കൊച്ചി: തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നേ വീണ്ടും ചർച്ചകളിൽ നിറഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ സീറ്റ് വച്ചുമാറ്റം. പറവൂർ - പിറവം സീറ്റുകൾ സി.പി.എമ്മും സി.പി.ഐയും വച്ചുമാറാനുള്ള സാദ്ധ്യതകൾ സംബന്ധിച്ചാണ് ചർച്ചകൾ. വർഷങ്ങളായി സി.പി.ഐ മത്സരിക്കുന്ന പറവൂരിൽ കോൺഗ്രസാണ് തുടർച്ചയായി വിജയിക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറിയും മുൻ എം.പിയുമായിരുന്ന പന്ന്യൻ രവീന്ദ്രനെ വരെ കളത്തിലിറക്കിയിട്ടും സി.പി.ഐക്ക് സീറ്റ് പിടിക്കാനായില്ല.
ഇത്തവണ പറവൂരിൽ വി.ഡി. സതീശന്റെ തേരോട്ടത്തിന് തടയിടാനുള്ള സാഹചര്യങ്ങൾ ഉണ്ടെന്നും പക്ഷേ സി.പി.എം സീറ്റ് ഏറ്റെടുത്താലെ വിജയിക്കാനാകൂ എന്നും പാർട്ടി പ്രാദേശിക നേതൃത്വം കരുതുന്നു. ഈ വികാരം ജില്ലാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. പറവൂർ വിട്ടുനൽകാൻ സി.പി.ഐ തയാറായാൽ പിറവം അവർക്ക് നൽകാമെന്നും സി.പി.എം പ്രാദേശിക നേതാക്കൾ കണക്ക് കൂട്ടുന്നു.
സി.പി.ഐയ്ക്ക് വേരോട്ടമുള്ള മണ്ണാണ് പറവൂരെന്നും സിറ്റ് വിട്ടുകൊടുക്കരുതെന്നുമാണ് സി.പി.ഐയിലെ പൊതുവികാരം. പരമ്പരാഗത ക്രിസ്തീയ വോട്ടുകൾ ഏറെയുള്ള പിറവം മണ്ഡലം തങ്ങളുടെ ശക്തി കേന്ദ്രമല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പറവൂർ നൽകി പിറവം സ്വീകരിച്ചാൽ അത് ആത്മഹത്യാപരമായിരിക്കുമെന്ന് മുൻപ് ഇത്തരം ചർച്ചകൾ നടന്നപ്പോൾ ജില്ലാ നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു.
പറവൂരിൽ കെ.ജെ. ഷൈനെ മത്സരിപ്പിക്കാനാവശ്യം
സമീപ ദിവസങ്ങളിൽ രൂക്ഷമായ സൈബർ ആക്രമണങ്ങൾക്ക് ഇരയായ സി.പി.എം നേതാവും കെ.പി.എസ്.ടി.എ സംസ്ഥാന കൗൺസിൽ അംഗവുമായ കെ.ജെ. ഷൈനെ സതീശനെതിരെ രംഗത്തിറക്കണമെന്ന് ചില സി.പി.എം വൃത്തങ്ങൾ അഭിപ്രായപ്പെടുന്നു. ഷൈനെതിരായ അപവാദ പ്രചാരണങ്ങൾക്ക് പിന്നിൽ കോൺഗ്രസ് ആണെന്ന പ്രചാരണം അണികൾ ഏറ്റെടുത്തതോടെ പൊതു സമൂഹത്തിൽ ബോധപൂർവമായ അധിക്ഷേപങ്ങൾക്ക് വിധേയായ സ്ത്രീയെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വോട്ടാക്കി മാറ്റാമെന്നും സി.പി.എം വൃത്തങ്ങൾ കണക്കു കൂട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
