കോഴിക്കോട്: കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഡി.ആർ. മേഘശ്രീയുടെ അധ്യക്ഷതയിലുള്ള ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് ഉത്തരവ് പുറത്തിറക്കിയത്.
ദേശീയപാത 766-ലെ താമരശ്ശേരി ചുരത്തിലൂടെ വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങൾ, ഹെവി ഗുഡ്സ് വാഹനങ്ങൾ, ആർട്ടിക്കുലേറ്റഡ് ലോറികൾ എന്നിവയുടെ യാത്രയ്ക്ക് രാവിലെ 6 മണി മുതൽ രാത്രി 8 മണിവരെ വിലക്ക് ഏർപ്പെടുത്തി. മഴക്കാലം അവസാനിക്കുന്നതുവരെയോ പുതിയ ഉത്തരവ് വരുന്നതുവരെയോ നിയന്ത്രണം തുടരും.
അതേസമയം, കെഎസ്ആർടിസി ബസുകൾ, സ്വകാര്യ കാറുകൾ, ജീപ്പുകൾ, ടാക്സികൾ ഉൾപ്പെടുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾ, ആംബുലൻസുകൾ, ആരോഗ്യ അടിയന്തര സേവന വാഹനങ്ങൾ, പൊലീസ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, ദുരന്തനിവാരണ സേന, സൈന്യം, അർധസൈനിക വിഭാഗങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല.
ചുരത്തിലെ നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ സാഹചര്യങ്ങൾ വിലയിരുത്തി നിയന്ത്രണങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
