കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ താൻ നിരന്തരം നേരിടുന്ന സൈബർ ആക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി എസ്എഫ്‌ഐ മുൻ സംസ്ഥാന അധ്യക്ഷൻ സിന്ധു ജോയ് രംഗത്ത്.
നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് ഫേസ്ബുക്കിലെ ഈ കുറിപ്പ് എന്ന് തുടങ്ങിയ കുറിപ്പിലൂടെ താൻ അനുഭവിക്കുന്ന സൈബർ ആക്രമണത്തിന്റെ വ്യാപ്തി സിന്ധു ജോയ് വിവരിച്ചു.
'ബ്രിട്ടീഷ് സിവിൽ സർവീസിലെ ഓഫീസർ എന്ന നിലയിൽ സാമൂഹ്യമാധ്യമങ്ങളിൽ ഇടപെടാനുള്ള പരിമിതി ആയിരുന്നു പ്രധാനകാരണം. വർഗീയമായും രാഷ്ട്രീയമായും പരസ്പരം പാഴ്വാക്കെറിഞ്ഞ് ആത്മരതിയടയുന്ന മുഖമില്ലാത്ത ഒരുകൂട്ടരുടെ ലാവണമായി സോഷ്യൽ മീഡിയ താഴ്ന്നടിഞ്ഞു പോയതാണ് രണ്ടാമത്തെ കാരണം. പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന് ഓലിയിടുന്ന കുറുക്കന്മാരെപോലെ, പകൽ വെളിച്ചത്തിൽ മുഖം കാണിക്കാത്ത ചില സൃഗാലസന്തതികൾ ഒറ്റയ്ക്കും തെറ്റയ്ക്കും എന്റെ പേരു പറഞ്ഞ് ഇടയ്ക്കിടെ അപശബ്ദം കേൾപ്പിക്കും. ആദിത്യനെന്നും റഫീഖ് എന്നും ചില പെൺപേരുകളിലും ഇത്തരം വേതാളങ്ങളുടെ പ്രൊഫൈൽ അവതാരങ്ങൾ. ഇവരോടൊക്കെ പ്രതികരിക്കണോ എന്ന് ചോദിച്ചേക്കാം; ക്ഷമയ്ക്കുമില്ലേ ഒരു പരിധിയൊക്കെ?' തന്റെ കുറിപ്പിലൂടെ സിന്ധു ചോദിച്ചു.
'സഖാവ് ചെ ഗുവേരയുടെ മുഖചിത്രമൊക്കെ വച്ചാണ് കഴിഞ്ഞദിവസങ്ങളിലൊന്നിൽ ഇത്തരമൊരു വ്യാജന്റെ അരങ്ങേറ്റം. ഇടതുപക്ഷം എന്ന മുഖംമൂടി അണിഞ്ഞാണ് ആ അഴിഞ്ഞാട്ടമെന്നതാണ് സങ്കടകരം. ബോധപൂർവം ചിലകേന്ദ്രങ്ങളിൽ രൂപപ്പെടുന്ന ചില നെറികെട്ട ഇടപെടലുകളാണ് ഇതെന്ന തിരിച്ചറിവിലാണ് ഇപ്പോൾ എന്റെ ഈ പ്രതികരണം. എന്നെ പരിചയപ്പെടുത്താൻ അയാൾ ഉപയോഗിച്ച വിശേഷണങ്ങൾ അപാരം! 'സ്വയം നഷ്ടപ്പെടുത്തി മേൽവിലാസം ഇല്ലാതെ പോയവൾ, ആരും ശ്രദ്ധിക്കപ്പെടാതെ ഭൂലോകത്തിന്റെ ഏതോ കോണിൽ കഴിയുന്നവൾ', അങ്ങനെയങ്ങനെ…എന്റെ പ്രിയപ്പെട്ട സുഹൃത്തും എഴുത്തുകാരിയുമായ കബനി ആണ് ഇതെന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഒരു പൊട്ടിചിരിയിൽ പ്രതികരണം അവസാനിപ്പിക്കാനാണ് ആദ്യം ഞാൻ ആലോചിച്ചത്. മുഖം നഷ്ടപ്പെട്ട ചില വികലജന്മങ്ങൾ ആ പോസ്റ്റിനടിയിൽ കമന്റിട്ടും അർമാദിക്കുന്നത് കണ്ടു; വസ്തുതാവിരുദ്ധവും അപകീർത്തികരവുമായ കമന്റുകൾ. ഇത്തരത്തിൽ അപകീർത്തിപ്പെടുത്താൻ ഒരുമ്പെടുന്നവരോട് ഒന്നേ പറയാനുള്ളൂ; നിയമത്തിന്റെ ഏതറ്റം വരെയും ഞാൻ പോകും. പൊതുരംഗത്തുനിന്ന് മാറിനിൽക്കുന്ന ഒരു സ്ത്രീയോട് പുലർത്തേണ്ട മാന്യത നിങ്ങൾ കാണിക്കുന്നില്ല. അത് നിയമവിരുദ്ധവുമാണ്. എന്റെ ഫോട്ടോ ദുരുപയോഗിച്ചത് പോലും ശിക്ഷാർഹമായ കുറ്റം തന്നെ. ഇപ്പോഴും ഇന്ത്യൻ പൗരത്വം നിലനിർത്തുന്ന ഒരു വ്യക്തി എന്ന നിലയിൽ ഭരണഘടന ഉറപ്പുനൽകുന്ന നിയമപരിരക്ഷ എനിക്കുണ്ട്.' സിന്ധു വ്യക്തമാക്കി.
'ഇനി, ആദിത്യന്മാരുടെ അറിവിലേക്കായി ചില കാര്യങ്ങൾ. ഞാൻ എട്ടര വർഷം മുൻപ് അതിസമ്പന്നനായ ഒരു 'പാസ്റ്ററെ' കല്യാണം കഴിച്ച് അമേരിക്കയിൽ കുടിയേറി എന്നതാണ് ഒരു കഥ. വിവാഹസമയത്ത് ഏതോ ഓൺലൈൻ മാധ്യമത്തിൽ വന്ന ഒറ്റവരി വാർത്തയുടെ ചുവടുപിടിച്ചാണ് ആ നരേറ്റീവ്. ഒന്നാമത്, എന്റെ ഭർത്താവ് പാസ്റ്റർ അല്ല; കത്തോലിക്ക സഭയിലെ ഒരു സാധാരണ വിശ്വാസി മാത്രം. രണ്ടാമത്, ഞങ്ങൾ അതിസമ്പന്നരല്ല, മറിച്ച്, തൊഴിലെടുത്തു ജീവിക്കുന്ന സാധാരണക്കാർ. അമേരിക്കയും ബ്രിട്ടനും പോലും തിരിച്ചറിയാത്ത കൂശ്മാണ്ടങ്ങളാണൊ ഇങ്ങനെ കമന്റ് ഇടുന്നത്? ആയിരക്കണക്കിന് മലയാളികൾക്കിടയിലാണ് ഞങ്ങൾ ഈ രാജ്യത്ത് ജീവിക്കുന്നത്; ആരോടെങ്കിലും ഒന്ന് ചോദിച്ചാൽ പോരെ?' സിന്ധു പറഞ്ഞു.
'ഞാൻ പാർട്ടി വിടാനുണ്ടായ കാരണങ്ങൾ പലതുണ്ട്; ഇതിനു മുൻപ് പലയിടത്തായി അത് സൂചിപ്പിച്ചിട്ടുമുണ്ട്. ആ ചുവടുമാറ്റത്തിലെ നൈതികതയുടെ പ്രശ്‌നം അപ്പോൾത്തന്നെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. കുറച്ചേറെ കാര്യങ്ങൾ ഇനിയും പറയാനുണ്ട്. അത്, ഇപ്പോൾ ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥയുടെ ഏടുകളിൽ നിങ്ങൾക്ക് വായിച്ചറിയാം. മുഖവും വ്യക്തിത്വവുമില്ലാത്ത ഇത്തരം ആദിത്യന്മാരോടാണ്: ഞാൻ അനുഭവിച്ച നട്ടുച്ചകളുടെ ചൂടൊന്നും നീയറിഞ്ഞിട്ടില്ല, ഇലക്ട്രിക് ലാത്തിയുടെയും ചൂരൽ ലാത്തിയുടെയും നൊമ്പരപ്പാടും നീയൊന്നും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. ഗ്രനേഡ് വീണ് തകർന്ന കാല്പാദവും ജയിലിൽ കഴിഞ്ഞ ആഴ്ചവട്ടങ്ങളും സ്വകാര്യമായ എന്റെ ഒരു നേട്ടത്തിനും ആയിരുന്നുമില്ല. അതുകൊണ്ട് സഹോ, തെരെഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം പിത്രുശൂന്യതയുമായി ഇനി ഈ വഴി വരരുത്. ഇത്, സിന്ധു ജോയി ആണ്.' സിന്ധു കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
