തിരുവനന്തപുരം: എസ്.എഫ്.ഐ യുടെ ഗ്ലാമർ താരങ്ങളായിരുന്ന സുരേഷ് കുറുപ്പിനെയും സിന്ധു ജോയിയേയും സി.പി.എം നേതൃത്വം ക്രൂരമായി വഞ്ചിക്കുകയാണുണ്ടായതെന്ന് ചെറിയാൻ ഫിലിപ്പ്. സംഘടനാ രംഗത്തെ തുടർച്ചയായ അവഗണനയിൽ പ്രതിഷേധിച്ചാണ് സുരേഷ് കുറുപ്പ് സി.പി.എം കോട്ടയം ജില്ലാ കമ്മറ്റിയിൽ നിന്നും ഇപ്പോൾ സ്വയം ഒഴിവായത്.
1984 - ൽ ഇന്ദിരാ ഗാന്ധിയുടെ വധത്തിനു ശേഷം കോൺഗ്രസ് തരംഗത്തിൽ കേരളത്തിലെ 20 ലോക്സഭാ സീറ്റിൽ 18-ഉം യു.ഡി.എഫ് നേടിയപ്പോൾ കോട്ടയത്ത് എസ്.എഫ്.ഐ പ്രസിഡണ്ടായ സുരേഷ് കുറുപ്പ് അട്ടിമറി വിജയം നേടിയത് താര പൊലിമ കൊണ്ടാണ്. യു.ഡി.എഫ് കോട്ടയായ കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ നാലുതവണയും ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ രണ്ടു തവണയും കുറുപ്പ് വിജയിച്ചത് അദ്ദേഹത്തിന്റെ ജനപിന്തുണ കൊണ്ടു മാത്രമാണ്.
2016-ൽ തന്നേക്കാൾ ജൂനിയറായ സ്വസമുദായക്കാരായ പി.ശ്രീരാമകൃഷ്ണൻ സ്പീക്കറായപ്പോഴും , സി.രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായപ്പോഴും കുറുപ്പിന് നിയമസഭയിലെ പിൻനിരയിൽ ദുഃഖം കടിച്ചമർത്തി ഇരിക്കേണ്ടി വന്നു. താൻ സി.പി.എം ജില്ലാ കമ്മറ്റിയിൽ അംഗമായപ്പോൾ പാർട്ടിയിൽ അംഗമല്ലാതിരുന്ന പലരും ഇപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലും മന്ത്രിസഭയിലും ഇരിക്കുമ്പോൾ ഒരു സംസ്ഥാന കമ്മറ്റി അംഗത്വം പോലും സുരേഷ് കുറുപ്പിന് നൽകിയില്ല.
സ്വാശ്രയ വിദ്യാഭാസസമര വേളയിൽ എസ്.എഫ്.ഐ പ്രസിഡണ്ടായിരുന്ന സിന്ധു ജോയിക്ക് പോലീസ് ഗ്രനേഡ് ആക്രമണത്തിൽ കാലൊടിഞ്ഞ് മാസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നിട്ടുണ്ട്. സമര പോരാളിയെന്ന നിലയിൽ ഏറ്റവുമധികം ജയിൽവാസം അനുഭവിച്ച വനിതയും സിന്ധു ജോയിയാണ്.
എറണാകുളം ലോക്സഭാ മണ്ഡലത്തിലും പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലും ചാവേറാക്കിയ സിന്ധുവിന് ജയസാദ്ധ്യതയുള്ള ഒരു സീറ്റും പിന്നീട് നൽകിയില്ല. അതേസമയം, കോളജ് അദ്ധ്യാപികയായിരുന്ന ടി.എൻ. സീമയ്ക്ക് മഹിളാ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട്, സി.പി.എം സംസ്ഥാന കമ്മറ്റിയംഗം, രാജ്യസഭാംഗം എന്നീ സ്ഥാനങ്ങൾ ത്രിബിൾ പ്രമോഷനായി ഒറ്റയടിക്ക് നൽകിയപ്പോൾ സിന്ധുവിന് ഡി.വൈ.എഫ്.ഐ ഭാരവാഹിത്വം പോലും നൽകിയില്ല.
മാതാപിതാക്കളോ കുടുംബമോ ഇല്ലാതിരുന്ന തീർത്തും അനാഥയായ സിന്ധു മനം നൊന്താണ് സി.പി.എം വിട്ടതും പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ച് വിവാഹിതയായി യു.കെ.യിലേക്ക് പോയതും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്