തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട സി.എം.ആർ.എൽ (CMRL) - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഇ.ഡി അന്വേഷണം താൽക്കാലിക പ്രതിസന്ധിയിൽ. വീണയെ തുടർ ചോദ്യം ചെയ്യുന്നതിനായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൽ (SFIO) നിന്നും ലഭിക്കേണ്ട സുപ്രധാന രേഖകൾ ഇനിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭ്യമാകാത്തതാണ് കാരണം. രേഖകൾ കൈമാറാൻ കോടതി അനുവദിച്ച 10 ദിവസത്തെ സമയപരിധി കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട 134 നിർണ്ണായക രേഖകളാണ് എസ്.എഫ്.ഐ.ഒയിൽ നിന്ന് ഇ.ഡിയ്ക്ക് ലഭിക്കാനുള്ളത്. ഈ സാഹചര്യത്തിൽ രേഖകൾ എത്രയും വേഗം കൈപ്പറ്റുന്നതിനായി എസ്.എഫ്.ഐ.ഒ അന്വേഷണ സംഘവുമായി ഇ.ഡി ഉദ്യോഗസ്ഥർ നേരിട്ട് ചർച്ച നടത്തും. ഈ രേഖകൾ വിശദമായി പരിശോധിച്ച ശേഷം മാത്രമേ വീണ വിജയനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീയതി തീരുമാനിക്കൂ എന്നാണ് വിവരം.
അതിനിടെ, കേസിലെ താൽക്കാലിക സ്വത്ത് കണ്ടുകെട്ടലിന്റെ ഭാഗമായുള്ള തെളിവ് സമാഹരണ നടപടികളുമായി ഇ.ഡി മുന്നോട്ട് പോവുകയാണ്. ഇതിനോടകം തന്നെ വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും 242 ബാങ്ക് അക്കൗണ്ടുകളിലായി 18 കോടി രൂപ ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. ഇതിൽ വീണ വിജയന്റെ രണ്ട് വ്യക്തിഗത അക്കൗണ്ടുകളും എക്‌സാലോജിക് കമ്പനിയുടെ ഒരു അക്കൗണ്ടും ഉൾപ്പെടുന്നു.
എന്നാൽ, സി.എം.ആർ.എല്ലുമായുള്ള പണമിടപാടിന്റെ സുപ്രധാന രേഖകൾ വല്ലതും മറച്ചുവെച്ചിട്ടുണ്ടോ എന്നറിയാൻ തിരുവനന്തപുരത്തെ എച്ച്.ഡി.എഫ്.സി (HDFC) ബാങ്ക് ശാഖയിലുള്ള വീണയുടെ ലോക്കർ ഇ.ഡി പരിശോധിച്ചെങ്കിലും അന്വേഷണത്തിന് സഹായിക്കുന്ന രേഖകളൊന്നും അവിടെ നിന്നും കണ്ടെത്താനായില്ലെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
