നിപ അതിജീവിതയെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ

NOVEMBER 21, 2025, 6:25 AM

 മലപ്പുറം: നാലര മാസത്തെ ചികിത്സയ്ക്ക് ശേഷം നിപ അതിജീവിത വളാഞ്ചേരി സ്വദേശിനിയായ 42 വയസുകാരിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. രോഗിയെ പരമാവധി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ സഹായിക്കുമെന്ന് മെഡിക്കൽ ബോർഡ് അഭിപ്രായപ്പെട്ട ന്യൂറോ റീഹാബിലിറ്റേഷൻ ചികിത്സ ലഭ്യമാക്കാനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫിസിയോതെറാപ്പി വിഭാഗത്തിലാണ് ന്യൂറോ റീഹാബിലിറ്റേഷൻ ചികിത്സ ഉറപ്പാക്കിയത്. ദീർഘകാലം വിദഗ്ധ ചികിത്സ ഉറപ്പാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിച്ച മെഡിക്കൽ കോളേജിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ജൂലൈ മാസം നാലാം തീയതിയാണ് നിപ ബാധിതയെ ഇഎംഎസ് ആശുപത്രിയിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് വന്നത്. ആ സമയത്ത് രോഗി പൂർണമായും അബോധാവസ്ഥയിലായിരുന്നു. ഇടക്കിടക്ക് അപസ്മാരവും രക്തസമ്മർദം കുറയുകയും ചെയ്തിരുന്നു. രോഗിക്ക് ആവശ്യമായ ഐസൊലേഷൻ റൂമും ഒരു ലക്ഷത്തോളം വിലവരുന്ന ആൽഫാ ബെഡ് ഉൾപ്പടെയുള്ള മറ്റെല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിയിരുന്നു.

മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജിലെത്തി രോഗിയെ നേരിട്ട് കാണുകയും വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽ രാജ്, സൂപ്രണ്ട് ഡോ. പ്രഭുദാസ് എന്നിവരുടെ ഏകോപനത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ ഉറപ്പാക്കിയത്. ജനറൽ മെഡിസിൻ വിഭാഗത്തിന്റെ കീഴിലായി ഡോ. പ്രവീൺ എം, ഡോ. സൂരജ് ആർകെ, ഡോ. ഷിജി പിവി, ഡോ. നിഖിൽ വിനോദ്, ഡോ. കാജ ഹുസൈൻ, ഡോ. ഹർഷ വെള്ളൂർ എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കൽ ടീം രൂപീകരിച്ചത്. സീനിയർ നഴ്‌സിംഗ് ഓഫീസർ ജോൺസി തോമസിന്റെ നേതൃത്വത്തിലുള്ള നഴ്‌സിംഗ് ടീമും ഡോ. സാദിക്കലി എംടിയുടെ നേതൃത്വത്തിലുള്ള ഫിസിയോതെറാപ്പി ടീമും രോഗിക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കി.

vachakam
vachakam
vachakam

ഡോക്ടർമാരുടെയും സ്റ്റാഫ് നേഴ്‌സുമാരുടെയും മറ്റു അനുബന്ധ ജീവനക്കാരുടെയും നിരന്തരമായ പരിചരണത്തിന്റെ ഫലമായി ഏകദേശം 2 മാസത്തിന് ശേഷം രോഗി ബോധം വീണ്ടെടുത്തു. പിന്നീടുള്ള ആഴ്ചകളിൽ രോഗിയുടെ ആരോഗ്യനില ക്രമേണ മെച്ചപ്പെടുകയും രോഗി ആളുകളെ തിരിച്ചറിയാൻ തുടങ്ങുകയും കൈ കാലുകൾ ചലിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ടാഴ്ചയായി രോഗി സംസാരിക്കാൻ ശ്രമിക്കുകയും സാധാരണ രീതിയിലുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങുകയും ചെയ്തു. തുടർന്ന് മെഡിക്കൽ ബോർഡ് കൂടി രോഗിയ്ക്ക് നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നതിനായുള്ള ന്യൂറോ റീഹാബിലിറ്റേഷൻ ചികിത്സ ലഭ്യമാക്കിയാൽ നന്നായിരിക്കുമെന്ന് തീരുമാനിച്ചു. അതിനാലാണ് രോഗിക്ക് വിദഗ്ധ ന്യൂറോ റീഹാബിലിറ്റേഷൻ ചികിത്സ ഉറപ്പാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam