പലിശനിരക്കില്‍ മാറ്റമില്ലാതെ ബാങ്ക് ഓഫ് കാനഡ; കനേഡിയന്‍ സമ്പദവ്യവസ്ഥയില്‍ പ്രതീക്ഷ അര്‍പ്പിച്ച് വിപണി

JULY 15, 2026, 6:48 PM

ഒട്ടാവ: കാനഡയുടെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് കാനഡ തങ്ങളുടെ പ്രധാന പലിശനിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇതനുസരിച്ച് മുഖ്യ പലിശനിരക്കായ ഓവര്‍നൈറ്റ് റേറ്റ് 2.25 ശതമാനമായിത്തന്നെ തുടരും. ബാങ്ക് റേറ്റ് 2.5 ശതമാനത്തിലും ഡെപ്പോസിറ്റ് റേറ്റ് 2.20 ശതമാനത്തിലുമാണ് നിലനിര്‍ത്തിയിരിക്കുന്നത്.

രാജ്യം സാമ്പത്തികമായി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും അമേരിക്കയുടെ വ്യാപാര നയങ്ങളും ഉയര്‍ത്തുന്ന ആഗോള പ്രതിസന്ധികള്‍ കണക്കിലെടുത്താണ് നിലവിലെ നിരക്കുകള്‍ തുടരാന്‍ ബാങ്ക് തീരുമാനിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി കാനഡയുടെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായിരുന്നു. പുതിയ നികുതികള്‍, വിപണിയിലെ അനിശ്ചിതത്വങ്ങള്‍, ജനസംഖ്യാ വളര്‍ച്ചയിലുണ്ടായ കുറവ് എന്നിവ രാജ്യത്തെ ബാധിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ രണ്ടാം പാദത്തോടെ രാജ്യം 2.5 ശതമാനം വളര്‍ച്ച കൈവരിച്ച് സാമ്പത്തിക രംഗം വീണ്ടെടുപ്പിന്റെ പാതയിലാണെന്ന് ബാങ്ക് വിലയിരുത്തുന്നു.

ഉപഭോക്തൃ ചെലവുകള്‍ ശക്തമായി തുടരുന്നതും കയറ്റുമതി മേഖല ഉണരുന്നതും വരും മാസങ്ങളില്‍ ബിസിനസ്സ് നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകും. 2026 ല്‍ മൊത്തം ആഭ്യന്തര ഉത്പാദനം 0.7 ശതമാനം മാത്രമായിരിക്കുമെങ്കിലും അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ഇത് 1.8 ശതമാനമായി ഉയരുമെന്നാണ് പുതിയ പ്രവചനം. ആഗോളതലത്തില്‍ മിഡില്‍ ഈസ്റ്റിലെ യുദ്ധം കാരണം ഇന്ധനവില വര്‍ദ്ധിച്ചത് കാനഡയിലും വിലക്കയറ്റത്തിന് കാരണമായിരുന്നു. മെയ് മാസത്തില്‍ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 3.2 ശതമാനമായി ഉയര്‍ന്നു. എങ്കിലും ഇന്ധനവില ഒഴിവാക്കിയുള്ള അടിസ്ഥാന പണപ്പെരുപ്പം 2 ശതമാനത്തിനടുത്ത് സുരക്ഷിതമായി തുടരുന്നത് വലിയ ആശ്വാസമാണ് നല്‍കുന്നത്.

വരും മാസങ്ങളില്‍ വിപണിയിലെ വിലക്കയറ്റം ക്രമേണ കുറയുമെന്നും 2027 ഓടെ ബാങ്കിന്റെ ലക്ഷ്യമായ 2 ശതമാനത്തിലേക്ക് കാര്യങ്ങള്‍ സാധാരണ നിലയിലാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും നിലവിലെ പലിശനിരക്ക് തന്നെയാണ് ഏറ്റവും അനുയോജ്യമെന്ന് ബാങ്കിന്റെ ഗവേണിംഗ് കൗണ്‍സില്‍ വ്യക്തമാക്കി. ആഗോള സാഹചര്യങ്ങള്‍ ഇപ്പോഴും സങ്കീര്‍ണ്ണമായി തുടരുന്നതിനാല്‍ കനേഡിയന്‍ സമ്പദ്‌വ്യവസ്ഥയെയും വിപണിയിലെ വിലക്കയറ്റത്തെയും ബാങ്ക് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

വരും ദിവസങ്ങളില്‍ വിപണിയിലെ മാറ്റങ്ങള്‍ വിലയിരുത്തി ആവശ്യമായ രീതിയില്‍ പലിശനിരക്കുകളില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam