തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്യും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് നടത്തിയ പരീക്ഷകളിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്.
ഹൈക്കോടതി വിഷയം കടുപ്പിച്ചതോടെ അന്വേഷണത്തോട് സഹകരിക്കാനാണ് പി.എസ്.സി.യുടെ തീരുമാനം. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനും പൂർണ്ണമായി സഹകരിക്കാനും പി.എസ്.സി. അംഗങ്ങൾ തയ്യാറായേക്കുമെന്നാണ് വിവരം.
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയിൽ പ്രമുഖ പി.എസ്.സി. കോച്ചിംഗ് സെന്റർ തയ്യാറാക്കിയ ചോദ്യങ്ങൾ അതേപടി ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ആദ്യ നൂറിനുള്ളിൽ ഉൾപ്പെട്ടവരെല്ലാം ഫിഷറീസ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണ്. ചോദ്യപേപ്പർ തയ്യാറാക്കിയതും ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നതും ഇതേ സർവ്വകലാശാലയിലെ അധ്യാപകരാണെന്നും, എസ്.എഫ്.ഐ. പ്രവർത്തകർക്കും യൂണിയൻ നേതാക്കൾക്കുമായി ക്രമക്കേട് നടത്തിയെന്നും മറ്റ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.
വില്ലേജ് ഓയിൽ ഇൻസ്പെക്ടർ തസ്തികയിലേക്ക് ആവശ്യമായ യോഗ്യതയില്ലാതിരുന്നിട്ടും പി.എസ്.സി.യിലെ ഉദ്യോഗസ്ഥന്റെ ഭാര്യക്ക് അനധികൃതമായി നിയമനം നൽകിയെന്ന ഗുരുതരമായ വിവരവും പുറത്തുവന്നിട്ടുണ്ട്. ഹൈക്കോടതിയുടെ ശക്തമായ ഇടപെടലുകളെ തുടർന്ന് അന്വേഷണവുമായി സഹകരിക്കാൻ പി.എസ്.സി. സന്നദ്ധത പ്രകടിപ്പിച്ചതോടെ ക്രമക്കേടിൽ ഉൾപ്പെട്ട ഉന്നതർ വലയിലാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
