ചങ്ങനാശ്ശേരിയിൽ ഒരു അഡീഷണൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കും  

FEBRUARY 13, 2026, 7:49 AM

 തിരുവനന്തപുരം: ചങ്ങനാശ്ശേരിയിൽ ഒരു അഡീഷണൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോ​ഗത്തിന്റേതാണ് തീരുമാനം. ഇന്നത്തെ മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ ഇങ്ങനെ...

 രാജ്യത്തെ ആദ്യത്തെ നഗര നയം തയ്യാറാക്കിയ സംസ്ഥാനമായി  കേരളം  

 ത്വരിതഗതിയിൽ നഗരവൽക്കരിക്കുന്ന കേരളത്തിന്റെ അടുത്ത 25 വർഷത്തെ വികസന ദിശ നിർണയിക്കുന്നതിന് കേരള സർക്കാർ നഗര നയം രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കരട് നഗര നയത്തിന്  ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി.  രണ്ടു വർഷം നീണ്ടു നിന്ന തുടർച്ചയായ പ്രവർത്തനങ്ങളുടെ ഒടുവിലാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു നയം തയ്യാറാക്കുന്ന സംസ്ഥാനമായി കേരളം മാറുന്നത്. 2023-24 ലെ സംസ്ഥാന ബജറ്റിലാണ് സർക്കാർ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നത്.

vachakam
vachakam
vachakam

 2023 ഡിസംബർ മാസം ദേശീയ- അന്തർദേശീയ വിദഗ്ധരെ ഉൾക്കൊള്ളിച്ച് കേരള നഗര നയ കമ്മിഷൻ സർക്കാർ രൂപീകരിക്കുകയും 2025 മാർച്ച് മാസം നവകേരള നഗര നയ റിപ്പോർട്ട് കമ്മിഷൻ മുഖ്യ മന്ത്രിക്ക് കൈമാറുകയും ചെയ്തു.  തുടർന്ന് ഈ റിപ്പോർട്ട് വിപുലമായി ചർച്ച ചെയ്യുന്നതിന് സെപ്റ്റംബർ മാസം കൊച്ചിയിൽ ഒരു ആഗോള സമ്മേളനം നടത്തുകയുണ്ടായി. ദേശീയ- അന്തർദേശീയ തലത്തിൽ നിന്നും മന്ത്രിമാരും, മേയർമാരും, ജനപ്രതിനിധികളും, വിദഗ്ദ്ധരും പങ്കെടുത്ത  സമ്മേളനം  നഗരവൽക്കരണം സംബന്ധിച്ച വിശദമായ ചർച്ചകൾ നടത്തുകയുണ്ടായി. പുതിയതായി ഉയർന്നു വന്ന നിർദേശങ്ങൾ കൂടി ഉൾകൊള്ളിച്ചു കൊണ്ടാണ് സർക്കാർ ഇപ്പോൾ നഗര നയം തയ്യാറാക്കിയിട്ടുള്ളത്.

 നഗര നയ കമ്മിഷന്റെ കണക്ക് പ്രകാരം 2050 ഓടെ കേരളം 80 ശതമാനം നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനമാവും. മലനാടിനും തീര ദേശത്തിനും ഇടയിൽ അതീവ ജനസാന്ദ്രതയുള്ള മേഖലകളിൽ വികേന്ദ്രീകൃതമായി നഗര വികസനം പടർന്നു നടക്കുന്ന ഒരു സാഹചര്യമാണ് ഉരുത്തിരിയുന്നത്. കാലാവസ്ഥാ വ്യതിയാനം കൂടെ സംഭവിക്കുന്ന സാഹചര്യത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങളിലടക്കം നടക്കുന്ന നഗര വികസനത്തെ ശാസ്ത്രീയമായി സമീപിക്കുന്നതിനുളള അടിസ്ഥാന രേഖയായിരിക്കും സർക്കാർ തയ്യാറാക്കായിട്ടുള്ള നഗര നയം.  നഗരവൽക്കരണത്തെ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സമീപനവും സാധ്യതകളും ഇത് മുന്നോട്ട് വയ്ക്കുന്നു.

 സംസ്ഥാനത്തിന്റെ വികേന്ദ്രീകൃത ഭരണത്തിന്റെയും പങ്കാളിത്ത ആസൂത്രണത്തിന്റെയും പാരമ്പര്യം പിൻപറ്റി ശാസ്ത്രീയ ആസൂത്രണവും സത്ഭരണവും ഉറപ്പുവരുത്തി കൊണ്ട്  ക്ലൈമറ്റ്-സ്മാർട്ട് നഗരങ്ങളുടെയും പട്ടണങ്ങളുടെയും ഒരു തുടർ  ശൃംഖലയാണ് 2050 ലെ കേരളം സംബന്ധിച്ചു  നഗരനയം വിഭാവനം ചെയ്യുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്നതും നഗരവൽക്കരണം സൃഷ്ടിക്കുന്ന സൌകര്യങ്ങൾ എല്ലാവർക്കും  പ്രാപ്യമാവുകയും ചെയ്യുന്ന ഒരു മാതൃകയാണ് കേരളം സൃഷ്ടിക്കാൻ    ഉദേശിക്കുന്നത്.  ഉയർന്ന നിലവാരമുള്ള നഗര സൌകര്യങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം സാമൂഹികവും സ്ഥലപരവുമായ അസമത്വങ്ങൾ കുറയ്ക്കുകയും  സാമൂഹിക പിന്തുണാ സംവിധാനങ്ങൾ ഉറപ്പ് വരുത്തുന്നതുമാണ്  കേരളത്തിന്റെ നഗരനയം.

vachakam
vachakam
vachakam

 നിയമങ്ങളിലും സംവിധാനങ്ങളിലും വരുത്തുന്ന പരിഷ്കാരങ്ങൾ, കാര്യശേഷീ വികസനവും ഭരണസംവിധാനങ്ങൾ  ശക്തിപ്പെടുത്തലും, ജനകേന്ദ്രീകൃതമായ സേവനവും പദ്ധതികളും, അടിസ്ഥാന സൌകര്യ വികസനം, സ്ഥലപരവും തന്ത്രപരവുമായ ആസൂത്രണം എന്നീ വിഷയ മേഖലകളായാണ് നയം തയ്യാറാക്കിയിട്ടുള്ളത്. 

കേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരം 

vachakam
vachakam
vachakam

 ഭാവിയിലെ അത്ഭുത പദാർത്ഥമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രാഫീൻ ഉൽപ്പാദനത്തിലും ഗവേഷണത്തിലും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകാൻ കേരളം ഒരുങ്ങുന്നു. സംസ്ഥാനത്ത് ഗ്രഫീൻ ആവാസ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന കേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരം നൽകി.  വിവിധ വ്യവസായ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ള ഗ്രാഫീൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനായി ബൃഹത്തായ പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഗ്രഫീനിന്റെയും അനുബന്ധ വസ്തുക്കളുടെയും ഗവേഷണം, പ്രയോഗം എന്നിവ പ്രോത്സാഹിപ്പിക്കുക, വികസനത്തിനും വ്യാവസായത്തിനും പിന്തുണ ഉറപ്പാക്കുക എന്നതാണ് കേരള ഗ്രഫീൻ നയം ലക്ഷ്യമിടുന്നത്. സ്ഥിരതയുള്ള പ്രവർത്തനങ്ങൾ സൃഷ്ടിക്കൽ, അനുകൂലമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സ്ഥാപിക്കൽ, ഗവേഷണവും വികസനവും പിന്തുണയ്ക്കൽ, സാങ്കേതിക പിന്തുണയും ആഗോള പങ്കാളിത്തങ്ങളും ഉറപ്പാക്കൽ, സാമ്പത്തിക കൺസൾട്ടൻസി സേവനങ്ങളും മാർക്കറ്റിംഗും തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

അഭിഭാഷക ക്ഷേമനിധി ആക്ടിൽ ഭേദഗതി

 1980ലെ അഭിഭാഷക ക്ഷേമനിധി ആക്ടിൽ ഭേദഗതി വരുത്തും. 2026ലെ കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ബിൽ അംഗീകരിച്ചു. പ്രാക്ടീസ് അവസാനിപ്പിക്കുമ്പോൾ നൽകുന്ന ആനുകൂല്യത്തിൻ്റെയും മരണാനന്തരം നൽകുന്ന ആനുകൂല്യത്തിന്റെയും നിലവിലുള്ള പത്തു ലക്ഷം രൂപ എന്ന പരിധി ഉയർത്തി പരമാവധി മൊത്തം തുക ഇരുപത് ലക്ഷം രൂപയായി വർധിപ്പിക്കും. പ്രധാനമായ ശസ്ത്രക്രിയകൾക്കും ക്യാൻസർ ചികിത്സയ്ക്കുമുള്ള സാമ്പത്തിക സഹായം നിലവിലുള്ള ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയായി വർധിപ്പിക്കും.

 കരാർ ദീർഘിപ്പിക്കും

 എൻ.ടി.പി.സിയുമായുള്ള വൈദ്യുതി വാങ്ങൽ കരാർ മൂന്ന് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കുന്നതിന് കെ.എസ്.ഇ.ബി.എല്ലിന് അനുമതി നൽകി. 

ശമ്പള പരിഷ്കരണം

 സഹകരണ സർവ്വീസ് പരീക്ഷ ബോർഡ് ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്കരണം വ്യവസ്ഥകൾക്ക് വിധേയമായി അംഗീകരിക്കും. പത്താം ശമ്പള പരിഷ്കരണം അനുവദിച്ച നടപടി സാധൂകരിച്ചു. 

 ഭൂമി കൈമാറ്റം

 ടെക്നോപാർക്കിൻ്റെ കൈവശമുള്ള 4.74 ഏക്കർ ഭൂമിയുടെ അവകാശം നിബന്ധനകൾക്ക് വിധേയമായി KSPACE- ന് കൈമാറ്റം ചെയ്യുന്നതിന് അനുമതി നൽകി. ടെക്നോപാർക്ക് KSPACE-ന് കൈമാറേണ്ടിയിരുന്ന 18.56 ഏക്കർ ഭൂമിയിൽ നിന്ന് 3.67 ഏക്കർ ഭൂമി മഴവെള്ളസംഭരണ സംവിധാനത്തിന്റെ നിർമ്മാണത്തിന് നീക്കിവച്ചതിനു പകരമായാണിത്.

ടെണ്ടർ അംഗീകരിച്ചു

 ഹരിപ്പാട് നഗരസഭയിലെ ആധുനിക വാതക ശ്മശാന നിർമ്മാണവുമായി ബന്ധപ്പെട്ട ടെണ്ടർ അംഗീകരിച്ചു. 

കാലാവധി ദീർഘിപ്പിച്ചു

 കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ടർ ലിമിറ്റഡ് മാനജിംഗ് ഡയറക്ടർ തസ്തികയിൽ കരാർ വ്യവസ്ഥയിലും കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡ് മാനജിംഗ് ഡയറക്ടർ, ഇൻഫർമേഷൻ കേരള മിഷൻ  എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ തസ്തികകളുടെ അധിക ചുമതലയും വഹിച്ചു വരുന്ന ഡോ.സന്തോഷ് ബാബുവിൻ്റെ സേവനകാലം 10.10.2025 മുതൽ ഒരു വർഷത്തേയ്ക്ക് ദീർഘിപ്പിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam