കൊച്ചി: വകുപ്പ് സെക്രട്ടറിമാരായ ഐഎഎസ് ഉദ്യോഗസ്ഥരെ തുടർച്ചയായി നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചതോടെ യുഡിഎഫ് സർക്കാരിന് ഭരണതലത്തിൽ പ്രതിസന്ധി. നടപടി ദൂഷ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിവിധ കേസുകളിൽ മുതിർന്ന ഉദ്യോഗസ്ഥരെ കോടതി വിളിച്ചുവരുത്തിയത്. കശുവണ്ടി കോർപ്പറേഷനുമായി ബന്ധപ്പെട്ട കേസിൽ രണ്ട് സെക്രട്ടറിമാരെ നേരത്തെ കോടതി വിളിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും കോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വന്നത്.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ എസ്. ശ്രീജിത്തിന് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകിയതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നടപടി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഐഎഎസിനോടാണ് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചത്.
എസ്. ശ്രീജിത്തിനെതിരായ പരാതിയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ടിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതി ഇടപെടൽ. മുൻകൂർ അനുമതിയില്ലാതെ കാഷ്വൽ ലീവ് എടുത്ത് എസ്. ശ്രീജിത്ത് ദുബൈയിലേക്ക് പോയെന്നും അവിടെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.
ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകുന്നതിൽ എന്താണ് ഇത്ര തിടുക്കമെന്ന് നേരത്തെ കോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്.
അതേസമയം, കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ഹൈക്കോടതി നേരത്തെ വിളിച്ചുവരുത്തിയിരുന്നു. വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു ഐഎഎസിനെയും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെയുമാണ് കോടതി വിളിച്ചുവരുത്തിയത്.
കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ കാലതാമസം ഉണ്ടായതിനെ തുടർന്നായിരുന്നു മുഹമ്മദ് ഹനീഷിനെ നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്. എന്നാൽ താൻ ചുമതല ഒഴിഞ്ഞിരുന്നുവെന്നാണ് അദ്ദേഹം കോടതിയെ അറിയിച്ചത്.
ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരനും മുൻ എംഡി കെ.എ. രതീഷിനുമെതിരെ വിചാരണ നടത്താൻ പ്രോസിക്യൂഷൻ അനുമതി നൽകണമെന്ന ഹൈക്കോടതി ഉത്തരവ് തുടർച്ചയായി പാലിക്കാത്തതിനെ തുടർന്നാണ് കോടതിയുടെ ഇടപെടലുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
