തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിനായുള്ള അപേക്ഷകള്‍ വന്‍തോതില്‍ കെട്ടിക്കിടക്കുന്ന സാഹചര്യം പരിഹരിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് അടിയന്തര നടപടികളിലേക്ക് കടക്കുന്നു. ഡ്രൈവിങ് പരീക്ഷകള്‍ വൈകുന്നത് സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് പരാതികള്‍ ശക്തമായ പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനമായി.
നേരത്തെ പ്രധാന ഓഫീസുകളില്‍ മാത്രമായി ഒതുങ്ങിയിരുന്ന പരീക്ഷകള്‍, ഇനിമുതല്‍ സബ് ആര്‍ടിഓ ഓഫീസുകളിലും ആഴ്ചയില്‍ അഞ്ച് ദിവസങ്ങളില്‍ തന്നെ നടക്കുന്ന രീതിയിലേക്ക് മാറ്റും. മുന്‍പ് കെ.ബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായിരുന്ന വേളയില്‍ ഒരു ദിവസം അനുവദിച്ചിരുന്ന 60 സ്ലോട്ടുകള്‍ 40 ആയി കുറച്ചിരുന്നെങ്കിലും, പരാതികള്‍ ഏറിയതോടെ നിലവില്‍ പ്രതിദിന സ്ലോട്ടുകളുടെ എണ്ണം 50 ആയി ഉയര്‍ത്തുകയായിരുന്നു.
പുതിയ ഉത്തരവ് പ്രകാരം മാറ്റിവെക്കുന്ന 50 സ്ലോട്ടുകളില്‍ 28 എണ്ണം പുതുതായി ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ലഭിക്കും. മുന്‍പ് പരാജയപ്പെട്ട് റീടെസ്റ്റിനായി കാത്തിരിക്കുന്നവര്‍ക്ക് 20 സ്ലോട്ടുകള്‍ മാറ്റിവെക്കും. വിദേശത്ത് ജോലിക്കോ ഉന്നതപഠനത്തിനോ പോകേണ്ടവര്‍ക്ക് മുന്‍ഗണന ഉറപ്പാക്കുന്നതിനാണ് അവശേഷിക്കുന്ന രണ്ട് സ്ലോട്ടുകള്‍ നീക്കിവെച്ചിരിക്കുന്നത്.
ഡ്രൈവിങ് ലൈസന്‍സ് പരീക്ഷയ്ക്ക് പുറമെ ലേണേഴ്‌സ് പരീക്ഷകള്‍ക്കുള്ള കാത്തിരിപ്പും ലഘൂകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപേക്ഷിച്ച് എട്ടു ദിവസത്തിനുള്ളില്‍ തന്നെ ഉദ്യോഗാര്‍ഥികള്‍ക്ക് ലേണേഴ്‌സ് സ്ലോട്ടുകള്‍ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവിലുള്ള ക്രമീകരണങ്ങള്‍ അടുത്ത മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ശേഷം, ഇതിന്റെ പുരോഗതി വിലയിരുത്തിയാകും സ്ഥിരമായ മാറ്റങ്ങള്‍ ഗതാഗത വകുപ്പ് നടപ്പിലാക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
