ബെവ്കോയില്‍ സ്ഥലംമാറ്റം; പണി കിട്ടിയത് നേതാക്കള്‍ക്ക്

JANUARY 6, 2025, 6:29 PM

തിരുവനന്തപുരം: ബെവ്കോയിലെ സ്ഥലംമാറ്റ ഉത്തരവിന് വില കല്‍പ്പിക്കാതെ നേതാക്കള്‍. പുതിയ സ്ഥലങ്ങളില്‍ ജോയിന്‍ ചെയ്യേണ്ട സമയമായിട്ടും സ്ഥലം മാറ്റം ലഭിച്ച നേതാക്കളായ ജീവനക്കാര്‍ പഴയ സ്ഥലം ഉപേക്ഷിക്കാന്‍ തയ്യാറായിട്ടില്ല. സ്ഥലം മാറ്റ ഉത്തരവ് എല്ലാവരും അനുസരിക്കണമെന്ന് എംഡി ഹര്‍ഷിത അട്ടല്ലൂരി നിര്‍ദ്ദേശം നല്‍കിയിട്ടും നേതാക്കള്‍ ഗൗനിച്ചിട്ടില്ല.

ഡിസംബര്‍ 21 നും 24 നുമായി രണ്ട് ഉത്തരവുകളാണ് ഇറങ്ങിയത്. 21 ന് ഇറങ്ങിയ ഉത്തരവില്‍ രണ്ട് പേര്‍ക്കായിരുന്നു സ്ഥലംമാറ്റം. 24 ന് ഇറങ്ങിയ ഉത്തരവില്‍ ആറ് പേര്‍ക്കും സ്ഥലംമാറ്റം നല്‍കിയിരുന്നു. ജില്ലയ്ക്ക് അകത്താണെങ്കില്‍ 48 മണിക്കൂറിനുള്ളിലും ജില്ലയ്ക്ക് പുറത്താണെങ്കില്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളിലും ജോയിന്‍ ചെയ്യണമെന്നാണ് സര്‍വ്വീസ് ചട്ടം. അഞ്ച് മാനേജര്‍മാരെയും ഒരു അസിസ്റ്റന്റ് മാനേജരെയും ഒരു യുഡി ക്ലര്‍ക്കിനെയും ഒരു അസിസ്റ്റന്റിനെയുമാണ് സ്ഥലം മാറ്റിയത്.  

ഞാന്‍ പോകില്ല, വേണമെങ്കില്‍ എംഡി മാറട്ടെ എന്നായിരുന്നു ഒരു നേതാവിന്റെ നിലപാടെന്നാണ് ജീവനക്കാര്‍ക്കിടയിലെ സംസാരം. മന്ത്രിയുടെ സ്വാധീനം ഉപയോഗിച്ച് ബെവ്കോ ആസ്ഥാനത്ത് തന്നെ തുടരാനാണ് മറ്റൊരു നേതാവിന്റെ നീക്കം. ബെവ്കോയിലെ സിഐടിയു, എഐടിയുസി സംസ്ഥാന നേതാക്കളാണ് ഭരണസ്വാധീനത്തില്‍ സ്ഥലംമാറ്റ ഉത്തരവിനെ വെല്ലുവിളിച്ച് പഴയ കസേരകളില്‍ തന്നെ തുടരുന്നത്. കോര്‍പ്പറേഷന്‍ സിഎംഡി ഓഫീസില്‍ ജോലി ചെയ്യുന്ന മാനേജര്‍ കെ സുനേശന്‍ ആണ് സ്ഥലംമാറ്റം ലഭിച്ച ഒരാള്‍. എഐടിയുസി സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായ ഇയാള്‍ക്ക് തിരുവല്ല വെയര്‍ഹൗസിലേക്ക് ആയിരുന്നു സ്ഥലംമാറ്റം.

സ്ഥലംമാറ്റിയ പാലക്കാട് വെയര്‍ഹൗസ് മാനേജര്‍ ആര്‍ കാര്‍ത്തികേയന്‍ സിഐടിയു സി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ്. റീജിണല്‍ ഓഫീസ് എന്‍ ഒന്നിലേക്കാണ് ഇയാളെ സ്ഥലം മാറ്റിയത്. കോഴിക്കോട് വെയര്‍ഹൗസ് അസിസ്റ്റന്റ് മാനേജര്‍ കെ റിജുവിനെ റീജിണല്‍ ഓഫീസ് രണ്ടിലേക്കും സ്ഥലം മാറ്റിയിരുന്നു.

തൃശൂര്‍, പാലക്കാട് ഡിഎറ്റികളില്‍ നിന്നും തിരുവല്ല വെയര്‍ഹൗസില്‍ നിന്നും സ്ഥലംമാറ്റം ലഭിച്ച ജീവനക്കാരും പുതിയ സ്ഥലത്തേക്ക് പോകാന്‍ തയ്യാറായിട്ടില്ല. സ്ഥലം മാറ്റം ലഭിച്ച ചിലര്‍ക്കെതിരെ വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നതായും ഇതും സ്ഥലം മാറ്റത്തിന് കാരണമാണെന്നും ജീവനക്കാര്‍ സൂചന നല്‍കുന്നു. രാഷ്ട്രീയ സ്വാധീനത്തില്‍ വര്‍ഷങ്ങളായി ഈ സ്ഥലങ്ങളില്‍ തുടര്‍ന്ന് വന്നവരാണിവര്‍.

കഴിഞ്ഞ ഏപ്രിലില്‍ ഒരു വനിതാ നേതാവിനെയടക്കം സ്ഥലംമാറ്റിയപ്പോഴും അവര്‍ ചുമതലയേറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതും കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam