സത്യത്തിന്റെ സത്യാനന്തരകാല പരിശോധന

SEPTEMBER 28, 2024, 7:02 PM

പത്രപ്രവർത്തനം പഠിച്ചപ്പോഴും പത്രപ്രവർത്തകൻ ആയിരുന്നപ്പോഴും സി.പി സ്‌കോട്ടിന്റെ പ്രസിദ്ധമായ ആപ്തവാക്യത്തിലല്ലാതെ ഫാക്ട് എന്ന വാക്ക് കേട്ടിട്ടില്ല. സത്യാനന്തരകാലം എന്നത് സത്യമല്ലാത്തതും സത്യമെന്നു തോന്നിപ്പിക്കുന്നതുമായ മിഥ്യകളുടെ കാലമായതുപോലെ ഇന്ന് ഫാക്ട്‌ചെക്ക് എന്നു കേട്ടാൽ വസ്തുതയെ സംശയാസ്പദമാക്കുന്ന ഔദ്യോഗിക പരിശോധന എന്ന് മനസിലാക്കണം. ഈ സംവിധാനം ഗീബൽസിന്റെ കാലത്ത് പ്രോപഗാണ്ട എന്നും പിന്നീട് സെൻസർഷിപ്പെന്നും അറിയപ്പെട്ടു. ഇന്ത്യയിൽ അടിയന്തരാവസ്ഥ ഉണ്ടെങ്കിൽ മാത്രം സാധ്യമാകുന്ന സെൻസർഷിപ്പിന്റെ മറുരൂപമാണ് ഫാക്ട്‌ചെക്ക്. വാർത്ത വസ്തുതയ്ക്ക് നിരക്കുന്നതോ അല്ലയോ എന്ന പരിശോധന സർക്കാർ നടത്തുമ്പോൾ സ്വതന്ത്രമായ മാധ്യമപ്രവർത്തനം അസാധ്യമാകുന്നു.

സർക്കാരിനെതിരെ ഡിജിറ്റൽ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വരുന്ന വ്യാജവാർത്തകൾ കണ്ടെത്താനും നിർബന്ധപൂർവം നീക്കം ചെയ്യാനും ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിൽ വരുത്തിയ ഭേദഗതി അസാധുവാക്കിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി അഭിപ്രായപ്രകടനസ്വാതന്ത്ര്യം പരിരക്ഷിക്കുന്ന കാര്യത്തിൽ ഉണ്ടായ സുപ്രധാനമായ നടപടിയാണ്.

രണ്ടായിരത്തിൽ പാർലമെന്റ് നിർമ്മിച്ചതും പിന്നീട് പലവട്ടം ഭേദഗതി ചെയ്തിട്ടുള്ളതുമായ ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ പല വ്യവസ്ഥകളും ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെന്ന് ശ്രേയ സിങ്ഗാൾ കേസ് ഉൾപ്പെടെ പല കേസുകളിലും സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്.

vachakam
vachakam
vachakam

പ്രസ് ഇൻഫർമേഷൻ ബ്യൂറോ എന്ന സർക്കാർ സംവിധാനത്തെ ഡിസ്ഇൻഫർമേഷൻ ബ്യൂറോ ആക്കിക്കൊണ്ട് രോക്ഷമായ സെൻസർഷിപ്പാണ് കേന്ദ്ര ഗവൺമെന്റ് നടപ്പാക്കാൻ ശ്രമിച്ചത്. പിഐബിയുടെ അനുബന്ധമായി പ്രവർത്തിക്കുന്ന ഫാക്ട്‌ചെക്ക് യൂണിറ്റ് ഏതെങ്കിലും വാർത്ത വസ്തുതാവിരുദ്ധമെന്നു പ്രഖ്യാപിച്ചാൽ ആ വാർത്ത ഓൺലൈൻ മാധ്യമങ്ങളിൽനിന്ന് പിൻവലിക്കണമെന്ന വ്യവസ്ഥയാണ് റദ്ദാക്കപ്പെട്ട ഭേദഗതിയിലുണ്ടായിരുന്നത്.

അടിയന്തരാവസ്ഥയിൽ പത്രങ്ങൾക്കുമേൽ ചുമത്തിയത് മുൻകൂർ സെൻസർഷിപ്പായിരുന്നു. അച്ചടിക്കുന്നതിനുമുമ്പ് സെൻസറുടെ അനുവാദം വാങ്ങിയിരിക്കണം. അന്നത്തെ പ്രീ സെൻസർഷിപ് ഇന്നത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ പോസ്റ്റ് സെൻസർഷിപ്പായി. അഭിപ്രായപ്രകടനസ്വാതന്ത്ര്യം നിലനിൽക്കുന്ന ജനാധിപത്യ സംവിധാനത്തിൽ ഗർഹണീയമായ തിന്മയാണ് രണ്ടും. നിയമനടപടിക്ക് നേതൃത്വം നൽകിയ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ ഈ അർത്ഥത്തിലാണ് കോടതി വിധിയെ സ്വാഗതം ചെയ്തത്. വിശ്വാസ്യതയുള്ള വാർത്ത മാത്രം ജനങ്ങൾക്കെത്തിക്കുകയെന്ന സദുദ്ദേശ്യത്തോടെയാണ് ഫാക്ട് ചെക്ക് യൂനിറ്റ് സ്ഥാപിച്ചതെന്ന സർക്കാരിന്റെ വാദം കോടതിയിൽ പൊളിഞ്ഞു. സർക്കാരിനെതിരെയുള്ള വാർത്തയുടെ നിജസ്ഥിതി സർക്കാർതന്നെ പരിശോധിക്കുന്ന സംവിധാനം ജനാധിപത്യത്തിലെ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെ പരിഹാസ്യമാക്കുന്ന കോമഡിയായിത്തീരും.

അടിയന്തരാവസ്ഥയെ ദുരന്തത്തിൽ കലാശിച്ച കോമഡിയാക്കി മാറ്റിയതിന്റെ പ്രധാന ഉത്തരവാദികൾ അന്നത്തെ സെൻസർമാരായിരുന്നു. കുട്ടനാട്ടിൽ വസന്ത ബാധിച്ച് താറാവുകൾ കൂട്ടത്തോടെ ചാകുന്നു എന്ന പതിവുവാർത്ത അടിയന്തരാവസ്ഥക്കാലത്ത് ഞാൻ റിപ്പോർട്ട് ചെയ്തപ്പോൾ ജനങ്ങളിൽ അനാവശ്യമായ ഭീതി പരത്തുമെന്ന കാരണത്താൽ സെൻസർ പ്രസിദ്ധീകരണത്തിന് അനുമതി നൽകിയില്ല.

vachakam
vachakam
vachakam

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത അയോധ്യയിലെ റെയിൽവേ സ്റ്റേഷന്റെ മതിൽ ഇടിഞ്ഞുവീണുവെന്ന വാർത്ത വ്യാജമെന്ന് ഫാക്ട്‌ചെക്ക് യൂനിറ്റ് കണ്ടെത്തിയതോടെ സോഷ്യൽ മീഡിയയിൽനിന്ന് നീക്കം ചെയ്യേണ്ടിവന്നു. മതിൽ ഇടിഞ്ഞില്ല എന്നല്ല ഇടിഞ്ഞ മതിൽ സർക്കാരിന്റേതല്ല എന്ന കണ്ടെത്തലാണ് എഫ്‌സിയു നടത്തിയത്. സർക്കാരിന് അഹിതകരമായ വാർത്ത തെറ്റാണെന്ന് സർക്കാർതന്നെ കണ്ടെത്തി നശിപ്പിക്കുന്ന രീതി ഏകാധിപത്യത്തിൽ മാത്രം കണ്ടു പരിചയമുള്ളതാണ്.

നല്ല വിളയോടൊപ്പം കളയും വളരുമെന്നത് ഭൂമിയുടെ സത്യം. ഗോതമ്പിനൊപ്പം വളർന്ന കളകൾ പിഴുതു മാറ്റാൻ തുനിഞ്ഞ വേലക്കാരെ തടയുന്ന കർഷകനെക്കുറിച്ച് കളകളുടെ ഉപമയിൽ യേശു പറയുന്നുണ്ട്. കളകൾ പറിച്ചെടുക്കുമ്പോൾ അവയോടൊപ്പം വിള തരുന്ന ഗോതമ്പുചെടികളും പിഴുതു കളയാൻ സാധ്യതയുള്ളതുകൊണ്ടാണ് രണ്ടും ഒരുമിച്ച് വളരട്ടെ എന്ന് കർഷകൻ പറയുന്നത്.

കൊയ്ത്തുകാരെത്തുമ്പോൾ കളകൾ ശേഖരിച്ച് തീയിലെറിയും. വയലിലെ കളകൾക്ക് സമാനമാണ് വ്യാജവാർത്ത. അത് കണ്ടെത്തി നീക്കം ചെയ്യുന്ന ജോലി ചെയ്യേണ്ടവരല്ല ചെയ്യുന്നതെങ്കിൽ വലിയ അപകടത്തിന് കാരണമാകും. സർക്കാരിന്റെ വേലക്കാർ വയലിലേക്കിറങ്ങിയാൽ നല്ല വാർത്തയും പിഴുതുകളഞ്ഞെന്നു വരും. കളകൾ കണ്ടെത്തി ചുട്ടുകളയുന്ന ജോലി പ്രസ് കൗൺസിൽ തുടങ്ങിയ സ്ഥാപനങ്ങളെയാണ് ഏൽപിക്കേണ്ടത്.

