ലയാലീ റമളാൻ: മർകസ് റമളാൻ ക്യാമ്പയിന് തുടക്കം

MARCH 2, 2025, 8:17 AM

ധാർമിക ജീവിതത്തിന്റെ നിലനിൽപിനായി പ്രത്യേക പദ്ധതികൾ

കോഴിക്കോട്: വിശുദ്ധ റമളാനിലെ പവിത്രമായ ദിനങ്ങളുടെ പ്രാധാന്യവും പുണ്യവും പൊതുജനങ്ങളിലെത്തിക്കാനും ആത്മീയ, ധാർമിക ജീവിതത്തിലൂടെ സമൂഹത്തിന്റെ സമാധാന അന്തരീക്ഷം വീണ്ടെടുക്കാനും മർകസ് സംഘടിപ്പിക്കുന്ന 'ലയാലീ റമളാൻ' ക്യാമ്പയിൻ ആരംഭിച്ചു. അനുദിനം വർധിക്കുന്ന കൊലപാതകങ്ങൾക്കും ലഹരി ഉപയോഗങ്ങൾക്കും കലുഷിത അന്തരീക്ഷങ്ങൾക്കും കാരണം ആത്മീയ മൂല്യങ്ങളുടെയും ധാർമിക ബോധത്തിന്റെയും അഭാവമാണ് എന്ന യാഥാർത്ഥ്യം വിളംബരം ചെയ്യാനും ആത്മീയ ജീവിതത്തിന്റെ സാമൂഹിക പ്രസക്തി ബോധ്യപ്പെടുത്താനുമാണ് ഈ റമളാനിലൂടെ മർകസ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക പ്രഭാഷണങ്ങളും സൗഹൃദ സംഭാഷണങ്ങളും ഗൃഹ സന്ദർശനങ്ങളും ക്യാമ്പയിൻ കാലയളവിൽ സംഘടിപ്പിക്കും.

പവിത്രമായ 25 -ാം രാവിൽ നടക്കുന്ന ഖുർആൻ സമ്മേളനം ഉൾപ്പെടെ വ്യത്യസ്ത ആത്മീയ, സാമൂഹ്യക്ഷേമ, പഠന പദ്ധതികളോടെ വിപുലമായി നടത്തുന്ന ക്യാമ്പയിൻ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രഖ്യാപിച്ചു. 30 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾ മർകസ് നടപ്പിലാക്കും. നഗരങ്ങളും ഗ്രാമങ്ങളും മസ്ജിദുകളും ആതുരാലയങ്ങളും പൊതുഗതാഗത കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് കമ്യൂണിറ്റി ഇഫ്താർ സംഘടിപ്പിക്കും. ഭക്ഷ്യവിഭവങ്ങൾ, വസ്ത്രങ്ങൾ, പഠനോപാധികൾ, നിത്യോപയോഗ വസ്തുക്കൾ ഇക്കാലയളവിൽ സമ്മാനിക്കും. അഭയാർത്ഥി ക്യാമ്പുകളും തെരുവുകളും അനാഥഅഗതി സ്ഥാപനങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകും. വിവിധ സംസ്ഥാനങ്ങളിലെ മർകസ് ക്യാമ്പസുകളും പൂർവവിദ്യാർത്ഥികളും പദ്ധതികൾക്ക് നേതൃത്വം നൽകും. മർകസ് സെൻട്രൽ ക്യാമ്പസിൽ യാത്രക്കാരും പൊതുജനങ്ങളും ഉൾപ്പെടെ ആയിരത്തോളം പേർക്ക് ദിവസവും വിപുലമായ നോമ്പുതുറ സൗകര്യവുമുണ്ടായിരിക്കും.

vachakam
vachakam
vachakam

റമളാൻ 25 -ാം രാവിൽ നടക്കുന്ന ഖുർആൻ സമ്മേളനത്തിൽ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരങ്ങൾ പങ്കെടുക്കും. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് വാർഷിക റമളാൻ പ്രഭാഷണം നടത്തും. മർകസ് ഖുർആൻ അക്കാദമിയിലെ 9 ക്യാമ്പസുകളിൽ നിന്ന് ഖുർആൻ ഹൃദിസ്ഥമാക്കിയ 79 ഹാഫിളുകൾ ചടങ്ങിൽ സനദ് സ്വീകരിക്കും. ഹലാവതുൽ ഖുർആൻ, തജ്‌വീദുൽ ഖുർആൻ, റൗളത്തുൽ ഇൽമ്, നൂറുൽ വാഖിഅ, മജ്‌ലിസുൽ ഇസ്തിഗ്ഫാർ, നൂറുൽ വിത്രിയ്യ തുടങ്ങി ദൈനംദിന പഠന പരിശീലന ക്ലാസുകളും തിദ്കാറു സ്വാലിഹീൻ, വനിതാ പഠന വേദി, പ്രഭാഷണങ്ങൾ, ബദ്ർ സ്മൃതി, നസ്വീഹ തുടങ്ങി വൈജ്ഞാനിക സദസ്സുകളും ക്യാമ്പയിൻ കാലയളവിൽ നടക്കും. റമളാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാവുകളിൽ ശാദുലി ഹള്ര, ഖുതുബിയ്യത് മജ്‌ലിസ്, ഖാദിരിയ്യ ഹൽഖ, ഖത്മുൽ ബുർദ തുടങ്ങി ആത്മീയ സദസ്സുകളും സംഘടിപ്പിച്ചിട്ടുണ്ട്.

എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅക്ക് ശേഷം കേരളത്തിലെ പ്രമുഖരുടെ മതപ്രഭാഷണം മസ്ജിദുൽ ഹാമിലിയിൽ നടക്കും. സകാത്ത്, നോമ്പുമായി ബന്ധപ്പെട്ട കർമശാസ്ത്ര വിഷയങ്ങൾ, ഈദ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രത്യേക ബോധവത്കരണ ക്ലാസുകളുമുണ്ടാകും. വിശുദ്ധ ഖുർആൻ പഠനത്തിനും പാരായണ രീതിശാസ്ത്രമനുസരിച്ചുള്ള പരിശീലനത്തിനുമായി പ്രത്യേക കോഴ്‌സുകളും തയ്യാർ ചെയ്തിട്ടുണ്ട്. ഖുർആൻ പാരായണ ശാസ്ത്രത്തിൽ നിപുണനായ ഖാരിഉകളും ഹാഫിളുകളുമായിരിക്കും റമളാനിലെ പ്രത്യേക നിസ്‌കാരങ്ങൾക്ക് മസ്ജിദുൽ ഹാമിലിയിൽ നേതൃത്വം നൽകുക. സാമൂഹിക സ്വസ്ഥതക്ക് പ്രാധാന്യം നൽകിയും വിശ്വാസികളുടെ ആത്മീയ ജീവിതത്തെ ചിട്ടപ്പെടുത്തിയും പ്രയാസമനുഭവിക്കുന്ന ജനതയെ ചേർത്തുപിടിച്ചുമാണ് ഇത്തവണത്തെ മർകസ് റമളാൻ ക്യാമ്പയിൻ പുരോഗമിക്കുക. ക്യാമ്പയിനിലും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും പങ്കുചേരുന്നതിന്: 9072500406.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam