ഓർക്കാപ്പുറത്തൊരു ഇ.ഡി രക്ഷാക്കാലം

MAY 27, 2026, 2:15 PM

'ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കുമറിയില്ല' എന്ന് പണ്ട് പിണറായി വിജയൻ പറഞ്ഞത് ഇതുകൂടി മുന്നിൽകണ്ടായിരിക്കണം. വരുംകാലങ്ങളിൽ ഒരു വലിയ രക്ഷാപ്രവർത്തനം തനിക്കും, താൻ നയിക്കുന്ന പ്രസ്ഥാനത്തിനും വേണ്ടിവരുമെന്ന് അതു പറയുമ്പോൾ അദ്ദേഹം കരുതിയിട്ടുണ്ടാവില്ല. ഇത്രകാലം പാർട്ടി പിണറായിയെയാണോ അദ്ദേഹം പാർട്ടിയെയാണോ സംരക്ഷിച്ചു പോന്നത് എന്ന ചോദ്യം ഇപ്പോൾ അപ്രസക്തമാണ്.

ഇപ്പോൾ പാർട്ടിയും പിണറായിയും രണ്ടല്ല ഒന്നാണ് എന്ന് വന്നിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ അപമാനകരമായ തോൽവി ഏറ്റുവാങ്ങിയതിന്റെ ക്ഷീണം തീർക്കാൻ നേതാക്കൾ ഒന്നടങ്കം കഷ്ടപ്പെടുന്നതിനിടെയാണ് കേട്ടു മടുത്ത ഒരു കേസിന്റെ പേരിൽ ഓർക്കാപ്പുറത്തുണ്ടായ കൂട്ടപ്പൊരിച്ചിൽ.

പിണറായി വിജയന്റെ കുടുംബത്തിലേക്ക് ഏത് നിമിഷവും കടന്നുവരാവുന്ന സി.എം.ആർ.എൽ എക്‌സാ ലോജിക് മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വെളുപ്പാൻകാല റെയ്ഡ് തികച്ചും അപ്രതീക്ഷിതമായിരുന്നു.

vachakam
vachakam
vachakam

വി.ഡി.സതീശൻ രാജ്യ തലസ്ഥാനത്ത് ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നളചരിതം ആട്ടക്കഥയുടെ ശിൽപം കൈമാറിയതുമായി തൊട്ടടുത്ത ദിവസം ഏഴിടത്ത് നടന്ന ഇ.ഡി ആട്ടക്കഥയ്ക്ക് യാതൊരു ബന്ധവുമില്ല. എങ്കിലും അങ്ങനെ പ്രചരിപ്പിക്കാൻ, പരിശോധനയുടെ ആദ്യ മണിക്കൂറുകളിൽ ജയരാജൻമാർക്ക് പോലും മടിയുണ്ടായില്ല. ഒരുപക്ഷേ ഇതേപ്പറ്റി മുന്നേ അറിയാമായിരുന്ന ഒരേയൊരു രാഷ്ട്രീയ നേതാവ് സാക്ഷാൽ പി.സി. ജോർജിന്റെ പുത്രൻ ഷോൺ ജോർജ് ആയിരിക്കാം.

ഈ കേസിലെ പരാതിക്കാരൻ യഥാർത്ഥത്തിൽ ഷോൺ ജോർജ് ആണ്. സി.എം.ആർ.എൽ കമ്പനിയുടെ ഷെയർ ഫോൾഡർ കൂടിയാണ് ഷോൺ ജോർജ്. 250 രൂപയുടെ രണ്ട് ഓഹരികൾ.
സംസ്ഥാന പോലീസിനെ അറിയിക്കാതെ കേന്ദ്രസേനയെ കളത്തിലിറക്കി സി.പി.എമ്മിന്റെ സമുന്നത നേതാവിന്റെ വസതികളിൽ നേരം പരപരാ വെളുക്കുമ്പോൾ നടത്തിയ റെയ്ഡിന് രാഷ്ട്രീയ വ്യാഖ്യാനങ്ങൾ ഏറെ ചമയ്ക്കാം.

കേരള സർക്കാരോ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോ പോലും ചാനൽ വാർത്ത കണ്ടാണ് ഇ.ഡിയുടെ വരവ് അറിഞ്ഞതത്രെ. ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ സഖാക്കൾ തല്ലി തകർത്തതും ഒരു രക്ഷാപ്രവർത്തനമായി കണ്ടാൽ മതി. നേരത്തെ വിവരം കിട്ടിയിരുന്നെങ്കിൽ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ കൂടുതൽ പോലീസിനെ വിന്യസിക്കാമായിരുന്നു എന്ന വിചിത്രവാദവും ചെന്നിത്തല ഉയർത്തി.

vachakam
vachakam
vachakam

ജയരാജൻമാർ അഭ്യർത്ഥിച്ചിട്ടും പ്രവർത്തകർ ചുടുകട്ട കൊണ്ട് ഉദ്യോഗസ്ഥരെ ആക്രമിച്ചെങ്കിൽ അതിനർത്ഥം പാർട്ടിയുടെ കേഡർ സ്വഭാവത്തിൽ എവിടെയോ വിള്ളലുകൾ വീണിട്ടുണ്ട് എന്ന് തന്നെയാണ് എന്ന് നമുക്ക് വിമർശിക്കാം. ഇ.ഡി ഉദ്യോഗസ്ഥർക്ക് വേണ്ടത്ര സുരക്ഷ ഒരുക്കാൻ കഴിയാതെ അറച്ചു നിന്ന കേരള പോലീസിനും നവോ നമോവാകം!

മണലിൽ എഴുതുന്ന പേരുകൾ

കരിമണൽ കർത്തയുടെ കറുത്ത ഡയറിയിൽ ഒരിക്കൽ പേര് കുറിക്കപ്പെട്ടാൽ അതൊരു കരിനിഴലായി അങ്ങനെ കിടക്കും. കടപ്പുറത്തെ മണൽ മായ്ച്ച് കളയും പോലെ എളുപ്പമല്ല അത്. തന്നെ സഹായിക്കുന്ന എല്ലാവരെയും രാഷ്ട്രീയ വ്യക്തി ഭേദമന്യേ ഉദാരമായി സഹായിക്കുന്ന ബിസിനസുകാരനാണ് ശശിധരൻ കർത്ത. സംഭാവനകൾ നൽകപ്പെടും എന്ന മട്ടിൽ ഒരു ശൈലിയിലാണ് കർത്ത ഇടപെടുക. പണം വാങ്ങുന്നവരുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ഡയറിയിൽ കുറിക്കപ്പെടും.

vachakam
vachakam
vachakam

കേരള തീരങ്ങളിൽ, പ്രത്യേകിച്ച് കൊല്ലം (ആലപ്പാട്), ആലപ്പുഴ (തോട്ടപ്പള്ളി) തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ധാതുമണൽ വേർതിരിച്ചെടുക്കുന്നതിൽ കർത്തായുടെ കമ്പനി വലിയ പങ്ക് വഹിക്കുന്നുണ്ട്. അത്യപൂർവ്വ ധാതുക്കളായ ഇൽമനൈറ്റ്, റൂട്ടൈൽ, സിലിക്കൺ തുടങ്ങിയവ വേർതിരിച്ചെടുത്ത് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിലൂടെ കോടികളുടെ ലാഭമാണ് കമ്പനി നേടുന്നത്.

ആലപ്പാട് അടക്കമുള്ള പ്രദേശങ്ങളിൽ നടന്ന അനിയന്ത്രിതമായ കരിമണൽ ഖനനം വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളും തീരദേശവാസികളുടെ കുടിയൊഴിപ്പിക്കലിനും കാരണമായി. 'സേവ് ആലപ്പാട് ' പോലുള്ള വലിയ ജനകീയ സമരങ്ങൾക്ക് ഇത് വഴിവെച്ചു. കരിമണൽ ഖനനത്തിൽ നിന്നും ലഭിച്ച വരുമാനത്തിൽ നിന്ന് കർത്തായുടെ കമ്പനി രാഷ്ട്രീയകക്ഷി നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും കോടിക്കണക്കിന് രൂപ നൽകുന്നു എന്ന ആരോപണം എന്നും വിവാദമാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനിയായ എക്‌സലോജിക്കിന് സേവനങ്ങളൊന്നും നൽകാതെ സി.എം.ആർ.എൽ ലക്ഷക്കണക്കിന് രൂപ നൽകിയെന്ന ആരോപണം അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണയെ തപ്പി എത്തിയതിൽ എന്താണ് ഇത്ര അസ്വാഭാവികത?

കാരണം, വീണ ഇന്ത്യയിലെ ഏറ്റവും കരുത്തനായ കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകളാണ്. എന്നാൽ, കർത്തയുടെ ഡയറിയിൽ കുറിക്കപ്പെട്ട കോൺഗ്രസ് നേതാക്കളുടെ പേരുകൾക്ക് വലിയ പ്രാധാന്യം കിട്ടാത്തതും പിണറായി എന്ന നേതാവ് എന്നും ഒരു ലക്ഷ്യബിന്ദു തന്നെയാണ് എന്നതിന് തെളിവാണ്.

കൂട് തുറന്ന തത്ത

കൂട്ടിലടച്ച തത്ത എന്ന പ്രയോഗം സി.ബി.ഐയെ കുറിച്ച് പണ്ട് കോടതി പറഞ്ഞിട്ടുണ്ട്. ഇന്ന് അത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെപ്പറ്റിയും ഇരകൾ പറയാറുണ്ട്. ഭരിക്കുന്നവരുടെ കൈയിലെ കോടാലിയായി ഈ ഏജൻസി മാറുന്നു എന്നാണ് ആക്ഷേപം. എന്നാൽ കള്ളപ്പണ ഇടപാടുകളിൽ 84 ശതമാനം നടപടികൾ പൂർത്തിയാക്കിയ ഏജൻസിയാണ് ഇ.ഡി എന്ന കണക്കും പുറത്തുവരുന്നു.
കേരള ഹൈക്കോടതി പച്ചക്കൊടി കാട്ടി മണിക്കൂറുകൾക്കകം രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച തുടർപരിശോധനകൾ ആരംഭിച്ചെങ്കിൽ അത് അഴിമതിക്കാർക്ക് ഉൾക്കിടിലം ഉണ്ടാക്കേണ്ടതാണ്.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പടുകുഴിയിൽ പാർട്ടിയിലെ സമുന്നത നേതാക്കൾ ഇറങ്ങി നിൽക്കേണ്ടിവന്ന ചുറ്റുപാടിലാണ് നേതാവിന്റെ വീട്ടിൽ കയറി പരിശോധന. തോൽവിയുടെ പ്രധാന ഉത്തരവാദിത്വം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും ആണെന്ന് കീഴ്ഘടകങ്ങൾ ഒന്നൊന്നായി കുറ്റപ്പെടുത്തിക്കൊണ്ട് അവലോകനം നടത്തുന്നതിനിടെയാണ് മാസപ്പടി കേസിലെ പരിശോധന വന്നത്.

ഇതോടെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അടിയന്തരമായി ചേർന്ന് നേതാക്കളെയും പ്രവർത്തകരെയും അണികളെയും നിമിഷങ്ങൾക്കകം തെരുവിൽ ഇറക്കി. സമുന്നത നേതാക്കൾ നടുറോഡിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. സ്വന്തം ആർമിയുള്ള പി. ജയരാജൻ വരെ സമരമുഖത്ത് അവശതകൾ മറന്ന് കസേര ഇട്ടിരുന്ന് മുദ്രാവാക്യം വിളിച്ചു. കടന്നൽകൂട്ടം പോലെ ഇളകി വന്ന പ്രവർത്തകർ മനുഷ്യകവചം ഒരുക്കി പാർട്ടിയെ ആശ്ലേഷിച്ചു നിന്നു.

യഥാർത്ഥത്തിൽ സംഭവിച്ചത് ഭിന്നിച്ചു പോയ ഒരു സംഘടനാ സംവിധാനം നിമിഷങ്ങൾക്കകം ഒന്നിക്കുന്നതാണ്. പാർട്ടി ഘടകങ്ങളുടെ വിമർശനങ്ങൾക്ക് ശേഷം അടുത്തമാസം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ പിണറായി വിജയന് തലകുമ്പിട്ട് നിൽക്കേണ്ടിവരും എന്ന് കരുതിയിരിക്കുമ്പോഴാണ് മകളുടെ പേരിലുള്ള കേസിൽ സി.പി.എം ഒന്നടങ്കം നേതാവിന് പിന്നിൽ അണിനിരന്നത്. അതുകൊണ്ടാണ് നിങ്ങൾക്ക് ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല എന്ന് പണ്ട് പിണറായി വിജയൻ പറഞ്ഞത്. ഇതിലും വലിയ വേട്ടയാടലുകൾ നേരിട്ട ആളാണ് താനെന്ന് പറഞ്ഞുകൊണ്ട് രക്തസാക്ഷി പരിവേഷം കൂടി അദ്ദേഹം എടുത്തണിഞ്ഞു. ലാവലിൻ കേസാണ് ഓർമിപ്പിച്ചത്.

പിണറായി പഴി പറഞ്ഞത് രാഹുൽ ഗാന്ധിയെയാണ്. രാഷ്ട്രീയ ശത്രുക്കളെ അന്വേഷണ ഏജൻസികൾ കൈകാര്യം ചെയ്യട്ടെ എന്ന നിലപാടാണ് കോൺഗ്രസിന് എന്നാണ് പിണറായി പറഞ്ഞത്. അപ്പോഴും ബി.ജെ.പിയെ വിമർശിക്കാൻ അദ്ദേഹം തയ്യാറായില്ല എന്നത് ശ്രദ്ധേയമായി.
സംഭവത്തിൽ ഒരു പങ്കും ഇല്ലെങ്കിൽ, മടിയിൽ കനം ഇല്ലെങ്കിൽ പ്രവർത്തകരോട് പിരിഞ്ഞുപോകൂ, അവർ പരിശോധിക്കട്ടെ എന്ന് പറയാനുള്ള ആർജ്ജവം സി.പി.എം നേതൃത്വം കാണിച്ചുവോ?
ഇല്ല !

സത്യത്തിൽ കേരള മനസ്സാക്ഷിക്കു മുന്നിൽ ഈ പ്രതിരോധം സി.പി.എമ്മിന് അത്യാവശ്യമായിരുന്നു. പാർട്ടിക്ക് സംഭവിച്ച ക്ഷീണത്തിന് ഒരു മരുന്നായി അത് പരിണമിച്ചു. അരവിന്ദ് കെജ്രിവാളിനെ പോലെയുള്ള നേതാക്കളുടെ അഖിലേന്ത്യാ പിന്തുണയും പിണറായിക്ക് ലഭിച്ചു.

എല്ലാ രാഷ്ട്രീയ കക്ഷികളിലേയും നേതാക്കളുടെ ദേഹത്ത് ചെളിതെറിച്ച ഒരു കേസിലാണ്, കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു കൊടുംവളവിൽ വച്ച് സമുന്നതനായ നേതാവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈകാണിച്ചു നിർത്തിയത്. അന്വേഷണം തുടരാൻ തടസ്സമില്ല എന്ന് കേരള ഹൈക്കോടതി ഒരു വാക്ക് പറയേണ്ട താമസം, കേന്ദ്രസേനയെ കളത്തിലിറക്കി നടത്തിയ ഓപ്പറേഷൻ അക്ഷരാർത്ഥത്തിൽ പിണറായി വിജയന്റെ ശത്രുക്കളെ പോലും ഞെട്ടിച്ചു.
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് പദം ഏറ്റെടുക്കണോ വേണ്ടയോ എന്നു പോലും പാർട്ടിക്കുള്ളിൽ ചർച്ച നടക്കുന്നതിനിടയാണ് കൊച്ചുവെളുപ്പാൻകാലത്ത് ഇമ്മാതിരി ഒരു ഓപ്പറേഷൻ !

ഒന്നോർത്താൽ പ്രതിരോധത്തിലായ ഒരു നേതാവിന് ഇതിലും വലിയ രക്ഷാപ്രവർത്തനം കിട്ടാനില്ല.
കേരളതീരത്തെ കരിമണൽ കൊള്ള ചെയ്യാൻ മൗനാനുവാദത്തിന് കൈക്കൂലിയായി കാലങ്ങളായി രാഷ്ട്രീയ കക്ഷികൾ കരിമണൽ മുതലാളിയിൽ നിന്ന് പണം കൈപ്പറ്റുന്നുവെന്ന് രഹസ്യമായും പരസ്യമായും സമ്മതിക്കാത്തവർ കുറവാണ്. ആ കൈക്കൂലിക്ക് മാസപ്പടി എന്ന് ഒരു ഓമനപ്പേര് ഉണ്ടെന്ന് മാത്രം.

ഒരു ഘട്ടത്തിലും പിണറായി വിജയന്റെ ഓഫീസിനെ തിരുത്താൻ തയ്യാറാവാതിരുന്ന പാർട്ടി നേതൃത്വവും അണികളും ഇപ്പോൾ കുരുക്കിൽ ചെന്ന് ചാടിയ നേതാവിനു വേണ്ടി പന്തം കൊളുത്തി പ്രകടനം നടത്തുന്നതിൽ എന്തർത്ഥം എന്ന് നമുക്ക് ചോദിക്കാം. ഈ ജാഗ്രത അല്പം നേരത്തെ ഉണ്ടായിരുന്നെങ്കിൽ പാർട്ടി നേതൃത്വം ഇത്ര വലിയ കുരുക്കിൽ ചെന്ന് പെടുമായിരുന്നില്ല.
ഏതായാലും രക്ഷാപ്രവർത്തനം തുടരട്ടെ.

പ്രിജിത്ത് രാജ്

ദോഷൈകദൃക്കുകൾ പറയുന്നു: 

കേരളമൊട്ടാകെ സിപിഎം അണികൾ പിണറായിയെ ക്രൂശിക്കാൻ ആക്രോശം കൂട്ടിയപ്പോൾ പ്രഖാപിച്ച ED അന്നേഷണം പിണയായിയെ സംരക്ഷിക്കാനോ ? അന്നേഷണഫലം ചേർത്ത് വായിക്കുക  : ഒന്നും കിട്ടിയില്ല. പിണറായി കുറ്റപ്പെടുത്തിയത് രാഹുൽ ഗാന്ധിയെയാണ് ബിജെപിയെയല്ല. കേരള രാഷ്ട്രീയത്തിൽ പിണറായിയെ ഇല്ലാതാക്കിയാൽ സിപിഎം തകരും - തകർന്നാൽ ബിജെപിക്ക് ദോഷം ചെയ്യും - കോൺഗ്രസ് ശക്തി പ്രാപിക്കും . അതുകൊണ്ട് തുവാലക്കടിയിൽ നടത്തിയ ഈ  കൈകൊടുപ്പ് നാടകം ബിജെപിയുടെ  ഭാവി ബാന്ധവങ്ങൾക്കും തുണയാകാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam