പത്തനംതിട്ട: അമ്മു സജീവിൻ്റെ മരണത്തിൽ കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ. അമ്മുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഇരുവരെയും സസ്പെൻഡ് ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് നടപടി. പ്രിൻസിപ്പൽ എൻ അബ്ദുൽ സലാമിനെയും സൈക്കാട്രി അധ്യാപകൻ സജിയെയുമാണ് സസ്പെൻഡ് ചെയ്തത്.
അമ്മുവിന്റെ അധ്യാപകനായ സജിയെ ചോദ്യം ചെയ്യണമെന്ന് അമ്മുവിന്റെ അച്ഛൻ പരാതി നൽകിയിരുന്നു. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ സജിയും പ്രതികളായ വിദ്യാര്‍ത്ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
പ്രതികളായ വിദ്യാര്‍ത്ഥിനികളെ ഒരു വശത്തും അമ്മുവിനെ മറു വശത്തും നിര്‍ത്തി കൗണ്‍സിലിങ് എന്ന പേരില്‍ സജി രണ്ട് മണിക്കൂറിലേറെ കുറ്റവിചാരണ നടത്തി. അതിന് ശേഷമാണ് അമ്മു ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതെന്നും പരാതിയിൽ പറഞ്ഞിരുന്നു.
നവംബര്‍ പതിനഞ്ചിനാണ് അമ്മു സജീവന് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.