മൂവാറ്റുപുഴ: ജാതിക്ക മോഷണത്തിനിടെ അബദ്ധത്തിൽ കൈയിൽപ്പെട്ട സ്കൂട്ടറിന്റെ താക്കോൽ രണ്ടുദിവസത്തിന് ശേഷം വീട്ടിലെത്തിച്ച് മോഷ്ടാവ്. മോഷണത്തിനൊടുവിൽ താക്കോൽ തിരികെ നൽകിയ കള്ളന്റെ 'വ്യത്യസ്ത നടപടി'യാണ് മൂവാറ്റുപുഴയിൽ കൗതുകമായിരിക്കുന്നത്.
കോളാപ്പറമ്പിൽ ജോയിയുടെ വീട്ടിലെ പോർച്ചിൽ നിന്നാണ് ജൂലൈ 29-ന് രാത്രി രണ്ട് കിലോയോളം ജാതിക്കയും അത് സൂക്ഷിച്ചിരുന്ന സിമന്റ് ചട്ടിയും മോഷ്ടിക്കപ്പെട്ടത്. ജാതിക്ക സൂക്ഷിച്ചിരുന്ന ചട്ടിക്കുള്ളിൽ ഉണ്ടായിരുന്ന സ്കൂട്ടറിന്റെ താക്കോലും മോഷ്ടാവ് അറിയാതെ കൊണ്ടുപോയതോടെയാണ് വീട്ടുകാർ പ്രതിസന്ധിയിലായത്.
താക്കോൽ നഷ്ടമായതിനെ തുടർന്ന് വീട്ടുകാർ ഏറെ ബുദ്ധിമുട്ടിലായി. എന്നാൽ ജൂലൈ 31-ന് രാവിലെ വീട്ടുമുറ്റത്ത് കിടന്നിരുന്ന പ്ലാസ്റ്റിക് വള്ളി മാറ്റുന്നതിനിടെയാണ് അപ്രതീക്ഷിത കണ്ടെത്തൽ. വള്ളിയുടെ അറ്റത്ത് മോഷ്ടിക്കപ്പെട്ട സ്കൂട്ടറിന്റെ താക്കോൽ സുരക്ഷിതമായി കെട്ടിവെച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മോഷ്ടാവ് അബദ്ധത്തിൽ കൊണ്ടുപോയ താക്കോൽ മനഃപൂർവം തിരികെ എത്തിച്ചതാണെന്നാണ് വീട്ടുകാരുടെ വിലയിരുത്തൽ. ജാതിക്ക മോഷ്ടിച്ചെങ്കിലും സ്കൂട്ടറിന്റെ താക്കോൽ തിരികെ നൽകിയ മോഷ്ടാവിന്റെ നടപടി പ്രദേശത്ത് കൗതുക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
