൻ ഘട്ടത്തിൽ വരുത്തിയ വീഴ്ചയുടെ ഫലമാണത്.
ഇടതു കാൽമുട്ടിന്റെ ശസ്ത്രക്രിയക്കായെത്തിയ കൊല്ലം സ്വദേശിനി സജ്‌നയുടെ വലതുകാൽ ശസ്ത്രക്രിയ നടത്തിയതും 'സൈൻ ഇൻ' വീഴ്ചയിൽപ്പെടും. വയറ്റിൽ ഓപ്പറേഷൻ ടൂളുകൾ മറന്നുവെച്ച കേസുകളിൽ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ആശയവിനിമയത്തിന്റെ അഭാവവും ശസ്ത്രക്രിയക്ക് ഉപയോഗിച്ച ഉപകരണങ്ങൾ, സൂചികൾ, തുണികൾ എന്നിവയുടെ എണ്ണം കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നതിൽ സംഭവിച്ച വീഴ്ചയുമാണ് പ്രശ്‌നം.
മെഡിക്കൽ കോളേജുകളിലെ അമിത ജോലിഭാരവും സമ്മർദവും ഗുരുതര പ്രശ്‌നമാണ്. സർക്കാർ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ ഒരു ദിവസം ഒപിയിലെത്തുന്ന രോഗികളുടെ എണ്ണം ശരാശരി 300-500 വരും. ഡോക്ടർക്ക് ഒരു രോഗിയെ പരിശോധിക്കാൻ ലഭിക്കുന്നതാകട്ടെ രണ്ട് മുതൽ മൂന്ന് മിനിട്ട് മാത്രം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഗോള ശരാശരി 15 മിനിട്ട് ആണ്. പക്ഷേ, രോഗി, ഡോക്ടർ അനുപാതത്തിലെ വലിയ അന്തരം അതിന് തടസ്സമാകുന്നു.
ലോകാരോഗ്യ സംഘടന വിഭാവന ചെയ്യുന്ന രോഗി, നഴ്‌സ്, ഡോക്ടർ അനുപാതം ആരോഗ്യ സംവിധാനത്തിന്റെ ഗുണനിലവാരം അളക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡമാണ്. 1,000 ആളുകൾക്ക് ഒരു ഡോക്ടർ എന്ന അനുപാതം മറികടന്ന് 1000: 1. 5 എന്ന നിലയിലേക്ക് കേരളത്തിലെ ആരോഗ്യരംഗം കുതിച്ചിട്ടുണ്ടെങ്കിലും മെഡിക്കൽ കോളേജുകളിൽ എത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമാണ്.
ഒരു ഗൈനക്കോളജി സർജൻ ഒരു ദിവസം പത്ത് മുതൽ 15 മേജർ ശസ്ത്രക്രിയകൾ വരെ ചെയ്യേണ്ടി വരുന്നു കേരളത്തിൽ. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ നിർദേശപ്രകാരം നഴ്‌സും രോഗിയും തമ്മിലുള്ള അനുപാതം, തീവ്രപരിചരണ വിഭാഗത്തിൽ 1:1 ഉം ഓപ്പറേഷൻ തിയേറ്ററിൽ 2:1 ഉം ആണ്. ജനറൽ വാർഡുകളിൽ ആറ് രോഗിക്ക് ഒരു നഴ്‌സ് എന്നിങ്ങനെയും. പക്ഷേ, പലപ്പോഴും 15 രോഗിക്ക് ഒന്ന് അല്ലെങ്കിൽ, 20 രോഗിക്ക് ഒന്ന് എന്ന അനുപാതത്തിലാണ് സർക്കാർ മേഖലയിലെ ജനറൽ വാർഡുകളിൽ നഴ്‌സുമാർ ജോലി ചെയ്യുന്നത്. രോഗിക്ക് നൽകുന്ന മരുന്നുകളുടെ അളവിൽ വരുന്ന മാറ്റം ഉൾപ്പെടെ പല പ്രശ്‌നങ്ങളും ഇതിന്റെ പ്രത്യാഘാതങ്ങളിൽപ്പെട്ടതാണ്.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
