കണ്ണൂർ: വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയെന്ന ആശങ്കയ്ക്ക് ഒടുവിൽ വ്യക്തത. കല്ലറയിൽ ഉണ്ടായിരുന്നത് സ്വാഭാവിക രീതിയിൽ സംസ്കരിച്ച മൃതദേഹങ്ങളാണെന്ന് പൊലീസ് അറിയിച്ചു. കല്ലറ നമ്പർ മാറ്റിയതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പമാണ് വിവാദത്തിന് കാരണമായതെന്നും അന്വേഷണത്തിൽ വ്യക്തമായി.
കല്ലറ നമ്പർ മാറ്റിയത് ആശയക്കുഴപ്പത്തിന് കാരണമായി എന്നാണ് പോലീസ് പറയുന്നത്. പൊലീസ് അന്വേഷണത്തിൽ, 38 എന്ന നമ്പർ രേഖപ്പെടുത്തിയ കല്ലറയിൽ 2006ലും 2025ലും മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്.
2006ൽ 98 വയസുള്ള ഒരു വയോധികയുടെ മൃതദേഹമാണ് ഇവിടെ സംസ്കരിച്ചത്. 2025ൽ 48കാരനായ ജെയിംസിന്റെ മൃതദേഹവും അതേ കല്ലറയിൽ സംസ്കരിച്ചു. ഇടക്കാലത്ത് കല്ലറ നമ്പറിൽ മാറ്റം വന്നതാണ് പിന്നീട് കല്ലറ തുറന്നപ്പോൾ സംശയങ്ങൾക്ക് ഇടയാക്കിയത്.
ജെയിംസിന്റെ മരണത്തിൽ നേരത്തെ ദുരൂഹത ആരോപിക്കപ്പെട്ടതിനാൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷമാണ് സംസ്കരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം പ്രത്യേക രീതിയിൽ പൊതിഞ്ഞാണ് അടക്കം ചെയ്യാറുള്ളത്. ജെയിംസിന്റെ മൃതദേഹം പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയതും അതുകൊണ്ടാണെന്നാണ് പൊലീസിന്റെ നിഗമനം.
കല്ലറയിൽ നിന്ന് കണ്ടെത്തിയ മൃതദേഹവുമായി ബന്ധപ്പെട്ട് ദുരൂഹതകളൊന്നുമില്ലെന്നും, എല്ലാം നിയമാനുസൃതവും സ്വാഭാവികവുമായ സംസ്കാര നടപടികളുടെ ഭാഗമാണെന്നും പൊലീസ് അറിയിച്ചു. ആദ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംശയങ്ങൾ കല്ലറ നമ്പറിലെ ആശയക്കുഴപ്പവും മൃതദേഹം പൊതിഞ്ഞ നിലയും ചേർന്നുണ്ടായ തെറ്റിദ്ധാരണയാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
