പാലക്കാട് : വാളയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എംജെ സോജന് സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനം ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.
ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ചാണു സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി തള്ളിയത്.
വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും നടപടികളില്‍ വീഴ്ചയില്ലെന്നുമായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി. ഇതിനെതിരെയാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.
വസ്തുതകള്‍ പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ വിധിയെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാനില്ലെന്നുമാണ് ഡിവിഷന്‍ ബെഞ്ച് സ്വീകരിച്ച നിലപാട്.
എംജെ സോജന് ഐപിഎസ് ലഭിക്കാനുള്ള സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാനാവില്ലെന്നായിരുന്നു സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്. വാളയാറില്‍ സഹോദരങ്ങളായ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എംജെ സോജന്‍.
തന്റെ മക്കളെ സോജൻ അപകീർത്തിപ്പെടുത്തിയതിൻ്റെ തെളിവുകൾ സർക്കാരിന് നൽകിയതാണ് എന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞിരുന്നു. സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നതിൻ്റെ തെളിവാണ് സോജന് ഐപിഎസ് നൽകാനുള്ള തീരുമാനമെന്നും പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്