വാരിയെല്ലുകളും വിരലുകളും പ്രത്യേകം കവറുകളില്‍; കണ്ടെടുത്ത അസ്ഥികള്‍ക്ക് 20 വര്‍ഷത്തിലേറെ പഴക്കം

JANUARY 6, 2025, 5:46 PM

കൊച്ചി: ചോറ്റാനിക്കരയില്‍ പൂട്ടിക്കിടന്ന വീട്ടില്‍ നിന്നും കണ്ടെടുത്ത അസ്ഥികള്‍ക്ക് 20 വര്‍ഷത്തിലേറെ പഴക്കമുള്ളതായി പ്രാഥമിക നിഗമനം. ഫ്രിഡ്ജില്‍ നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത് മൂന്ന് കവറുകളിലായി സൂക്ഷിച്ച നിലയില്‍. 14 ഏക്കറിന് നടുവിലെ പൂട്ടിക്കിടന്ന വീട്ടില്‍ അസ്ഥികള്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനത്തിന് ഉപയോഗിക്കുന്ന രീതിയിലാണ് സൂക്ഷിച്ചിരുന്നതെന്നാണ് വിവരം.

വാരിയെല്ലുകള്‍ പ്രത്യേകം കവറിലും കൈകാലുകളിലെ വിരലുകള്‍ മറ്റൊരു കവറിലുമാക്കിയ നിലയിലാണ് സൂക്ഷിച്ചിരിക്കുന്നത്. കാല്‍ മുട്ടിലെ ചിരട്ടകള്‍ പൊടിഞ്ഞുപോയ നിലയിലായിരുന്നു. വീട്ടില്‍ വൈദ്യുതി കണക്ഷനോ ഫ്രിഡ്ജില്‍ കംപ്രസറോ ഉണ്ടായിരുന്നില്ല.

ചോറ്റാനിക്കര എരുവേലി പാലസ് സ്‌ക്വയറിന് സമീപത്ത് ഇരുപതുവര്‍ഷമായി ആള്‍ത്താമസമില്ലാതെ കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. കൊച്ചി ഫോറം മാളിന് സമീപത്ത് സ്ഥിരതാമസമാക്കിയ മംഗലശേരി ഫിലിപ് ജോണിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഡോക്ടറായ ഇദ്ദേഹം വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. ചോറ്റാനിക്കരയിലെ വീട് 20 വര്‍ഷത്തിലധികമായി പൂട്ടി കിടക്കുകയായിരുന്നു. 15 വര്‍ഷം മുമ്പുവരെ ഫിലിപ് ജോണ്‍ ഇവിടെ എത്തി സ്ഥലം പരിശോധിക്കുമായിരുന്നു. എന്നാല്‍, ജോലിത്തിരക്കുകള്‍ കാരണം പിന്നീട് ഇവിടേക്ക് എത്താതായി. ഇതോടെ ഇവിടം സാമൂഹികവിരുദ്ധരുടെ താവളമായി മാറുകയായിരുന്നു.

ഇക്കഴിഞ്ഞ പുതുവര്‍ഷാഘോഷത്തിനിടെ ഈ വീടിന്റെ പരിസരത്ത് സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. അടഞ്ഞുകിടക്കുന്ന വീട്ടില്‍ സാമൂഹികവിരുദ്ധരുടെ ശല്യമുള്ളതായി നാട്ടുകാര്‍ പരാതിപ്പെട്ടതോടെ പഞ്ചായത്ത് മെമ്പറുടെ ആവശ്യപ്രകാരമാണ് പൊലീസ് വീട്ടിനുള്ളില്‍ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെയാണ് ഫ്രിഡ്ജില്‍ നിന്ന് അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തിയത്.

അതേസമയം അടുത്തുതന്നെ ഈ വീട് പൊളിച്ച് ആശുപത്രി നിര്‍മിക്കാനുള്ള പദ്ധതിയിലായിരുന്നു ഉടമസ്ഥനായ ഡോക്ടര്‍. ഇതിനിടെയാണ് വീടിനുള്ളില്‍ നിന്ന് തലയോട്ടി കണ്ടെടുത്തത്. ചോറ്റാനിക്കര പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകിട്ടോടെ സ്ഥലത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഫൊറന്‍സിക് വിദഗ്ധരെയടക്കം എത്തിച്ച് വിശദമായ അന്വേഷണം നടത്തും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam