തിരുവനന്തപുരം: യുഡിഎഫിനെ നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചുകൊണ്ടുവരാൻ സാധിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രഖ്യാപനം ധീരമാണെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ.
യു.ഡി.എഫിനെ നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചുകൊണ്ടുവരാൻ സാധിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രഖ്യാപനം ധീരവും കോൺഗ്രസ് പ്രസ്ഥാനത്തിന്റെയും യു.ഡി.എഫിന്റെയും അന്തസ് ഉയർത്തിപ്പിടിക്കുന്നതുമാണെന്നാണ് വിഎം സുധീരൻ ഫേസ്ബുക്കിൽ കുറിച്ചത്.
യു.ഡി.എഫ്. അണികളിലും ജനാധിപത്യ മതേതര വിശ്വാസികളായ ജനങ്ങളിലും തനിക്കുള്ള ഉറച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണിത്.
തന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കായി എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി പദം ദുരുപയോഗപ്പെടുത്തിവരുന്ന വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളിക്കുള്ള സതീശന്റെ ഈ മറുപടി തികച്ചും പ്രസക്തവും അഭിനന്ദനാർഹവുമാണ്.
ശ്രീനാരായണ ഗുരുസ്വാമികളുടെ മഹത്തായ സന്ദേശങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് ഗുരുദേവൻ അരുത് എന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങൾമാത്രം ചെയ്തുകൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി വർഗ്ഗീയ വിഷം വമിപ്പിച്ചുകൊണ്ട് കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തെ മലിനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തെ വീണ്ടും വർഗ്ഗീയ ഭ്രാന്താലയമാക്കാനാണ് വെള്ളാപ്പള്ളിയുടെ ഗൂഢശ്രമം.
ഇതുവഴി സമൂഹത്തെ വർഗ്ഗീയാടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് മോദി-പിണറായി ദ്വയങ്ങളുടെ ദുർഭരണത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് വെള്ളാപ്പള്ളി കളമൊരുക്കുന്നത്. അതോടൊപ്പം തന്റെ തെറ്റായ ചെയ്തികൾക്കതിരെ ഉണ്ടാകാവുന്ന നിയമപരമായ നടപടികളിൽനിന്നും ഒഴിവാകുകയെന്ന ഗുഢലക്ഷ്യവും വെച്ചുപുലർത്തുന്നുണ്ട്.
നാടിന്റെ നവോത്ഥാന മുന്നേറ്റത്തിൽ നിർണ്ണായക പങ്കുവഹിച്ച ശ്രീനാരായണ ഗുരുസ്വാമികൾ നൽകിയ സന്ദേശങ്ങൾക്കും ഗുരുദേവന്റെ ദർശനങ്ങൾക്കും എതിരെ എക്കാലത്തും പ്രവർത്തിച്ചുവരുന്ന വെള്ളാപ്പള്ളി സംസ്ഥാന സർക്കാർ രൂപീകരിച്ച നവോത്ഥാന സമിതിയുടെ അദ്ധ്യക്ഷനായിരിക്കുന്നത് കേരളത്തിന് അപമാനകരമാണ്.
നവോത്ഥാന നായകർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളോട് തനിക്കെന്തെങ്കിലും ആദരവുണ്ടെങ്കിൽ സംസ്ഥാന നവോത്ഥാന സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തുനിന്നും വെള്ളാപ്പള്ളിയെ നീക്കംചെയ്യാൻ മുഖ്യമന്ത്രി പിണറായി തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
