ഹൈക്കോടതി എറണാകുളത്തു നിന്ന് കളമശേരിയിലേക്ക്; 27 ഏക്കറിൽ ‘ജുഡീഷ്യൽ സിറ്റി’, അംഗീകാരം നൽകി മന്ത്രിസഭ

SEPTEMBER 24, 2025, 8:33 AM

എറണാകുളം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഹൈക്കോടതി ഇനി കളമശേരിയിലേക്ക്.കൊച്ചി കളമശ്ശേരിയിൽ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാൻ ഇന്നുചേർന്ന മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി.എച്ച്എംടിയുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം.പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിനും കേന്ദ്ര സഹായം ലഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി.

2023 ലെ മുഖ്യമന്ത്രി - ചീഫ് ജസ്റ്റിസ് വാർഷികയോഗത്തിൻ്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടർച്ചയായാണ് മന്ത്രിസഭാ തീരുമാനമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ‌ഹൈക്കോടതി ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യന്‍ തോമസ്, രാജ വിജയരാഘവന്‍, സതീഷ് നൈനാന്‍ എന്നിവരുടെ നേതൃത്വത്തില്‍ കളമശേരിയിലെ സ്ഥലം സന്ദര്‍ശിച്ച ശേഷം പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കിയിരുന്നു.

കേരള ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 27 ഏക്കർ ഭൂമിയിലായി 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിട സൗകര്യമുൾപ്പെടെ രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ള ജുഡീഷ്യല്‍ സിറ്റിയാണ് വിഭാവനം ചെയ്യുന്നത്. ഭരണഘടനയിലെ പ്രധാന തത്വങ്ങളായ തുല്യതക്കും, സ്വാതന്ത്ര്യത്തിനും, ജീവനുമുള്ള മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്ന 14, 19, 21 ആർട്ടിക്കിളുകൾ സങ്കൽപ്പിച്ച് മൂന്ന് ടവറുകളിലായി ജൂഡീഷ്യൽ സിറ്റി രൂപകൽപന ചെയ്തിരിക്കുന്നു. പ്രധാന ടവറിൽ 7 നിലകളും മറ്റ് രണ്ട് ടവറുകളിൽ 6 നിലകൾ വീതവും ഉണ്ടാകും. ചീഫ് ജസ്റ്റിസിൻ്റേതുൾപ്പെടെ 61 കോടതി ഹാളുകൾ, രജിസ്ട്രാർ ഓഫീസ്, ഓഡിറ്റോറിയം, വിവിധ കമ്മിറ്റികൾക്കുള്ള മുറികൾ, ഭരണ വിഭാഗത്തിനുള്ള സൗകര്യങ്ങൾ, ലൈബ്രറി ബ്ലോക്ക്, ആർബിട്രേഷൻ സെൻ്റർ, റിക്രൂട്ട്മെന്റ് സെൽ, ഐ.ടി വിഭാഗം, ഇൻഫർമേഷൻ സെൻ്റർ തുടങ്ങി അതിവിപുലമായ സൗകര്യങ്ങൾ ഉണ്ടാകും.ഇതിനു പുറമേ അഡ്വക്കേറ്റ് ജനറൽ ഓഫീസ്, അഭിഭാഷകരുടെ ചേംബറുകൾ, പാർക്കിംഗ് സൗകര്യം, മഴവെള്ള സംഭരണി എന്നിവയും രൂപകൽപന ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam