ചെന്നൈ: ദക്ഷിണ മേഖല കൗൺസിൽ യോഗത്തിലും മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് ആവർത്തിച്ച് കേരളം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നയിച്ചു. പുതിയ അണക്കെട്ടിന്റെ മുഴുവൻ നിർമാണച്ചെലവും കേരളം വഹിക്കുമെന്നും അണക്കെട്ടിനായി സ്ഥലം തമിഴ്നാടിന് തീരുമാനിക്കാമെന്നും സതീശൻ വ്യക്തമാക്കി.
അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വ്യക്തമാക്കി. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.
മണ്ഡല പുനർനിർണയ വിഷയത്തിലും കേരളം നിലപാട് വ്യക്തമാക്കി. ലോക്സഭയിലെ നിലവിലെ 543 സീറ്റുകൾ നിലനിർത്തിക്കൊണ്ടായിരിക്കണം വനിതാ സംവരണം നടപ്പാക്കേണ്ടതെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കോടതി വിധികളുടെ അടിസ്ഥാനത്തിലായിരിക്കണം തുടർനടപടികളെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മണ്ഡല പുനർനിർണയത്തിൽ നേരത്തെ നിയമസഭ പാസാക്കിയ പ്രമേയത്തിലെ കടുത്ത നിലപാട് തമിഴ്നാട് ദക്ഷിണ മേഖല കൗൺസിലിൽ ആവർത്തിച്ചില്ല. സംസ്ഥാനങ്ങളുടെ ആനുപാതിക പ്രാതിനിധ്യം കുറയരുതെന്ന് സി. ജോസഫ് വിജയ് ആവശ്യപ്പെട്ടെങ്കിലും ലോക്സഭാ സീറ്റുകളുടെ എണ്ണം മരവിപ്പിച്ച് നിർത്തണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചില്ല. നീറ്റ് പരീക്ഷയിൽനിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നും വിജയ് ആവശ്യപ്പെട്ടു.
അന്തർസംസ്ഥാന സർവീസുകൾ നടത്തുന്ന കെഎസ്ആർടിസി ബസുകൾക്ക് ടോൾ ഒഴിവാക്കണമെന്നും കേരളം യോഗത്തിൽ ആവശ്യപ്പെട്ടു. ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനവും പുനഃപരിശോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. നിലവിലെ നിരോധനത്തിന് മതിയായ ശാസ്ത്രീയ പിൻബലമില്ലെന്നാണ് കേരളത്തിന്റെ നിലപാട്. ശാസ്ത്രീയ പഠനങ്ങൾ നടത്തി നിയന്ത്രണങ്ങളിൽ ആവശ്യമായ മാറ്റം വരുത്തണമെന്നും കേരളം ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
