പാലക്കാട്: നാലു വർഷത്തെ പ്രണയത്തിനും വെറും ഒന്നര വർഷത്തെ വിവാഹ ജീവിതത്തിനും ശേഷം ഭാര്യയെ ഭർത്താവ് തന്നെ കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് പാലക്കാട് ശ്രീകൃഷ്ണപുരത്തെ നാട്ടുകാർ.
പാലക്കാട് ശ്രീകൃഷ്ണപുരത്താണ് വൈഷ്ണവിയെ അതി ക്രൂരമായി ഭർത്താവ് ദീക്ഷിത് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി 12.30നാണ് മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി ഉണ്ണികൃഷ്ണന്‍റെ ഫോണിലേക്ക് മരുമകൻ ദീക്ഷിത് വിളിക്കുന്നത്. വൈഷ്ണവിക്ക് സുഖമില്ലെന്നും അബോധാവസ്ഥയിലാണ്, പാലക്കാട്ടെ കാട്ടുകുളത്തെ വീട്ടിലേക്ക് ഉടൻ വരണമെന്നും ദീക്ഷിത് വിളിച്ചു പറഞ്ഞു.
മാതാപിതാക്കളെത്തി ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ വൈഷ്ണവി മരിച്ചെന്ന് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് കാര്യങ്ങൾ വ്യക്തമായത്. വൈഷ്ണിയുടെ മരണ കാരണം ശ്വാസംമുട്ടിച്ചതാണെന്ന് കണ്ടെത്തിയതോടെ ഭർത്താവ് ദീക്ഷിതിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ ഏവരേയും ഞെട്ടിച്ച് കുറ്റസമ്മതം.
മാതാപിതാക്കൾ വിദേശത്തായതിനാൽ ദീക്ഷിതും വൈഷ്ണവിയും മാത്രമാണ് കാട്ടുകുളത്തെ വീട്ടിൽ താമസം. വിവാഹ ശേഷം വാഹനാപകടത്തിൽ ദീക്ഷിതിന് ഗുരുതര പരിക്കേറ്റിരുന്നു. ശാരീരിക അവശതകൾ അലട്ടി. ജോലിക്ക് പോകാൻ പറ്റാതായി. ഇതിനിടയിൽ ഇരുവർക്കിടയിലും പ്രശ്നങ്ങളുണ്ടായി. സംഭവം നടന്ന അന്ന് രാത്രിയും ഇരുവരും തമ്മിൽ വഴക്കുണ്ടായി എന്നാണ് പൊലീസ് പറയുന്നത്.
പിന്നാലെയായിരുന്നു അതിക്രൂര കൊലപാതകം. ബെഡ്ഷീറ്റ് വായിലേക്ക് തിരുകി മൂക്ക് പൊത്തി ശ്വാസം മുട്ടിച്ചാണ് വൈഷ്ണവിയെ കൊലപ്പെടുത്തിയത്. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
