തൃശൂര്‍: മന്ത്രി എ.പി അനില്‍ കുമാറിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശനും മറ്റ് മന്ത്രിമാരും ചേര്‍ന്ന് ഗുരുതരമായ നിയമലംഘനം നടത്തിയെന്ന് പരാതി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണനാണ് ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
ഞായറാഴ്ചകളില്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിഐപി ദര്‍ശന വിലക്കും ഹൈക്കോടതിയുടെ വീഡിയോ ചിത്രീകരണ നിരോധനവും മുഖ്യമന്ത്രിയും ജനപ്രതിനിധികളും പരസ്യമായി ലംഘിച്ചുവെന്നാണ് പരാതിയിലെ ആരോപണം. ഞായറാഴ്ചകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ വിഐപി ദര്‍ശനത്തിന് ക്ഷേത്രത്തില്‍ കര്‍ശന നിരോധനമുണ്ട്. എന്നാല്‍ ഇത് കാറ്റില്‍പ്പറത്തിക്കൊണ്ട് രാവിലെ 7.30 മുതല്‍ 9.30 വരെയുള്ള സമയത്ത് നെയ്യ് വിളക്ക് രസീത് പോലും എടുക്കാതെ മുഖ്യമന്ത്രി വി.ഡി സതീശനും അനുയായികള്‍ക്കും വിഐപി ദര്‍ശനം അനുവദിച്ചതായാണ് പ്രധാന ആക്ഷേപം.
കൂടാതെ ക്ഷേത്ര പരിസരത്തും മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തിന് സമീപവും വീഡിയോ ചിത്രീകരണം നടത്തുന്നത് ഹൈക്കോടതി നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം ലംഘിച്ചുകൊണ്ട് ഹൈബി ഈഡന്‍ എംപി അടക്കമുള്ളവര്‍ ക്ഷേത്രത്തിനകത്തും പരിസരത്തും ദൃശ്യങ്ങള്‍ ചിത്രീകരിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
നിയമം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ഭരണാധികാരികളും ജനപ്രതിനിധികളും തന്നെ അത് പരസ്യമായി ലംഘിക്കുന്നത് അങ്ങേയറ്റം ഗൗരവകരമാണെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. നിയമലംഘനം തെളിയിക്കുന്ന വ്യക്തമായ ദൃശ്യങ്ങളും തെളിവുകളും തന്റെ പക്കലുണ്ടെന്നും, കുറ്റക്കാര്‍ക്കെതിരെ അധികൃതര്‍ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ തയ്യാറാകാത്ത പക്ഷം ക്ഷേത്രം അഡ്മിനിസ്ട്രേറ്ററെ എതിര്‍കക്ഷിയാക്കി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
