'പിണറായി പ്രതിപക്ഷ നേതാവായത് തെറ്റായ തീരുമാനം, ഇടത് തോല്‍വിക്ക് കാരണം അസഹിഷ്ണുത': സിപിഎമ്മിനെതിരെ കവി സച്ചിദാനന്ദന്‍

MAY 29, 2026, 8:51 PM

തൃശൂര്‍: നിയമസഭയില്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായത് തെറ്റായ തീരുമാനമെന്ന് പ്രമുഖ കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കെ. സച്ചിദാനന്ദന്‍. തന്റെ എണ്‍പതാം ജന്മദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇടതുപക്ഷത്തെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശൈലികളെയും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

പിണറായി വിജയന്‍ പ്രതിപക്ഷനേതാവാകുമെന്ന് കരുതിയിരുന്നില്ലെന്നും, ആ സ്ഥാനത്തേക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലനായ മറ്റൊരാളെ കണ്ടെത്തണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുന്‍ മുഖ്യമന്ത്രി തന്നെ പ്രതിപക്ഷനേതാവാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കമ്മ്യൂണിസ്റ്റ് ഭൂതകാലം മാത്രമല്ല, വര്‍ത്തമാനവും ഭാവിയുമുള്ള, സഭയില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ശേഷിയുള്ള ഒരാളായിരുന്നു വരേണ്ടിയിരുന്നത്. പ്രതിപക്ഷനേതാവ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റി. പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ ശരിയായില്ല. അന്വേഷണങ്ങളെ കായികമായിട്ടല്ല, സത്യം കൊണ്ട് ശാന്തമായാണ് നേരിടേണ്ടത്. അക്രമം കാട്ടുന്നത് സത്യത്തെ ഭയപ്പെടുന്നത് പോലെയാണ് തോന്നിക്കുക.

കോവിഡ് കാലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച മറ്റ് മന്ത്രിമാരുണ്ടായിട്ടും തിരഞ്ഞെടുപ്പില്‍ പിണറായിയെ മാത്രം ഉയര്‍ത്തിക്കാട്ടിയുള്ള 'അധിക പരസ്യം' തിരിച്ചടിയായി. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തെ തോല്‍പ്പിച്ചത് ഇടതുപക്ഷം തന്നെയാണ്. അവര്‍ സാധാരണ ജനങ്ങളെ കൈവിട്ടു. സൈബര്‍ ഇടങ്ങളിലെ അധിക്ഷേപങ്ങളും അശ്ലീലങ്ങളും തോല്‍വിക്ക് ആക്കം കൂട്ടി. അസഹിഷ്ണുത തുടര്‍ന്നാല്‍ കമ്മ്യൂണിസത്തിന് നിലനില്‍പ്പുണ്ടാകില്ല.

ഇ.ഡി നായാട്ടിനെ താന്‍ ന്യായീകരിക്കുന്നില്ലെന്നും എങ്കിലും എന്തുകൊണ്ട് അതിനെ സമാധാനപരമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല? സത്യത്തെ ഭയമുണ്ട് എന്ന തരത്തിലായിപ്പോയി പ്രതികരണമെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി.

അതേസമയം കവി സച്ചിദാനന്ദന്റെ പ്രസ്താവനകള്‍ക്കെതിരെ രൂക്ഷമായ മറുപടിയുമായി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ഖാദര്‍ രംഗത്തെത്തി. ഇ.ഡി.യില്‍ നിന്ന് നീതി ലഭിക്കുമെന്ന സച്ചിദാനന്ദന്റെ കണ്ടെത്തല്‍ വിചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടലുകള്‍ക്കെതിരെ സിപിഎം പ്രതികരിക്കരുതായിരുന്നു എന്ന നിലപാട് ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്തതാണെന്ന് വ്യക്തമാക്കിയ അബ്ദുള്‍ഖാദര്‍, കേന്ദ്രത്തിന്റെ രാഷ്ട്രീയ ഉപകരണമാണ് ഇ.ഡി എന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ അനുഭവം ഓര്‍മ്മിപ്പിച്ചു കൊണ്ട് കൂട്ടിച്ചേര്‍ത്തു. ഇ.ഡി. എന്താണെന്ന് അറിയാത്തതുപോലെയാണ് കവി പ്രതികരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam