ആലപ്പുഴ: എന്തൊക്കെ തട്ടിപ്പുകൾക്കാണ് ഈ കൊച്ചുകേരളം ഒരു ദിവസം സാക്ഷ്യം വഹിക്കുന്നത്. ദേ വരുന്നു നാസയിൽനിന്ന് ഇറിഡിയം വാങ്ങി നൽകാമെന്ന പേരിൽ തട്ടിപ്പ്.
സ്പെയ്സ് എക്സ് ഏജൻസിയോടു സാമ്യമുള്ള പേരും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പേരും ഉപയോഗിച്ചാണ് അമൂല്യ ലോഹമായ ഇറിഡിയം തട്ടിപ്പ്. ‘അൾട്രാ സ്പെയ്സ് എക്സ്’ എന്ന പേരിലുള്ള ഏജൻസി വഴി ഇറിഡിയം വാങ്ങി നൽകാമെന്നു പറഞ്ഞാണ് ഹരിപ്പാട്ടുകാരനിൽനിന്ന് പണം വാങ്ങിയത്. നാസയിൽനിന്ന് ഇറിഡിയം വാങ്ങി നൽകാമെന്നും ഇതു വിറ്റ് വൻതോതിൽ പണമുണ്ടാക്കാമെന്നും വാഗ്ദാനം ചെയ്തായിരുന്നു 75 ലക്ഷം രൂപ ഹരിപ്പാട് സ്വദേശിയിൽനിന്നു തട്ടിയത്. അമേരിക്കയിൽനിന്ന് ഇറിഡിയം നൽകുന്നതിനുള്ള നാസ അൾട്രാ എക്സ് ഏജൻസിയുടെ പേരിലുള്ള കത്ത്, ഇറിഡിയത്തിന്റെയും ഇതു തിരിച്ചറിയാനുള്ള ഉപകരണത്തിന്റെയും ചിത്രം എന്നിവ ഹരിപ്പാട് സ്വദേശിക്കു നൽകിയിരുന്നു. ഇദ്ദേഹം ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയതിനെത്തുടർന്ന് ഹരിപ്പാട് ഇൻസ്പെക്ടർ അന്വേഷണം തുടങ്ങി.
ഇറിഡിയം ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് പരിചയക്കാരനായ നാട്ടുകാരനാണ് ഹരിപ്പാട് സ്വദേശിയെ ആദ്യം സമീപിച്ചത്. ആദ്യം മടിച്ചെങ്കിലും നിരന്തര സമ്മർദം വന്നതോടെ സമ്മതിച്ചു. വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി ഇയാൾ ഇതേ ബിസിനസ് ചെയ്യുന്നവരെന്നു പറഞ്ഞ് കൊല്ലത്തെ പെട്രോൾ പമ്പുടമ, തിരുവനന്തപുരം ഊരൂട്ടമ്പലം സ്വദേശിനി എന്നിവരെ പരിചയപ്പെടുത്തി. തുടർന്ന് എട്ടു ലക്ഷം രൂപ കൊടുത്തു. പിന്നീട് പലതവണയായി ആകെ 48,20,000 രൂപ നൽകി.
പെട്രോൾ പമ്പുടമയ്ക്കു മറ്റു സാമ്പത്തിക ഇടപാടുകൾ ഉള്ളതിനാൽ ഊരൂട്ടമ്പലം സ്വദേശിനിയുടെ മകൻ, മകൾ, മരുമകൻ എന്നിവരാണ് ബിസിനസ് നടത്തുന്നതെന്നറിയിച്ചു. ഇത്രയും പണം കൊടുത്തിട്ടും ഇറിഡിയം കിട്ടാതായപ്പോൾ പരാതിക്കാരൻ പണം വാങ്ങിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ചെന്ന് ബഹളംവെച്ചു. നൽകിയ പണം നഷ്ടപ്പെട്ടെന്നും 25 ലക്ഷം രൂപ കൂടി നൽകിയാൽ മുഴുവൻ തുകയും 10 ദിവസത്തിനുള്ളിൽ തിരിച്ചു കിട്ടുമെന്നും തട്ടിപ്പുകാർ വിശ്വസിപ്പിച്ചു. കടം വാങ്ങി ഈ തുകയും നൽകി. പിന്നെയും ആവശ്യപ്പെട്ടപ്പോൾ പണമില്ലെന്നു പറഞ്ഞു. അപ്പോൾ ചെക്ക് മതിയെന്നായി. രണ്ടു ചെക്കുകൾ ഒപ്പിട്ടു നൽകി. ഒക്ടോബർ 20-നു പണം നൽകാമെന്നായിരുന്നു തട്ടിപ്പുകാരുടെ വാഗ്ദാനം.
20-നു ശേഷം പണം വാങ്ങിയവരുടെ വീടുകളിലെത്തി ബഹളംവെച്ചു. തുടർന്ന്, 18 ലക്ഷത്തിന്റെയും 10 ലക്ഷത്തിന്റെയും ചെക്കുകൾ കൊടുത്തെങ്കിലും പണമില്ലാത്തതിനാൽ മടങ്ങി. ഈ സംഘം ഓച്ചിറയിലും സമാനരീതിയിൽ തട്ടിപ്പു നടത്തിയതായി സംശയിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
