ശബരിമല: മകരവിളക്കിനോടനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി നാളെ (ജനുവരി 8) മുതൽ ജനുവരി 15 വരെ ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി 5000 ആയി നിജപ്പെടുത്തി. തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിനുള്ള ബഹു.ഹൈക്കോടതിയുടെ ഉത്തരവിൻറെ അടിസ്ഥാനത്തിലാണിത്.
ജനുവരി 12 ന് 60,000, 13 നു 50,000, 14 നു 40,000 പേർ എന്ന രീതിയിൽ വിർച്വൽക്യൂവിനും ദേവസ്വം ബോർഡ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തെത്തുന്ന ഭക്തർ ദർശനത്തിന് ശേഷം അവിടെ തങ്ങുന്നതും അനുവദനീയമല്ല. ജനുവരി 14നാണ് മകരവിളക്ക്.
മകരവിളക് ദർശനത്തിനെത്തുന്ന ഭക്തർ ജ്യോതിദർശിക്കാനായി പൂങ്കാവനത്തിൽ പർണശാലകൾ കെട്ടി കാത്തിരിക്കാറുണ്ട്. ഇതുകാരണം തിരക്ക് അനിയന്ത്രിതമാവാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. സ്പോട്ട് ബുക്കിങ്ങിലെ നിയന്ത്രണത്തോടൊപ്പം നിലയ്ക്കലിൽ പരിശോധന നടത്തിയശേഷമാകും ഭക്തരെ പമ്പയിലേയ്ക്ക് കടത്തിവിടുക. ഇനിയുള്ള ദിവസങ്ങളിൽ സന്നിധാനത്തെ തിരക്ക് നിയന്ത്രണവിധേയമായി തുടരുന്നതിനു നടപടികൾ സ്വീകരിക്കുന്നതിനൊപ്പം സുരക്ഷിതമായ ജ്യോതിദർശനത്തിനായി വിവിധ ഇടങ്ങളിൽ ഭക്തർക്ക് സൗകര്യങ്ങളും ഏർപ്പടുത്തിയിട്ടുണ്ട്.
ജനുവരി 12 നു ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം അയിരൂർ പുതിയകാവ് ക്ഷേത്രം, ളാഹ എന്നിവിടം വഴി ജനുവരി 14നു ശബരിമലയിൽ എത്തും. തിരുവാഭരണ ഘോഷയാത്രയുടെ സുരക്ഷിതമായ പ്രയാണത്തിനായി വിപുലമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം 39,02,610 ഭക്തർ ഈ ഉത്സവകാലത്തു ശബരിമല സന്ദർശിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഇതേസമയം എത്തിയത് 35,12,691 പേരാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. സുരക്ഷിത ദർശനത്തിനായി പോലീസ് ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളും അനുബന്ധ സൗകര്യങ്ങളുമാണ് തീർഥാടകരുടെ വൻ വർധനയ്ക്കിടയിലും ഏവർക്കും സുരക്ഷിത ദർശനമുറപ്പാക്കിയിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്