vachakam
vachakam
vachakam

വ്യാജവാർത്ത പ്രചരിപ്പിക്കരുതെന്ന് പഴയ നിയമത്തിലെ പുറപ്പാട് പുസ്തകത്തിൽ പറയുന്നു. You shall not utter a false report എന്നാണ് ഇംഗ്‌ളിഷ് ബൈബിളിൽ കാണുന്നത്. False എന്നാൽ വ്യാജം എന്ന് അർത്ഥമില്ല. Fake news എന്നത് സത്യാനന്തരകാലത്ത് സൃഷ്ടിക്കപ്പെട്ട പദമാണ്. തെറ്റായി ധരിക്കുന്ന കാര്യം പ്രകടമായ ദുരുദ്ദേശ്യത്തോടെയല്ലാതെ പ്രചരിപ്പിക്കുന്നതാണ് തെറ്റായ വാർത്ത. അത് തിരുത്തപ്പെടാറുണ്ട്. ദുരുദ്ദേശ്യത്തോടെ സൃഷ്ടിക്കപ്പെടുന്നതാണ് വ്യാജവാർത്ത.

സത്യവും മിഥ്യയും തിരിച്ചറിയാത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് deepfakes ആണ് നമ്മെ വലയം ചെയ്യുന്നത്. ജനാധിപത്യത്തിന്റെ വയലിൽ വിതയ്ക്കപ്പെടുന്ന കളകൾ കണ്ടെത്തി നശിപ്പിക്കുന്ന ജോലി പിഐബി ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളെ ഏൽപിച്ചാൽ പതിര് മാത്രമല്ല കതിരും നശിപ്പിക്കപ്പെടും.
ഭരണഘടനയുടെ അനുച്ഛേദം 19(1)(എ) എല്ലാത്തരം വർത്തമാനങ്ങളെയും അഭിപ്രായപ്രകടനത്തെയും സംരക്ഷിക്കുന്നു. സത്യം, അസത്യം എന്ന വേർതിരിവ് ഭരണഘടനയിൽ ഇല്ല. നിയന്ത്രണങ്ങൾ സാധൂകരിക്കപ്പെടുന്നത് മറ്റു ചില കാരണങ്ങളാലാണ്. വ്യാജമെന്നോ തെറ്റെന്നോ തെറ്റുധാരണാജനകമെന്നോ മുദ്രകുത്തി യാതൊന്നിനെയും അമർച്ച ചെയ്യുന്നതിന് ഭരണഘടന അനുവദിക്കുന്നില്ല.

ഒരാളുടെ തെറ്റ് മറ്റൊരാൾക്ക് തെറ്റല്ലാതാകും എന്നതാണ് അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തെ സങ്കീർണമാക്കുന്നത്. സോക്രട്ടീസിന്റെ, കാലം തെളിയിച്ച സത്യം, ആതൻസിലെ പ്രോസിക്യൂട്ടർമാർക്ക് അപകടകരമായ അസത്യമായിരുന്നു. ഗൗരവമുള്ള പരാമർശങ്ങൾ മാത്രമല്ല ആക്ഷേപഹാസ്യവും ഔദ്യോഗികമായി നിരാകരിക്കപ്പെടും.

അതുകൊണ്ടാണ് എഡിറ്റേഴ്‌സ് ഗിൽഡിനൊപ്പം സ്റ്റാൻഡ്അപ് കൊമീഡിയൻ കുനാൽ കമ്രയും കോടതിയിലെത്തിയത്. ഹിതകരമല്ലാത്തതെല്ലാം നിയമവിരുദ്ധമാക്കാൻ കഴിയുന്ന ഫാക്ട്‌ചെക്ക് സെൻസർഷിപ്പിന്റെ മറുപേരാണെന്ന അടിസ്ഥാനത്തിലാണ് ബോംബെ ഹൈക്കോടതി ജസ്റ്റിസ് എ.എസ് ചന്ദുർക്കറുടെ ടൈബ്രേക്കർ വിധിയിലൂടെ നിലപാടെടുത്തത്.

ഐടി ചട്ടഭേദഗതിയിലൂടെ നടപ്പാക്കാൻ ശ്രമിച്ച ഫാക്ട്‌ചെക്കിങ് ഭരണഘടനാവിരുദ്ധമാണെന്ന് മൂന്നംഗ ബെഞ്ചിലെ രണ്ടു ജഡ്ജിമാർ വിധിച്ചു. സത്യം സത്യമായി പ്രചരിക്കുന്നതിന് സത്യാന്വേഷണ പരീക്ഷണങ്ങൾ സർക്കാരിന്റെ നിയന്ത്രണത്തിൽനിന്ന് വേറിട്ടു നിൽക്കണം.

സൗത്ത് ലൈവ് എന്ന ഓൺലൈൻ വാർത്താ പോർട്ടലിന്റെ എഡിറ്റർ ഇൻ ചീഫ് ആണ് ലേഖകൻ.

ഡോ.സെബാസ്റ്റ്യൻ പോൾ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam