ഡൽഹി: ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കിടയിൽ വ്യാപക ആശങ്കയുണർത്തി മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ താൽക്കാലികമായി ബ്ലോക്ക് ചെയ്യുന്ന സംഭവം. നിരവധി ഉപയോക്താക്കളുടെ അക്കൗണ്ടുകൾ 24 മണിക്കൂർ നേരത്തേക്ക് മരവിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. സാങ്കേതിക തകരാറാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് വാട്‌സ്ആപ്പ് അധികൃതർ അറിയിച്ചു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് പലർക്കും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. "പ്ലാറ്റ്ഫോമിന്റെ സേവന നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനായി നിങ്ങളുടെ അക്കൗണ്ട് പരിശോധിച്ചുവരികയാണ്" എന്ന സന്ദേശമാണ് ഉപയോക്താക്കൾക്ക് ലഭിച്ചത്. ഇതോടെ മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ റിവ്യൂവിന് വിധേയമാക്കിയതെന്തിനാണെന്ന ചോദ്യവും ഉയർന്നു.
സംഭവത്തിൽ പ്രതികരിച്ച വാട്‌സ്ആപ്പ് വക്താവ്, യഥാർത്ഥ ഉപയോക്താക്കളെ സംരക്ഷിക്കാനും ദുരുപയോഗം തടയാനുമായി കമ്പനി നിരന്തരം നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. വ്യാജ അക്കൗണ്ടുകൾ കണ്ടെത്തി നിയന്ത്രിക്കുന്ന പ്രക്രിയയ്ക്കിടയിൽ ഉണ്ടായ ചെറിയ സാങ്കേതിക പിഴവാണ് ഇതെന്നും, പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, എത്ര അക്കൗണ്ടുകളെയാണ് ഈ പ്രശ്നം ബാധിച്ചതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. പ്ലാറ്റ്ഫോമിന്റെ നയങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള യാതൊരു പ്രവർത്തനവും നടത്തിയിട്ടില്ലെന്നും, യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അക്കൗണ്ടുകൾ പരിശോധനയ്ക്ക് വിധേയമാക്കിയതെന്നും നിരവധി ഉപയോക്താക്കൾ പരാതിപ്പെടുന്നു.
ഇതിനിടെ, ഇന്ത്യയിലെ ചില വാട്‌സ്ആപ്പ് ഉപയോക്താക്കളിൽ നിന്ന് ജനനത്തീയതി ശേഖരിക്കാൻ കമ്പനി ആരംഭിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ചിലരുടെ ആപ്പുകളിൽ വയസ് രേഖപ്പെടുത്താൻ ആവശ്യപ്പെട്ടുള്ള പോപ്പ്-അപ്പ് സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടതായാണ് വിവരം.
ഇതോടെ സമൂഹമാധ്യമ ഉപയോഗത്തിന് പ്രായപരിധിയോ നിർബന്ധിത പ്രായ പരിശോധനയോ കൊണ്ടുവരാനാണ് നീക്കമെന്ന തരത്തിലുള്ള ചർച്ചകൾ ശക്തമായിട്ടുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് കേന്ദ്ര ഐടി മന്ത്രാലയമോ വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയോ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
