പാലക്കാട്: സംസ്ഥാനത്ത് വീണ്ടുമൊരു ഹണിട്രാപ്പ് കേസ്കൂടി. ഇത്തവണ ഹണിട്രാപ്പിൽ കുടുങ്ങിയത് ജ്യോത്സ്യനാണ്. വീട്ടിലെ ദോഷം തീർക്കാൻ പൂജ ചെയ്യാനെന്ന വ്യാജേന ജ്യോത്സ്യനെ വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തുകയായിരുന്നു. സംഭവത്തിൽ സ്ത്രീയുൾപ്പെടെ രണ്ടു പേർ പിടിയിലായി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണു സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണു തട്ടിപ്പിനിരയായത്.
കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീടു കേന്ദ്രീകരിച്ചു നടത്തിയ ഹണി ട്രാപ് കവർച്ചയിലാണു മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരിൽ താമസിക്കുന്ന മൈമുന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കാൽ എസ്.ശ്രീജേഷ് (24) എന്നിവരെ കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്ച വൈകിട്ട് മൈമുനയും ഒരു യുവാവും കൊല്ലങ്കോട്ടെ ജ്യോത്സ്യന്റെ വീട്ടിലെത്തി. ഭർത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും പൂജ ചെയ്തു പരിഹാരം കാണണമെന്നും പറഞ്ഞു.
ബുധനാഴ്ച രാവിലെ കൊഴിഞ്ഞാമ്പാറയിലെത്തിയ ജ്യോത്സ്യനെ രണ്ട് യുവാക്കൾ ചേർന്നു കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്കു കൊണ്ടുപോയി. കൊലപാതകം ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളിൽ പ്രതിയായ എൻ.പ്രതീഷിന്റെ (36) വീടായിരുന്നു അത്.
വീട്ടിൽ പൂജയ്ക്കുള്ള ഒരുക്കങ്ങൾക്കിടെ പ്രതീഷ് ജ്യോത്സ്യനെ അസഭ്യം പറഞ്ഞ് മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി മർദിച്ചു വിവസ്ത്രനാക്കി. അതിനുശേഷം മൈമുനയെ ജ്യോത്സ്യനൊപ്പം നിർത്തി നഗ്നഫോട്ടോയും വിഡിയോയും ചിത്രീകരിച്ചു. ജ്യോത്സ്യന്റെ നാലര പവന്റെ സ്വർണമാലയും മൊബൈൽ ഫോണും പണവും കൈക്കലാക്കി. മറ്റൊരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നു പ്രതീഷിന്റെ വീട്ടിൽ പൊലീസ് എത്തിയതാണു സംഭവങ്ങൾക്ക് അപ്രതീക്ഷിത തിരിവുണ്ടാക്കിയത്. പൊലീസിനെ കണ്ട് വീട്ടിലുണ്ടായിരുന്നവർ കടന്നുകളഞ്ഞു. ഈ തക്കത്തിനു പിന്നിലെ വാതിലിലൂടെ രക്ഷപ്പെട്ട ജ്യോത്സ്യർ കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്